ട്രംപിനെ സംവാദത്തിന് വെല്ലുവിളിച്ചു കമലാ ഹാരിസ്
വാഷിംഗ്ടൺ: റിപ്പബ്ലിക്കൻ പാർട്ടിയുടെ സ്ഥാനാർത്ഥി മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിനെ സംവാദത്തിന് വെല്ലുവിളിച്ച് യുഎസ് വൈസ് പ്രസിഡൻ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിയുമായ കമലാ ഹാരിസ്.
ചൊവ്വാഴ്ച ജോർജിയയിലെ അറ്റ്ലാൻ്റ നഗരത്തിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു കമലാ ഹാരിസ്. “താൻ മത്സരത്തിൽ പ്രവേശിച്ചതിന് ശേഷം പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൻ്റെ സ്വഭാവം മാറിയെന്നും” കമല ഹാരിസ് പറഞ്ഞു.
ബൈഡന്റെ പിന്മാറ്റം
ജൂലൈ 20 ന് നിലവിലെ പ്രസിഡൻ്റ് ജോ ബൈഡൻ രണ്ടാം ടേമിലേക്കുള്ള മത്സരത്തിൽ നിന്ന് പിന്മാറിയതിന് ശേഷമാണ് കമലാ ഹാരിസ് തൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. “ഈ മത്സരത്തിന്റെ ഗതി മാറുകയാണ്. ഡൊണാൾഡ് ട്രംപിന് അത് മനസിലായതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. നിങ്ങൾ ശ്രദ്ധിച്ചിരിക്കാം. കഴിഞ്ഞയാഴ്ച, അദ്ദേഹം മുമ്പ് സമ്മതിച്ചിരുന്ന സെപ്റ്റംബറിലെ സംവാദത്തിൽ നിന്ന് പിന്മാറി,” ഹാരിസ് പറഞ്ഞു.
ട്രംപിനെ സംവാദത്തിന് ക്ഷണിച്ച് കമലാ
“ഡൊണാൾഡ്, സംവാദ വേദിയിൽ എന്നെ നേരിടുന്നതിനെക്കുറിച്ച് നിങ്ങൾ പുനർവിചിന്തനം നടത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടെങ്കിൽ അത് എൻ്റെ മുഖത്ത് നോക്കി പറയൂ,” കമലാ ഹാരിസ് പറഞ്ഞു.
സംവാദത്തിന് തയ്യാറല്ല: ഹാരിസ്
“ഇതിലെ രസകരമായ കാര്യം എന്തെന്നാൽ, ട്രംപോ അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയോ സംവാദത്തിന് തയ്യാറാകില്ല. എന്നാൽ രണ്ടുപേർക്കും എന്നെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് താനും,” കമലാ റാലിയിൽ വ്യക്തമാക്കി.