ഫ്ലോറിഡ : 21-ാമത് നോർത്ത് അമേരിക്കൻ ഐപിസി (ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് ഓഫ് ഗോഡ്) ഫാമിലി കോൺഫറൻസ് 2027 ജൂലൈ 1 മുതൽ 4 വരെ ഫ്ലോറിഡയിലെ ലേക്ക് ബ്യൂണ വിസ്റ്റ ഹിൽട്ടൺ ഹോട്ടൽ സമുച്ചയത്തിൽ നടക്കും. കോൺഫറൻസിന്റെ നടത്തിപ്പിനായി പുതിയ ദേശീയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ഫ്ലോറിഡയിലെ പാസ്റ്റർ റോയി വാകത്തനം ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു. അറ്റ്ലാന്റയിലെ രാജൻ ആര്യപ്പള്ളിൽ ദേശീയ സെക്രട്ടറിയും ഓക്‌ലഹോമയിലെ സാക് ചെറിയാൻ ദേശീയ ട്രഷററുമായാണ് തിരഞ്ഞെടുക്കപ്പെട്ടത്. ന്യൂയോർക്കിലെ ജോമി ജോർജ് നാഷനൽ യൂത്ത് കോഓർഡിനേറ്ററായും, ഓസ്റ്റിനിലെ സിസ്റ്റർ കൊച്ചുമോൾ ജെയിംസ് നാഷനൽ ലേഡീസ് കോഓർഡിനേറ്ററായും, നിബു വെള്ളവന്താനം നാഷനൽ മീഡിയ കോഓർഡിനേറ്ററായും, പാസ്റ്റർ ഏബ്രഹാം മാത്യു നാഷനൽ പ്രയർ കോഓർഡിനേറ്ററായും നിയമിതരായി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളെയും ദേശീയ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയിട്ടുണ്ട്.

ദേശീയ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ റോയി വാകത്തനം ഐപിസി കേരള സ്റ്റേറ്റ് കൗൺസിൽ അംഗം, ജനറൽ കൗൺസിൽ അംഗം, പിസിഎൻഎകെ നാഷനൽ സെക്രട്ടറി, ഐപിസി ഫാമിലി കോൺഫറൻസ് നാഷനൽ സെക്രട്ടറി, ന്യൂയോർക്ക് പിവൈഎഫ്ഐ പ്രസിഡന്റ് തുടങ്ങിയ പ്രധാന സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വ്യക്തിയാണ്.












































