പാക് സൈനിക മേധാവിയെ ഒസാമയുമായി ഉപമിച്ച് മുന്‍ അമേരിക്കന്‍ ഉദ്യോഗസ്ഥന്‍.

“മുനീര്‍ കൊട്ടാരത്തില്‍, ബിന്‍ ലാദന്‍ ഗുഹയില്‍ – ഇത്രയും മാത്രമാണ് വ്യത്യാസം”
ന്യൂഡല്‍ഹി ∙ പാകിസ്ഥാന്റെ സൈനിക മേധാവി അസിം മുനീറിനെ അല്‍-ഖ്വയ്ദ മുന്‍ തലവന്‍ ഒസാമ ബിന്‍ ലാദനോട് ഉപമിച്ച് തീവ്രവാദ വിരുദ്ധ വിമര്‍ശനവുമായി മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കിള്‍ റൂബിന്‍. പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് കുറ്റപ്പെടുത്തിയാണ് റൂബിന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയത്.
അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ സീനിയര്‍ ഫെലോയായ റൂബിന്‍, “മുനീറും ബിന്‍ ലാദനും തമ്മിലുള്ള വ്യത്യാസം ഒറ്റയൊന്നാണ് – മുനീര്‍ ഒരു കൊട്ടാരത്തിലാണ് താമസിക്കുന്നത്, ബിന്‍ ലാദന്‍ ഗുഹയില്‍ ആയിരുന്നു” എന്നായിരുന്നു രൂക്ഷമായ പരാമര്‍ശം.
ഭീകരാക്രമണത്തില്‍ 26 പേരുടെ ജീവനെടുത്ത സംഭവത്തിനൊടുവിലാണ് രൂബിന്‍ ഈ പരാമര്‍ശം നടത്തിയത്. “പഹല്‍ഗാം ആക്രമണത്തോട് അമേരിക്ക സ്വീകരിക്കേണ്ട ഏകയോഗ്യമായ പ്രതികരണം പാകിസ്ഥാനെ ഭീകരതയുടെ രാജ്യമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുകയും, അസിം മുനീറിനെ തീവ്രവാദിയായി പ്രഖ്യാപിക്കുകയും ചെയ്യുക തന്നെയാണ്,” എന്നും റൂബിന്‍ പറഞ്ഞു.
ഇതോടൊപ്പം, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യ സന്ദര്‍ശിച്ച സമയത്ത് ഉണ്ടായ ഭീകരാക്രമണം ഓര്‍മ്മിപ്പിച്ച്, ഇന്ത്യ സന്ദര്‍ശനത്തിനായി ഉപാധ്യക്ഷന്‍ ജെ.ഡി. വാന്‍സ് എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ നീക്കം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.