AmericaLatest NewsNews

നെതന്യാഹുവുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയിലെ കൂട്ടകുരുതികളെ എടുത്തുകാട്ടി ഹാരിസ്

വാഷിംഗ്ടൺ: ഗാസയിൽ ഇസ്രയേൽ വളരെയേറെ സിവിലിയന്മാരെ കൊലപ്പെടുത്തിയെന്നു വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ചൂണ്ടിക്കാട്ടി. അതേ സമയം, വ്യാഴാഴ്ച പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ കണ്ട ശേഷം സംസാരിച്ച ഹാരിസ്, ഇസ്രയേലിനു സുദൃഢമായ പിന്തുണ ആവർത്തിച്ചു.

“യുദ്ധം അവസാനിക്കേണ്ട സമയമായി,” ഡെമോക്രാറ്റിക്‌ പ്രസിഡന്റ് സ്ഥാനാർഥി കൂടിയായ ഹാരിസ് പറഞ്ഞു. “വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന എല്ലാവരോടും സമാധാനം ആഗ്രഹിക്കുന്ന എല്ലാവരോടും പറയട്ടെ, ഞാൻ നിങ്ങളെ കാണുന്നുണ്ട്, കേൾക്കുന്നുമുണ്ട്.

“ഗാസയിൽ കഴിഞ്ഞ ഒൻപതു മാസങ്ങൾക്കിടയിൽ സംഭവിച്ചത് അതീവ നാശമാണ്. മരിച്ചു കിടക്കുന്ന കുഞ്ഞുങ്ങൾ, വിശന്നു വലയുമ്പോഴും സുരക്ഷയ്ക്ക് ഇടം തേടുന്ന മനുഷ്യർ. പലരും ഒന്നിലധികം തവണ വാസസ്ഥലം വിട്ടു പോകേണ്ടി വന്നവർ.

“ഈ ദുരന്തങ്ങൾ കണ്ടില്ലെന്നു നമുക്ക് നടിക്കാനാവില്ല. ആ ദുരിതങ്ങളോട് നിർവികാരത ഭാവിക്കാൻ ആവില്ല. ഞാൻ മിണ്ടാതിരിക്കില്ല.”

ഹമാസ് പൂർണമായി പരാജയപ്പെട്ടിട്ടില്ലെങ്കിലും, യുദ്ധവിരാമം നടപ്പാക്കാനുള്ള യുഎസ് പദ്ധതിക്ക് ഹാരിസ് പിന്തുണ നൽകി. എന്നാൽ ഇസ്രയേലിനു അതിൽ താല്പര്യമില്ലെന്നാണ് വിദഗ്‌ധരുടെ നിരീക്ഷണം. “ഈ കരാർ നടപ്പാക്കേണ്ട സമയമായെന്നും ഞാൻ പ്രധാനമന്ത്രി നെതന്യാഹുവിനോട് പറഞ്ഞു,” ഹാരിസ് പറഞ്ഞു.

അറബ്-മുസ്ലിം വോട്ടർമാർ ഡെമോക്രറ്റിക് പാർട്ടിയുടെ കൈവിട്ടു എന്ന തോന്നൽ ഉണ്ടായിട്ടുള്ള സമയത്താണ് ഹാരിസ് ഗാസ വിഷയത്തിൽ ദൃഢമായ നിലപാട് വ്യക്തമാക്കിയത്. 39,000 സിവിലിയന്മാർ ഗാസയിൽ കൊല്ലപ്പെട്ടു എന്നാണ് കണക്ക്. ഒരു ലക്ഷം പേർക്കു പരുക്കേറ്റു.

ബന്ദികളെ തിരിച്ചു കൊണ്ടുവരാൻ ഉറ്റു ശ്രമിക്കും

ഗാസയിൽ ബന്ദികളാക്കപ്പെട്ട യുഎസ് പൗരന്മാരുടെ മോചനത്തിനു ശ്രമം തുടരുമെന്നും ഹാരിസ് പറഞ്ഞു. “ഒക്ടോബർ 7നു ഹമാസ് ആണ് ഈ യുദ്ധത്തിനു തുടക്കമിട്ടത്. ഇസ്രയേലിൽ കടന്നു അവർ 1,200 നിരപരാധികളെ കൊലപ്പെടുത്തി. അതിൽ 44 അമേരിക്കൻ പൗരന്മാരുമുണ്ട്. ഹമാസ് ഭീകരമായ ലൈംഗിക അതിക്രമങ്ങൾ കാട്ടി. 250 പേരെ അവർ ബന്ദികളാക്കി.

“അമേരിക്കൻ പൗരന്മാർ അക്കൂട്ടത്തിലുണ്ട്. സഗുയി ഡെക്കൽ-ചെൻ, ഹെർഷ് ഗോൾഡ്ബർഗ്-പോളിൻ, എടാൻ അലക്സാണ്ടർ, കെയ്ത്ത് സിഗാൾ, ഒമർ ന്യുട്ര. അവരുടെ കുടുംബങ്ങളെ ഞാൻ പല തവണ കണ്ടു. അവർ ഒറ്റയ്ക്കല്ലെന്നു ഞാൻ അവരോടു ഉറപ്പു പറഞ്ഞു. പ്രസിഡന്റ് ബൈഡനും ഞാനും ആ ബന്ദികളെ മോചിപ്പിച്ചു കൊണ്ടുവരാൻ എല്ലാ ദിവസവും ശ്രമിക്കുന്നുണ്ട്.

“ഇറാനിൽ നിന്നും അവരുടെ പോരാളി സംഘങ്ങളിൽ നിന്നും ഇസ്രയേലിനെ പ്രതിരോധിക്കാൻ കഴിയുമെന്നു ഞാൻ എന്നും ഉറപ്പു വരുത്തും.”

പ്രസിഡന്റ് ബൈഡൻ നേരത്തെ നെതന്യാഹുവിന്റെ സ്വീകരിച്ചെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങൾക്കു ഇരുവരും മറുപടി പറയാൻ നിന്നില്ല.

Show More

Related Articles

Back to top button