സ്വര്‍ണവിലയില്‍ കുതിപ്പ് തുടരുന്നു; പവന് 69,960 രൂപ

തിരുവനന്തപുരം ∙ സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയരുന്നു. വെള്ളിയാഴ്ച പവന് 1,480 രൂപയുടെ വര്‍ധനയുമായി വില 69,960 രൂപയിലെത്തി. കഴിഞ്ഞ ദിവസമുണ്ടായ 2,160 രൂപയുടെ വര്‍ധനയെത്തുടര്‍ന്ന് മൂന്നു ദിവസത്തിനിടയില്‍ പവന് വിലയില്‍ ഉണ്ടായ വര്‍ധന 4,160 രൂപയാകുന്നു. ഗ്രാമിന് നിലവില്‍ 8,745 രൂപയാണ് വില.
ലോകവ്യാപാര രംഗത്തെ യുഎസ് – ചൈന സംഘര്‍ഷമാണ് ഈ കുതിപ്പിന് പിന്നിലുള്ളത്. ചൈനയുടെ ഉത്പന്നങ്ങളിലെ ഇറക്കുമതിതിരുവ ട്രംപ് ഭരണകൂടം 125 ശതമാനമാക്കി ഉയര്‍ത്തിയതോടെയാണ് സ്വര്‍ണവിലയില്‍ വന്‍ ചലനമുണ്ടായത്. മറ്റ് രാജ്യങ്ങളിലെ ഉത്പന്നങ്ങളിലേയ്ക്കുള്ള താരിഫ് താത്കാലികമായി 90 ദിവസത്തേക്ക് നിര്‍ത്തിവച്ചെങ്കിലും, ചൈനയോടുള്ള കഠിന നിലപാട് നിലനിര്‍ത്തുകയായിരുന്നു.
ചൈനയിലേക്കുള്ള കനത്ത താരിഫ് വര്‍ധനയാണ് സ്വര്‍ണത്തിന് അപ്രതീക്ഷിതമായ ഡിമാന്‍ഡ് വര്‍ധിപ്പിച്ചത്. പ്രതിസന്ധി സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപം തിരഞ്ഞെടുക്കാനുള്ള നിക്ഷേപകരുടെ നീക്കവും സ്വര്‍ണവില കയറ്റത്തിന് കാരണമായി.
ട്രംപിന്റെ നയങ്ങള്‍ യുഎസ് കടപ്പത്ര വിപണിയെ ബാധിച്ചതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞു. അന്താരാഷ്ട്ര വിപണിയില്‍ സ്പോട്ട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് ആദ്യമായി 3,200 ഡോളറിലെത്തി. ഇന്ത്യയിലെ എംസിഎക്‌സ് കമ്മോഡിറ്റി വിപണിയില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണം 1,485 രൂപ ഉയര്‍ന്ന് 93,518 രൂപയായി.
സ്വര്‍ണവിലയില്‍ വരുന്ന ദിവസങ്ങളിലും ഇതേ കുതിപ്പ് തുടരാമെന്ന പ്രതീക്ഷയിലാണ് വ്യാപാര രംഗം.