അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇന്ത്യ പ്രസ് ക്ലബ് അന്താരാഷ്ട്ര മാധ്യമ സമ്മേളനത്തിന്റെ ഇവന്റ് പാർട്ണർ

ന്യൂജേഴ്‌സി എഡിസൺ : ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പതിനൊന്നാമത് അന്താരാഷ്ട്ര മാധ്യമസമ്മേളനത്തിന് അന്ന കിറ്റെക്സ് ഗ്രൂപ്പ് ഇവന്റ് പാർട്ണറായി. ഒക്ടോബർ 9, 10, 11 തീയതികളിൽ എഡിസൺ ഷെറാട്ടൺ ഹോട്ടലിൽ വച്ച് നടക്കുന്ന ഈ വൻ സമ്മേളനത്തിൽ അന്ന കിറ്റെക്സ് ഗ്രൂപ്പ് സി.എം.ഡി ബോബി എം. ജേക്കബ് വിശിഷ്ടാതിഥിയായി പങ്കെടുക്കും.
1968-ൽ എം.സി. ജേക്കബ് സ്ഥാപിച്ച അന്ന അലുമിനിയം വഴിയാണ് കേരളത്തിലെ അലുമിനിയം വ്യവസായം പുതിയ അധ്യായം കുറിച്ചത്. ഗാർഹിക, വാണിജ്യ ആവശ്യങ്ങൾക്കായുള്ള അലുമിനിയം ഉൽപ്പന്നങ്ങളിൽ നിന്ന് തുടങ്ങി, തുണിത്തരങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, സമുദ്ര കയറ്റുമതി, ആരോഗ്യ സംരക്ഷണ വ്യവസായം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് വ്യാപിച്ചു വളർന്നതാണ് അന്ന ഗ്രൂപ്പ്.
2000-ൽ സ്ഥാപിതമായ കിറ്റെക്സ് വസ്ത്ര വിഭാഗം, വിദ്യാർത്ഥികൾക്കിടയിൽ ഏറെ ജനപ്രിയമായ സ്കൂബീ ഡേ സ്കൂൾ ബാഗുകൾ, ട്രാവൽഡേ ബാഗുകൾ എന്നിവയിലൂടെ വിപണിയിൽ ശ്രദ്ധേയ സ്ഥാനമുറപ്പിച്ചു. 1975-ൽ ആരംഭിച്ച സാറാസ് സ്പൈസസ് ബ്രാൻഡഡ് കറി പൗഡറുകളും മസാലകളും വിപണിയിൽ മുൻനിരയിൽ എത്തിച്ചു. 2018-ൽ അന്ന അലുമിനിയം റൂഫിംഗ് ഷീറ്റുകളും, 2020-ൽ റൂഫ്‌ഷീൽഡ് സ്റ്റീൽ റൂഫിംഗ് ഷീറ്റുകളും ആരംഭിച്ചതോടെ നിർമ്മാണ മേഖലയിലും ശക്തമായ സാന്നിധ്യം ഉറപ്പിച്ചു.
അത്യാധുനിക നിർമ്മാണ യൂണിറ്റുകളും, വിശാലമായ റീട്ടെയിൽ ശൃംഖലയും, ലോകമെമ്പാടുമുള്ള എക്സ്ക്ലൂസീവ് ഷോറൂമുകളും വഴി ഇന്ത്യ മുതൽ യുഎസ്, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലായി വിശ്വസ്തരായ ഉപഭോക്തൃവൃന്ദം അന്ന ഗ്രൂപ്പ് നേടിയിട്ടുണ്ട്.
മൂന്ന് ദിവസം നീളുന്ന മാധ്യമസമ്മേളനത്തിൽ രാഷ്ട്രീയ, മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖർ പങ്കെടുക്കും. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, സെക്രട്ടറി ഷിജോ പൗലോസ്, ട്രഷറർ വിശാഖ് ചെറിയാൻ, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, നിയുക്ത പ്രസിഡന്റ് രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രഷറർ റോയ് മുളകുന്നം, കോൺഫറൻസ് ചെയർമാൻ സജി എബ്രഹാം, ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ് ഷോളി കുമ്പിളുവേലി എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
സമ്മേളനത്തിലേക്ക് ഏവർക്കും പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.




