KeralaLatest News

എവരിതിങ് ഈസ് പ്രെഷ്യസ് – രത്‌ന ഗുപ്തയുടെ കലാപ്രതിഷ്.

കൊച്ചി: ആദ്യമായി മാവിലറിഞ്ഞ കല്ലും ആദ്യമായി പല്ലു തേച്ച ബ്രഷും അമൂല്യമായി കരുതി സൂക്ഷിച്ച് വയ്ക്കുന്ന നടി ഉർവശിയുടെ കഥാപാത്രം കണ്ട് കൈയ്യടിച്ച് ചിരിച്ചു മറിഞ്ഞവരാണ് മലയാളികൾ. ഏതാണ്ട് ഈ പ്രമേയത്തിന്റെ തന്നെ സർഗാത്മകമായ ആവിഷ്കാരമാണ് കൊച്ചി -മുസിരിസ് ബിനാലെയിലെ കലാകാരി രത്‌ന ഗുപ്ത തന്റെ സൃഷ്ടികളിലൂടെ  അടയാളപ്പെടുത്തുന്നത്.

ഫോർട്ട് കൊച്ചി  ആസ്പിൻ വാൾ ഹൗസിൽ  ‘എവരിതിങ് ഈസ് പ്രെഷ്യസ്’ എന്ന് പേരിട്ടിരിക്കുന്ന ഈ പ്രദർശനങ്ങളിൽ കല്ലും മരക്കഷ്ണങ്ങളും ഉണങ്ങിയ വേരുകളും മുതൽ പുനരുപയോഗിച്ച പ്ലാസ്റ്റിക് വരെ ഉൾപ്പെടുന്നു. മനുഷ്യബന്ധങ്ങളെപ്പോലെ അതിലോലമായ വസ്തുക്കൾ യാത്രയ്ക്കിടയിൽ ഉടയുന്നതും പുതിയ രൂപങ്ങൾ കൈവരിക്കുന്നതും ജീവിതത്തിന്റെ നശ്വരതയെയാണ് സൂചിപ്പിക്കുന്നത്. ശില്പങ്ങൾ ആഹ്ലാദകരമായി തോന്നുമ്പോൾ  കടലാസിലെ തുന്നൽ ചിത്രങ്ങൾ സങ്കടത്തിന്റെ കഥകളാണ് പറയുന്നത് എന്ന് രത്‌ന ഗുപ്ത വിശദീകരിക്കുന്നു.

തന്റെ വ്യക്തിപരമായ അനുഭവങ്ങളെ സാർവത്രിക യാഥാർത്ഥ്യങ്ങളാക്കി മാറ്റുകയാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ കലാകാരി. ഡയറക്ടേഴ്‌സ് ബംഗ്ലാവിലെ പ്രദർശന മുറിയിലേക്ക് പ്രവേശിക്കുമ്പോൾ കാഴ്ചക്കാരെ വരവേൽക്കുന്നത് വൈവിധ്യമാർന്ന ശില്പങ്ങളും ചിത്രത്തയ്യലുകളും നെയ്ത്തുരൂപങ്ങളുമാണ്.

തെരുവോരങ്ങളിലെ നടത്തത്തിനിടയിൽ ലഭിക്കുന്ന വസ്തുക്കൾ കൊണ്ടാണ് രത്‌ന തന്റെ ശില്പങ്ങൾ നിർമ്മിക്കുന്നത്.

ചെറിയ വീടുകൾ, പ്രാണിക്കൂട്ടങ്ങൾ, ചിത്രശലഭങ്ങൾ, മാഞ്ഞുപോകുന്ന മരങ്ങൾ എന്നിവയെല്ലാം അവരുടെ ചിത്രത്തയ്യലുകളിൽ നിറയുന്നുണ്ട്. വീടില്ലാത്തവരുടെ വേദനയും യുദ്ധവും നാശവുമെല്ലാം ചാരനിറത്തിലും കറുപ്പിലും ചുവപ്പിലുമുള്ള നൂലുകളിലൂടെ അവർ ആവിഷ്കരിക്കുന്നു. തന്റെ ഓരോ സൃഷ്ടിയും വ്യക്തിപരമായ ഡയറിക്കുറിപ്പുകൾ പോലെയാണെന്നും ഓരോ ചിത്രത്തിനും പിന്നിൽ കുടുംബവുമായുള്ള സംഭാഷണങ്ങളോ ചുറ്റുമുള്ള സംഭവങ്ങളോടുള്ള പ്രതിഷേധമോ ഉണ്ടെന്നും അവർ പറഞ്ഞു.

‘ഞാൻ നിർമ്മിക്കുമ്പോൾ സമയം കടന്നുപോകുന്നത് ഞാൻ നോക്കിനിൽക്കുന്നു’ എന്നാണ് രത്‌ന തന്റെ പ്രവൃത്തിയെ വിശേഷിപ്പിക്കുന്നത്. തുന്നുന്നതും നെയ്യുന്നതും അവർക്ക് വെറും വിനോദമല്ല, മറിച്ച് ലോകത്തെ ബന്ധിപ്പിക്കുന്ന ഭാഷയാണ്. മാതൃത്വത്തെയും വീട്ടു ജോലികളെയും സൂചിപ്പിക്കുന്ന നെയ്ത്ത് രീതികളെ ഒരു പ്രതിഷേധമായാണ് അവർ കാണുന്നത്.

Show More

Related Articles

Back to top button