ഓര്‍ലാണ്ടോ വിമാനത്താവളത്തില്‍ ഡെല്‍റ്റ വിമാനത്തിന് തീപിടുത്തം: 282 യാത്രക്കാര്‍ സുരക്ഷിതമായി ഒഴിപ്പിച്ചു

ഒര്‍ലാണ്ടോ : ഒര്‍ലാണ്ടോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പറന്നുയരാന്‍ തയ്യാറെടുക്കവെ ഡെല്‍റ്റ എയര്‍ലൈന്‍സിന്റെ എയര്‍ബസ് A330 വിമാനത്തിന് എഞ്ചിനില്‍ തീപിടുത്തം ഉണ്ടായത് യാത്രക്കാരെ ഭയപ്പെടുത്തുകയുണ്ടാക്കി. സംഭവ സമയത്ത് വിമാനത്തില്‍ 282 യാത്രക്കാരോടൊപ്പം പത്ത് ഫ്‌ളൈറ്റ് അറ്റന്‍ഡന്റുമാരും രണ്ട് പൈലറ്റുമാരും ഉണ്ടായിരുന്നുവെന്ന് ഡെല്‍റ്റ അധികൃതര്‍ അറിയിച്ചു.
തിങ്കളാഴ്ച രാവിലെ 11:15ഓടെ, ജോര്‍ജിയയിലെ ഹാര്‍ട്ട്‌സ്ഫീല്‍ഡ്-ജാക്‌സണ്‍ അറ്റ്‌ലാന്റ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പോകാനിരുന്ന ഫ്‌ളൈറ്റ് 1213 ഗേറ്റില്‍ നിന്ന് നീങ്ങുന്നതിനിടയിലാണ് എഞ്ചിനില്‍ നിന്ന് തീ ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഉടന്‍ തന്നെ സുരക്ഷാ നടപടി സ്വീകരിച്ച് എല്ലാ യാത്രക്കാരെയും സുരക്ഷിതമായി പുറത്ത് കൊണ്ടുവന്നു.
ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനും, വിമാനത്താവളത്തിലെ അടിയന്തര സേവനങ്ങളും സംഭവസ്ഥലത്ത് ഉടന്‍ എത്തി സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. തീപിടുത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണമാരംഭിച്ചിരിക്കുകയാണ്. വിമാന ജീവനക്കാരുടെ ത്വരിതമായ ഇടപെടലിലൂടെ വലിയൊരു അപകടം ഒഴിവാകാന്‍ കഴിഞ്ഞത് ആശ്വാസകരമാണ്.