
ന്യൂയോർക്ക്: എൻ. എസ്.എസ്. ഓഫ് ഹഡ്സൺവാലിയുടെ വിഷു ആഘോഷം ഏപ്രിൽ 13 ഞായറാഴ്ച രാവിലെ 11 മണി മുതൽ 4 മണി വരെ ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റെസ്റ്റോറന്റിൽ വെച്ച് പ്രൗഢഗംഭീരമായി ആഘോഷിച്ചു.

ഗൃഹാതുരത്വമുണർത്തുന്ന വിഷുക്കണിയോടെ വിഷു ആഘോഷത്തിനു തുടക്കം കുറിച്ചു. സീനിയർ മെമ്പർ ഡോ.പി.ജി. നായർ എല്ലാവർക്കും വിഷുക്കൈനീട്ടം നൽകി. ട്രഷറർ കൃഷ്ണകുമാർ പ്രാർത്ഥനാഗാനം ആലപിച്ചു. പ്രഥമ വനിത ജഗദമ്മ നായർ, പ്രസിഡന്റ് ജി.കെ. നായർ, സെക്രട്ടറി പത്മാവതി നായർ, ട്രഷറർ കൃഷ്ണകുമാര്‍, വിശിഷ്ടാതിഥി ഡോ.പി.ജി. നായർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ചു.

സെക്രട്ടറി കാര്യപരിപാടികൾ വിശദീകരിക്കുകയും സ്വാഗതം ആശംസിക്കുകയും ചെയ്തു. പ്രസിഡന്റ് ജി.കെ. നായർ സംഘടനയുടെ വിവിധങ്ങളായ പ്രവർത്തനങ്ങളെക്കുറിച്ചും, സ്കോളർഷിപ്പ് വിതരണം, വയനാട് ദുരന്ത നിവാരണ സഹായം, താങ്ക്സ് ഗിവിംഗിനോടും ദീപാവലിയോടും അനുബന്ധിച്ചു നടത്തുന്ന “ഫുഡ് ഡ്രൈവ്” എന്നിവയുടെ ശ്ലാഘനീയമായ പ്രവർത്തനങ്ങളെക്കുറിച്ചും വിശദീകരിച്ചുകൊണ്ട് വിഷു ആശംസകൾ നേർന്നു.

കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക (കെ എച്ച് എന്‍ എ) ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ ഗോപിനാഥക്കുറുപ്പ് വിഷു സന്ദേശം നൽകി. അമേരിക്കയിലും വേലിപ്പടർപ്പുകളിൽ കർണികാരം പൂത്തുലഞ്ഞതു പോലുള്ള മഞ്ഞപ്പൂക്കൾ പ്രപഞ്ചത്തിലാകമാനം വരുന്ന മാറ്റങ്ങളുടെയും വിഷുവിന്റെയും ആമോദം ആഗോളതലത്തിൽ “ലോകാഃ സമസ്താഃ സുഖിനോ ഭവന്തു” എന്ന സമഭാവനയുടെ തുടക്കമാവട്ടെയെന്ന് ആശംസിച്ചു. ഡോ. പി.ജി. നായർ, മന്ത്ര നിയുക്ത പ്രസിഡന്റ് കൃഷ്ണരാജ് മോഹൻ, എൻ.ബി.എ. മുൻ പ്രസിഡന്റ് അപ്പുക്കുട്ടൻ നായർ എന്നിവർ വിഷു ആശംസകൾ നേർന്ന് സംസാരിച്ചു.
ജയകുമാർ-രജനി ദമ്പതികളുടെ മക്കള്‍ ദേവ് നായരും ധീരജ് നായരും മധുരമനോജ്ഞമായി വിഷുഗീതങ്ങൾ ആലപിച്ചു. മുരളീധര പണിക്കർ വിഷുവിന്റെ ഗതകാല സ്മരണകൾ ഉണർത്തുന്ന ആകർഷകമായ ഗാനം ആലപിച്ചു. തുടർന്ന് ജനുവരി മുതൽ മാർച്ചു വരെ ജന്മനക്ഷത്രം വരുന്ന അംഗങ്ങളുടെയും കുട്ടികളുടെയും ബർത്ത് ഡേ കേക്കു മുറിച്ച് ആഘോഷിച്ചു. അതിൽ സീനിയർ മെമ്പറായ ഡോ. പി.ജി.നായരും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനുവേണ്ടി അംഗങ്ങൾ പ്രത്യേക ആശീർവാദവും പ്രാർത്ഥനാഗാനങ്ങളും കൊണ്ട് ഒരു കുടുംബാന്തരീക്ഷം സൃഷ്ടിച്ചു.
സിത്താർ പാലസ് പ്രത്യേകം തയ്യാറാക്കിയ സ്വാദിഷ്ടമായ വിഷു സദ്യയോടെയും വിവിധ കലാപരിപാടികളോടെയും വിഷു ആഘോഷം വർണ്ണപ്പൊലിമയോടെ സമാപിച്ചു. സെക്രട്ടറി പത്മാവതി നായർ നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ഈ കൂട്ടായ്മയുടെ ആനുകാലിക പ്രസക്തിയും അതുകൊണ്ട് ഭാവിതലമുറയ്ക്ക് പകർന്നു നൽകുന്ന സാംസ്കാരിക പാരമ്പര്യവും കുട്ടികൾ കാണിക്കുന്ന ഔത്സുക്യത്തെയും പ്രശംസിച്ചു.
റിപ്പോര്‍ട്ട്: ജയപ്രകാശ് നായർ