പാക്കിസ്ഥാന്‍ പ്രകോപനം വര്‍ദ്ധിപ്പിക്കുന്നു; ‘ഫത്ത’ മിസൈല്‍ ഉപയോഗിച്ച് ജനവാസ മേഖലയില്‍ ആക്രമണം

ന്യൂഡല്‍ഹി: ഇന്ത്യയ്ക്ക് നേരെ പാക്കിസ്ഥാന്‍ ‘ഫത്ത’ മിസൈല്‍ പ്രയോഗിച്ചതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ അതിര്‍ത്തിയിലുടനീളം പ്രകോപനപരമായ നീക്കങ്ങളാണ് പാകിസ്താന്‍ തുടരുന്നത്. ഡ്രോണുകളും ദീര്‍ഘദൂര ആയുധങ്ങളും യുദ്ധവിമാനങ്ങളും ഉപയോഗിച്ചാണ് ആക്രമണ ശ്രമങ്ങള്‍ നടന്നത്.
ജനവാസ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങളിലും സൈനിക താവളങ്ങളിലും ലക്ഷ്യമിട്ടാണ് ആക്രമണം നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും, കേണല്‍ സോഫിയ ഖുറേഷിയും, വിങ് കമാന്‍ഡര്‍ വ്യോമിക സിങും പറഞ്ഞു. ശ്രീനഗര്‍ മുതല്‍ നലിയ വരെ വ്യാപിച്ച 26 സ്ഥലങ്ങളില്‍ പാക്കിസ്ഥാന്റെ ഡ്രോണ്‍ ആക്രമണശ്രമങ്ങള്‍ ഇന്ത്യന്‍ സൈന്യം വിജയകരമായി പ്രതിരോധിച്ചു.
എങ്കിലും ഉധംപൂര്‍, പഠാന്‍കോട്ട്, ആദംപൂര്‍, ഭുജ് എന്നിവിടങ്ങളിലെ വ്യോമതാവളങ്ങളില്‍ ചില നാശനഷ്ടങ്ങള്‍ സംഭവിക്കുകയും, കുറച്ച് സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ത്യയുടെ സുരക്ഷാ സംവിധാനങ്ങള്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ സിവിലിയന്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അതിര്‍ത്തിയില്‍ നിലനില്‍ക്കുന്ന ഭീഷണികള്‍ക്ക് മറുപടി നല്‍കുന്നതിനും ആഭ്യന്തര വകുപ്പും സംയുക്ത സൈനികകമാന്‍ഡും ശക്തമായ നടപടികള്‍ തുടരുകയാണ്.