പാക് ഡ്രോണാക്രമണത്തിന് ഇന്ത്യയുടെ കനത്ത തിരിച്ചടി: ലോഞ്ച് പാഡുകൾ നശിപ്പിച്ചു

ന്യൂഡൽഹി: ഇന്ത്യക്കെതിരായ ഡ്രോണാക്രമണ ശ്രമങ്ങൾക്ക് തിരിച്ചടിയായി പാക്കിസ്ഥാൻ ഉപയോഗിച്ചിരുന്ന ലോഞ്ച് പാഡുകൾ ഇന്ത്യൻ കരസേന നശിപ്പിച്ചതിന്റെ ദൃശ്യങ്ങൾ പുറത്ത് വിട്ടു. മേയ് 8, 9 തീയതികളിൽ രാത്രിയാണ് പാക്കിസ്ഥാനിൽ നിന്നുള്ള ഡ്രോണുകൾ നിയന്ത്രണ രേഖയ്ക്ക് സമീപം ജമ്മു കശ്മീരിലും പഞ്ചാബിലും കടന്ന് വരാനുള്ള ശ്രമം നടത്തിയത്. ഇതിന് പിന്നാലെയാണ് ഇന്ത്യൻ കരസേനയുടെ കൃത്യമായ മറുപടി.
ഇന്ത്യയുടെ സുരക്ഷയ്ക്ക് ഭീഷണിയായിരുന്ന ലോഞ്ച് പാഡുകൾക്കു നേരെ ആസൂത്രിതമായി വെടിവെയ്ക്കുകയും അവ പൂർണ്ണമായി തകർക്കുകയും ചെയ്തു. ആക്രമണങ്ങൾക്കായി ഉപയോഗിച്ചിരുന്ന സ്ഥലങ്ങൾ ചാരമാക്കിയതായി കരസേന അറിയിച്ചു. ഇന്ത്യയിലെ സാധാരണക്കാർക്കും സൈനികർക്കുമെതിരെ ആക്രമണം നടപ്പാക്കാൻ പാകിസ്താൻ ശ്രമിച്ചതായി സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ, കരസേനയുടെ നടപടി ഏറ്റവും ശക്തമായ മുന്നറിയിപ്പായിത്തന്നെയാണ് വിലയിരുത്തുന്നത്.
ഏതു സാഹചര്യത്തെയും നേരിടാൻ സജ്ജമാണെന്നു കരസേനയും അറിയിച്ചു. രാജ്യസുരക്ഷയിൽ ഒരു ഇളവും അനുവദിക്കില്ലെന്ന ഇന്ത്യയുടെ ഉറച്ച നിലപാടിന്റെ പ്രകടനമാണ് ഈ ദൃശ്യങ്ങൾ എന്നും കരസേന വ്യക്തമാക്കി.