ഫുജൈറയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്‍ഡിഗോയുടെ നേരിട്ടുള്ള വിമാന സര്‍വീസ്: പ്രവാസികള്‍ക്ക് വലിയ ആശ്വാസം

യുഎഇ : യുഎഇയിലെ ഫുജൈറയില്‍ നിന്നും ഇന്ത്യയിലേക്ക് ഇന്‍ഡിഗോ എയര്‍ലൈന്‍സ് പുതിയ നേരിട്ടുള്ള വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നു. മെയ് 15 മുതലാണ് ഫുജൈറയില്‍ നിന്നും കണ്ണൂരിലേക്കും മുംബൈയിലേക്കുമുള്ള സര്‍വീസുകള്‍ ഔദ്യോഗികമായി ആരംഭിക്കുക. മെയ് 16 മുതല്‍ ഈ റൂട്ടുകളില്‍ പ്രതിദിന സര്‍വീസുകളാണ് ഇന്‍ഡിഗോ നടത്തുക.
സര്‍വീസ് ആരംഭിക്കുന്ന ആദ്യ ആഴ്ചയില്‍ ഫുജൈറയില്‍ നിന്ന് കണ്ണൂരിലേക്ക് യാത്രചെയ്യുന്നവര്‍ക്ക് 400 ദിര്‍ഹവും മുംബൈയിലേക്കുള്ള യാത്രക്കാര്‍ക്ക് 335 ദിര്‍ഹവുമാണ് പ്രാരംഭ ടിക്കറ്റ് നിരക്ക്. മെയ് 22 മുതല്‍ കണ്ണൂര്‍ റൂട്ടിലെ നിരക്ക് 615 ദിര്‍ഹമായി ഉയരും.
മുംബൈയില്‍ നിന്നും പുറപ്പെടുന്ന ആദ്യ വിമാനം രാവിലെ 8.10ന് പറന്നുയർന്ന് 9.30ന് ഫുജൈറയില്‍ എത്തും. തിരിച്ച് 10.30ന് ഫുജൈറയില്‍ നിന്നും പുറപ്പെട്ട് 2.55ന് മുംബൈയില്‍ എത്തും. കണ്ണൂരില്‍ നിന്നും ഫുജൈറയിലേക്കുള്ള ആദ്യ സര്‍വീസ് രാത്രി 8.55ന് പുറപ്പെടും, അത് രാത്രി 11.25ന് ഫുജൈറയില്‍ എത്തും. തിരിച്ചുള്ള വിമാനം പുലര്‍ച്ചെ 3.40ന് ഫുജൈറയില്‍ നിന്നും പുറപ്പെടും, കണ്ണൂരില്‍ എത്തുക രാവിലെ 9 മണിക്ക്.
ദുബൈ, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ നിന്നും ഫുജൈറ വിമാനത്താവളത്തിലേക്കുള്ള സൗജന്യ ബസ് സര്‍വീസും ഇന്‍ഡിഗോ ഒരുക്കിയിട്ടുണ്ട്. കൂടാതെ യാത്രക്കാര്‍ക്ക് ഡ്യൂട്ടി ഫ്രീ ഉല്‍പ്പന്നങ്ങളുടെ നിരക്കില്‍ ഇളവുകളും ലഭ്യമാകും.
ഫുജൈറയില്‍ വിമാന സര്‍വീസുകള്‍ തുടങ്ങുന്നതോടെ, അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമയുടെ പിന്നാലെ യുഎഇയിലെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാന സേവനങ്ങള്‍ക്ക് വാതില്‍ തുറന്ന് ഫുജൈറ മാറുന്നു. ഇന്ത്യയിലേക്ക് അവധിക്കാല യാത്രയ്ക്കുള്ള പ്രയാസവും ടിക്കറ്റ് നിരക്കിന്റെ ഭാരം വഹിക്കുന്നതിലും നിന്ന് പ്രവാസികള്‍ക്ക് വലിയൊരു ആശ്വാസമായാണ് ഈ പുതിയ വികസനം വിലയിരുത്തപ്പെടുന്നത്.