
ഹൂസ്റ്റൺ : ഹൂസ്റ്റൺ ഇന്ത്യൻ ക്രിസ്ത്യൻ എക്യൂമെനിക്കൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ നടന്ന “ഐസിഇസിഎച്ച് ക്രിക്കറ്റ് ടൂർണമെന്റ് 2025” ഏപ്രിൽ 5-ന് സ്റ്റാഫോർഡ് സിറ്റി സ്റ്റേഡിയത്തിൽ വച്ച് ഉജ്ജ്വലമായി ആരംഭിച്ചു. സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യുവാണ് ഉദ്ഘാടനച്ചടങ്ങ് നിർവഹിച്ചത്. ഫോർട്ട് ബെൻഡ് കൗണ്ടിയിലെ ജഡ്ജ് സുരേന്ദ്രൻ കെ. പട്ടേൽ മുഖ്യാതിഥിയായിരുന്നു.
ഐസിഇസിഎച്ച് പ്രസിഡന്റ് റവ. ഫാ. ഡോ. ഐസക്ക് ബി. പ്രകാശ് ടീമുകൾക്ക് ആശംസകൾ നേർന്നു. ടൂർണമെന്റിന്റെ നടത്തിപ്പിൽ റവ. ജീവൻ ജോൺ (സ്പോർട്സ് കൺവീനർ), ഷാജൻ ജോർജ് (സെക്രട്ടറി), രാജൻ അങ്ങാടിയിൽ (ട്രഷറർ), നൈനാൻ വീട്ടീനാൽ (വോളന്റിയർ ക്യാപ്റ്റൻ), ബിജു ചാലക്കൽ, അനിൽ വർഗീസ് (ക്രിക്കറ്റ് കോർഡിനേറ്റർമാർ), ജോൺസൻ ഉമ്മൻ (പി.ആർ.ഒ), ജോർജ് ജോസഫ് (മെഗാ സ്പോൺസർ) എന്നിവരും പങ്കെടുത്തു.
ഹ്യൂസ്റ്റണിലെ 10 ഇടവകകളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കുന്ന ടൂർണമെന്റ് സൗഹൃദത്തിന്റെയും ഐക്യത്തിന്റെയും നല്ല ഉദാഹരണമായി മാറുന്നു. ടൂർണമെന്റിന്റെ മുഖ്യ സ്പോൺസർ മാസ്സ് മ്യൂച്വൽ ഗ്രേറ്റർ ഹ്യൂസ്റ്റൺ ആണു. ഗ്രാൻഡ് സ്പോൺസർമാരായി അബാക്കസ് ട്രാവൽസ്, റിയാലിറ്റി അസോസിയേറ്റ്സ്, ആൻസ് ഗ്രോസറിസ് (സ്റ്റാഫോർഡ് & മിസ്സോറി സിറ്റി) എന്നിവർ പിന്തുണ നൽകി.
ആദ്യ ദിവസത്തെ മത്സരങ്ങളിൽ വലിയ ആവേശം ഉണ്ടായിരുന്നു. ആദ്യ മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ചർച്ച് 88 റൺസിന് പുറത്തായപ്പോൾ, സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ ചർച്ച് 89 റൺസ് നേടി വിജയിച്ചു. രണ്ടാം മത്സരത്തിൽ സെന്റ് മേരീസ് ക്നാനായ ടീം 92 റൺസ് നേടി ഇമ്മാനുവേൽ മാർത്തോമാ ചർച്ച് (91 റൺസ്) ടീമിനെ ഒരു റൺസിനുതന്നെ പരാജയപ്പെടുത്തി.
ടൂർണമെന്റ് ക്രിസ്ത്യൻ സമൂഹത്തിൽ ഐക്യവും സ്നേഹവും വളർത്തുന്ന ഒരു നല്ല അവസരമായി മാറിയിരിക്കുകയാണ്.