വൈറ്റ് ഹൗസിലേക്ക് കുട്ടിയുടെ അപ്രതീക്ഷിത പ്രവേശനം

വാഷിങ്ടൻ ∙ വൈറ്റ് ഹൗസിന്റെ സുരക്ഷാക്രമങ്ങൾ അതീവ കര്‍ശനമാണെന്നറിയാം. എന്നാൽ, ഈ കൃത്യമായ പ്രതിരോധനിര തടസ്സമാവാതെ ഒരു കൊച്ചു അതിഥി അകത്തേക്ക് കടന്ന സംഭവമാണ് മാർച്ച് 26 ന് നടന്നത്. വേലിയ്ക്കിടയിലൂടെ തെന്നിപ്പോയ കുട്ടിയെ വൈറ്റ് ഹൗസ് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കണ്ടെത്തി, അമ്മയുടെ കരുതലിലേക്ക് സുരക്ഷിതമായി കൈമാറി.
വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിലാണ് കുട്ടിയെ സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സംഭവ വിവരം സീക്രട്ട് സർവീസ് കമ്യൂണിക്കേഷൻസ് മേധാവി ആന്റണി ഗുഗ്ലിയേൽമി സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചു. ഇതിന്റെ വിഡിയോയും മറ്റു ചിലർ പ്രചരിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ വേഗത്തിൽ ഇടപെട്ടതിന്റെ ഫലമായി കുട്ടിയെ സുരക്ഷിതമായി രക്ഷിതാക്കൾക്ക് കൈമാറാൻ സാധിച്ചു.
ഇത്തവണ മാത്രം അല്ല വൈറ്റ് ഹൗസിലേക്ക് ഇത്തരം അതിഥികൾ എത്തുന്നത്. 2023-ലും സമാനമായ ഒരു സംഭവം നടന്നിരുന്നു. ഇപ്പോഴത്തെ വൈറ്റ് ഹൗസ് വേലി 6 അടി 6 ഇഞ്ച് ഉയരമുള്ളതാണെങ്കിലും, അതിനുപകരം 13 അടി ഉയരമുള്ള, കൂടുതൽ വീതിയേറിയ പോസ്റ്റുകൾ ഉള്ള പുതിയ വേലി സ്ഥാപിക്കുമെന്നു നാഷനൽ പാർക്ക് സർവീസ് വെബ്‌സൈറ്റ് വ്യക്തമാക്കുന്നു.




