AmericaCommunityKeralaLatest NewsNews

ന്യൂജേഴ്സിയിൽ നിന്ന് കരുണയുടെ സംഗീതസന്ദേശം: ‘കാദീശ്’ ആൽബം വഴി പന്ത്രണ്ടുലക്ഷം രൂപ പരുമല കാൻസർ സെൻട്രിനായി

ന്യൂജേഴ്സി : മിഡ്‌ലാൻഡ് പാർക്ക് സെയിന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ദേവാലയ വികാരി ബഹു. റവ. ഫാ. ഡോ. ബാബു കെ. മാത്യു അച്ചൻ്റെ ആത്മീയ നേതൃത്വത്തിൽ ആരംഭിച്ച “സഹോദരൻ” പദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ ഭക്തിഗാന ആൽബം “കാദീശ്” വൻ വിജയമായി. പരിശുദ്ധ ബസേലിയോസ് മാർത്തോമാ മാത്യൂസ് തൃതീയൻ ബാവാ തിരുമനസിന്റെ അനുഗ്രഹാശംസകളോടെയായിരുന്നു 2023-ൽ ഈ ആൽബത്തിന്റെ തുടക്കം.

2024 ഒക്ടോബർ മാസത്തിൽ, ബാവാ തിരുമേനിയുടെ കാർമികത്വത്തിൽ നടന്ന സെയിന്റ് സ്റ്റീഫൻസ് ദേവാലയത്തിന്റെ നാല്പതാം വാർഷികാഘോഷ വേളയിൽ “കാദീശ്” ആൽബം ഔദ്യോഗികമായി പ്രകാശനം ചെയ്യപ്പെട്ടു. ആൽബത്തിലൂടെ ലഭിക്കുന്ന മുഴുവൻ വരുമാനവും പരുമല കാൻസർ സെൻട്രലിലെ രോഗികൾക്കായുള്ള സഹായനിധിയായി വിനിയോഗിക്കാനായിരുന്നു ഈ സംരംഭത്തിന്റെ ലക്ഷ്യം.

കഴിഞ്ഞ ഒരു വർഷമായി ആൽബത്തിന്റെ വിതരണവും ധനശേഖരണവും നടത്തിയതിലൂടെ ഏകദേശം പന്ത്രണ്ടുലക്ഷം രൂപ സമാഹരിക്കാനായതായി ബഹു. ബാബു കെ. മാത്യു അച്ചൻ അറിയിച്ചു. ഈ തുക മൂന്ന് ഘട്ടങ്ങളിലായി പരിശുദ്ധ ബാവാ തിരുമേനിയെ ഏല്പിച്ചിരുന്നു. അവസാന ഘട്ടമായ നാലുലക്ഷം രൂപയുടെ ചെക്ക് സെപ്റ്റംബർ 29-ന് ബാവാ തിരുമേനിയെ സമർപ്പിച്ചതോടെ “കാദീശ്” ധനശേഖരണ പ്രവർത്തനങ്ങൾക്ക് സമാപനം കുറിച്ചു.

“കാദീശ്” അച്ചൻ്റെ നാലാമത്തെ ഭക്തിഗാന ആൽബമാണ്. മുൻപ് പുറത്തിറങ്ങിയ “അത്താണി”, “ആരാധ്യൻ”, “ആശിഷമാരി” എന്നിവയും സംഗീതലോകത്ത് മികച്ച സ്വീകരണം നേടിയവയാണ്. എല്ലാ ആൽബങ്ങൾക്കും സംഗീതം, ട്യൂൺ, സംവിധാനങ്ങൾ നൽകി ജീവന്തമാക്കിയിരിക്കുന്നത് പ്രശസ്ത സംഗീതജ്ഞനും മാരാമൺ കൺവൻഷനിലെ മ്യൂസിക് ഡയറക്ടറുമായ ജോസി പുല്ലാടാണ്.

ഈ മഹനീയ സംരംഭത്തിന്റെ വിജയത്തിന് ആത്മാർഥമായി സഹകരിച്ച് സംഭാവനകൾ നൽകിയ എല്ലാ സുമനസുകൾക്കും ദൈവനാമത്തിൽ നന്ദിയും സ്നേഹവും രേഖപ്പെടുത്തുന്നുവെന്ന് ബഹു. റവ. ഫാ. ഡോ. ബാബു കെ. മാത്യു അച്ചൻ അറിയിച്ചു.

Show More

Related Articles

Back to top button