
ന്യൂഡല്‍ഹി: ലോകം വ്യാപകമായി വ്യാപാരതീര്‍ഥങ്ങളുടെയും തീവ്ര രാഷ്ട്രീയ നീക്കങ്ങളുടെയും പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങള്‍ നിലപാടുകള്‍ കടുപ്പിച്ചുകൊണ്ടിരിക്കെ, ഇന്ത്യയിലേക്കുള്ള ഒരു മനോഹര സന്ദേശവുമായി ചൈന മുന്നോട്ടുവന്നിരിക്കുകയാണ്. ഈ വര്‍ഷം ജനുവരി 1 മുതല്‍ ഏപ്രില്‍ 9 വരെയുള്ള കാലയളവില്‍, ഇന്ത്യയിലെ ചൈനീസ് എംബസിയും കോണ്‍സുലേറ്റുകളും ചേര്‍ന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് 85,000 ത്തിലധികം വീസകള്‍ അനുവദിച്ചു.
ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം പുതിയ തലത്തിലേക്ക് ഉയരുന്നതിന്റെ സൂചനയായി വിലയിരുത്തപ്പെടുന്നു. ചൈന സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ കൂടുതല്‍ സൌകര്യങ്ങളോടെയും സന്നദ്ധതയോടെയും സ്വാഗതം ചെയ്യുകയാണ് ചൈനീസ് ഭരണകൂടം.
ഇപ്പോള്‍ മുന്‍കൂര്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാതെ തന്നെ പ്രവൃത്തി ദിവസങ്ങളില്‍ നേരിട്ട് വീസ സെന്ററുകളില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ഹ്രസ്വകാല യാത്രക്കാര്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍ നല്‍കേണ്ടതിKല്ല എന്ന ഇളവും അപേക്ഷയുടെ പ്രോസസ്സിംഗ് സമയം വേഗത്തിലാക്കുന്നതില്‍ സഹായകമാവുന്നു.
വീസ ഫീസിലും ചെറിയ ഇളവുകള്‍ വരുത്തിയതോടെ, ഇപ്പോള്‍ ഇന്ത്യക്കാര്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ ചൈനീസ് വീസ ലഭ്യമാകുന്നു. വിനോദസഞ്ചാരത്തിനും ബിസിനസ് യാത്രകള്‍ക്കും ഒരുപോലെ ഗുണകരമായ ഈ തീരുമാനം, ഇന്ത്യ-ചൈന ബന്ധത്തില്‍ പുതിയ ഊര്‍ജ്ജം നിറയ്ക്കുമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ചൈനീസ് അംബാസഡര്‍ സൂ ഫെയ്ഹോങ്ങ് ഒരു എക്‌സ് പോസ്റ്റിലൂടെ ഈ വിവരം പങ്കുവെച്ചുകൊണ്ട്, ഇന്ത്യയുടെ സുഹൃത്തുക്കളെ ചൈന സന്ദര്‍ശിക്കാന്‍ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു. “സുരക്ഷിതവും ഊര്‍ജ്ജസ്വലവും സൗഹൃദപരവുമായ ചൈനയെ അനുഭവിക്കൂ” എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.