KeralaLatest News

അടുത്ത കൊച്ചി മുസിരിസ് ബിനാലെ ക്യുറേറ്റർ തിരഞ്ഞെടുപ്പിന് അധ്യക്ഷത വഹിക്കാൻ ജിതീഷ് കല്ലാട്ട്.

കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ഏഴാം പതിപ്പിന്റെ ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്ന സമിതിയുടെ അധ്യക്ഷനായും ബിനാലെയുടെ പ്രസിഡന്റായും പ്രശസ്ത സമകാലീന കലാകാരനും ക്യൂറേറ്ററുമായ ജിതീഷ് കല്ലാട്ട് ചുമതലയേൽക്കുമെന്നു കൊച്ചി ബിനാലെ ഫൗണ്ടേഷൻ അറിയിച്ചു.  ഫൗണ്ടേഷന്റെ ചെയർപേഴ്സൺ ഡോ. വേണു വി ആണ് പ്രഖ്യാപനം നടത്തിയത്.

കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ ട്രസ്റ്റി ബോർഡ് അംഗമാണ് മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജിതീഷ്. ‘വേൾഡ് എക്സ്പ്ലോറേഷൻസ്’ (ലോകാന്തരങ്ങൾ) എന്ന ശീർഷകത്തിൽ 2014-15 ൽ നടന്ന ബിനാലെ രണ്ടാം പതിപ്പിന്റെ ക്യൂറേറ്ററായിരുന്നു അദ്ദേഹം. ബിനാലെ സഹസ്ഥാപകനായ ബോസ് കൃഷ്ണമാചാരി ഈ വർഷം തുടക്കത്തിൽ പ്രസിഡൻ്റ് പദവി ഒഴിയാനുള്ള തീരുമാനമറിയിച്ചതിനെ തുടർന്ന് ബോർഡിന്റെ അഭ്യർത്ഥനപ്രകാരമാണ് ജിതീഷ് ചുമതല ഏറ്റെടുത്തത്.

സുപ്രധാനമായ ഈ ഘട്ടത്തിൽ അടുത്ത ക്യൂറേറ്ററെ തിരഞ്ഞെടുക്കുന്നതിനുള്ള സമിതിയുടെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തതിന് ജിതീഷിനോട് ഡോ വേണു നന്ദി അറിയിച്ചു. ബിനാലെയുമായുള്ള അദ്ദേഹത്തിന്റെ ദീർഘകാല ബന്ധവും സമകാലിക കലാരംഗത്തെ അന്താരാഷ്ട്ര അനുഭവസമ്പത്തും ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാൻ അദ്ദേഹത്തെ സഹായിക്കുമെന്നും ഡോ. വേണു പറഞ്ഞു.

രാജ്യത്തിനകത്തും പുറത്തും സമകാലിക കലയെക്കുറിച്ചുള്ള സംഭാഷണങ്ങൾ രൂപപ്പെടുത്തുന്നതിൽ കൊച്ചി-മുസിരിസ് ബിനാലെ വലിയ പങ്ക് വഹിച്ചിട്ടുണ്ടെന്ന് ജിതീഷ് കല്ലാട്ട് പറഞ്ഞു. “ബോർഡിന്റെ അഭ്യർത്ഥന പ്രകാരം അടുത്ത പതിപ്പിനായുള്ള ക്യൂറേറ്റർ തിരഞ്ഞെടുപ്പ് പ്രക്രിയയെ നയിക്കാൻ ഞാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. തികച്ചും ഗൗരവത്തോടെയും കൃത്യതയോടെയും ഈ ജോലി നിർവഹിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.  

ഇന്ത്യയിലെ മുൻനിര സമകാലിക കലാകാരന്മാരിൽ ഒരാളായ കല്ലാട്ടിന്റെ സൃഷ്ടികൾ ഷിക്കാഗോ ആർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, സിഡ്‌നിയിലെ ആർട്ട് ഗാലറി ഓഫ് ന്യൂ സൗത്ത് വെയിൽസ്, മെൽബണിലെ ഇയാൻ പോട്ടർ മ്യൂസിയം ഓഫ് ആർട്ട്, മുംബൈയിലെ ഡോ. ഭാവു ദാജി ലാഡ് മ്യൂസിയം തുടങ്ങി ലോകപ്രശസ്തമായ നിരവധി ഗാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

2017-ൽ ന്യൂഡൽഹിയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ജിതീഷിന്റെ കലാജീവിതത്തെ ആസ്പദമാക്കി വിപുലമായ പ്രദർശനം ഒരുക്കിയിരുന്നു.

ലണ്ടനിലെ ടേറ്റ് മോഡേൺ, ബെർലിനിലെ മാർട്ടിൻ-ഗ്രോപ്പിയസ്-ബൗ, ടോക്കിയോയിലെ മോറി ആർട്ട് മ്യൂസിയം തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങളിലും വെനീസ്, ഗ്വാങ്‌ഷോ, ഹവാന ബിനാലെകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്.

2014-ലെ ബിനാലെക്ക് പുറമെ സൗത്ത് സൗത്തിനു വേണ്ടിയുള്ള ‘ഐ ഡ്രോ, ദെയർഫോർ തിങ്ക്’, സൗതാംപ്ടണിലെ ജോൺ ഹാൻസാർഡ് ഗാലറിയിൽ നടന്ന ‘ടാംഗിൾഡ് ഹൈരാർക്കി’ തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന ക്യൂറേറ്റോറിയൽ പ്രോജക്റ്റുകളാണ്.  നിഖിൽ ചോപ്രയുടെയും എച്ച് എച്ച് ആർട്ട് സ്‌പേസസിന്റെയും നേതൃത്വത്തിൽ ‘ഫോർ ദി ടൈം ബീയിംഗ്’ എന്ന പ്രമേയത്തിൽ ബിനാലെയുടെ ആറാം പതിപ്പ് നടന്നു വരികയാണ്. 2026 മാർച്ച് 31-ന് ഈ ലക്കം സമാപിക്കും.

Show More

Related Articles

Back to top button