AmericaAssociationsFOKANALatest NewsUpcoming Events

ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ  ദൂരം! പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിക്കൊപ്പം ചരിത്രത്തിന്റെ ഭാഗമാകാൻ ഫോക്കാന ഒരുക്കുന്ന അപൂർവ്വ അവസരം.

ന്യൂജേഴ്സി: ചെണ്ടയുടെ ഓരോ കൊട്ടും വെറുമൊരു താളമല്ല, അത് പ്രവാസിയുടെ അതിജീവനത്തിന്റെയും മണ്ണിലെ വേരുകളുടെയും ഉശിരുള്ള മുഴക്കമാണ്. ഫൊക്കാന  (FOKANA) ഇന്റർനാഷണൽ ഫാമിലി  കൺവെൻഷൻ 2026-ന്റെ ഭാഗമായി ഓഗസ്റ്റ് 8-ന് പെൻസിൽവേനിയയിലെ കലഹാരി റിസോർട്ടിൽ അരങ്ങേറുന്ന “പഞ്ചാരി മേളം ” വെറുമൊരു ഗിന്നസ് വേൾഡ് റെക്കോർഡ് ശ്രമമല്ല; മറിച്ച് ലോകമെമ്പാടുമുള്ള മലയാളികളെ ഒരേ താളത്തിൽ കോർത്തിണക്കുന്ന ഒരു മഹാസംഗമമാണ്.

ചെണ്ടമേളങ്ങളില്‍ ഏറ്റവും ഹൃദ്യമായതും പ്രധാനമായതും പഞ്ചാരിമേളമാണ്. ഏറ്റവും ശാസ്ത്രീയമായതും, കാതിനിമ്പമുള്ളതുമാണ് പഞ്ചാരി. ചെണ്ടയുടെ ശബ്ദമാധുര്യവും ഗാംഭീര്യവും ഒത്തിണങ്ങുന്ന പഞ്ചാരിമേളം ഓരോ മലയാളിയുടെയും ഗൃഹാത്വരത്വം ഉണർത്തുന്ന  താളമാണ്.  

ഈ ചരിത്ര നിമിഷത്തിന് മാറ്റ് കൂട്ടുന്നത് ചെണ്ടയുടെ മാന്ത്രികൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയുടെ സാന്നിധ്യമാണ്. ഒരു ഇതിഹാസ കലാകാരനോടൊപ്പം ഒരേ വേദിയിൽ, ഒരേ താളത്തിൽ ചെണ്ട കൊട്ടുക എന്നത് ഏതൊരു വാദ്യകലാകാരന്റെയും സ്വപ്നമാണ്. ആ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഫോക്കാന ഈ കൺവെൻഷനിലൂടെ സുവർണ്ണാവസരമൊരുക്കുന്നു. മട്ടന്നൂർ ശങ്കരൻകുട്ടിയുടെയും ടീമിന്റെയും   നേതൃത്വത്തിൽ നടക്കുന്ന ഈ പഞ്ചാരിമേളത്തിൽ പങ്കാളികളാവുക എന്നത് വലിയൊരു ബഹുമതിയും പ്രിവിലേജുമാണ്. ഇതോടൊപ്പം നോർത്ത് അമേരിക്കയിലെ പ്രമുഖരായ ചെണ്ട ആശാന്മാരുടെ ഏകോപനം കൂടിയാണ് ഈ പഞ്ചാരിമേളത്തിൽ മുഴങ്ങുന്നത്.  പ്രഗത്ഭനായ കലാകാരന്റെ വിരൽതുമ്പിലെ താളത്തിനൊപ്പം ചേരാൻ ലോകത്തിന്റെ വിവിധ കോണുകളിൽ നിന്നുള്ള ചെണ്ട പ്രേമികൾക്ക്  അസുലഭ നിമിഷമായിരിക്കും ഇത് .

ചിലർ ചോദിച്ചേക്കാം, “ഒരു ഗിന്നസ് റെക്കോർഡ് കൊണ്ട് എന്ത് പ്രയോജനം?” എന്ന്. എന്നാൽ, ആയിരങ്ങൾ ഒരേ മനസ്സോടെ ഒന്നിക്കുമ്പോൾ അതൊരു വലിയ സന്ദേശമായി മാറുന്നു. പ്രവാസത്തിന്റെ ഏകാന്തതയിൽ നിന്നും തിരക്കുകളിൽ നിന്നും മാറി, സ്വന്തം സംസ്കാരത്തെ മുറുകെപ്പിടിക്കുന്ന ഓരോ മലയാളി ജീവിതത്തിന്റെയും അടയാളപ്പെടുത്തലാണിത്.

വേദികളിൽ എത്താതെ പോയവർക്കും, അംഗീകാരം ആഗ്രഹിക്കുന്നവർക്കും വേണ്ടിയുള്ള ഒരു വലിയ വേദി കൂടിയാണിത്. കാലം മാറുമ്പോൾ സഹാനുഭൂതിയും പിന്തുണയും ആവശ്യമായ പ്രവാസി സഹോദരങ്ങൾക്ക് ഒരു സമൂഹത്തിന്റെ കരുതലും ശ്രദ്ധയും ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി ഈ സംഗമത്തിനുണ്ട്.

ഓഗസ്റ്റ് 8-ന് വൈകുന്നേരം 3 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളന്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച മൂന്ന് ചെണ്ട സ്കൂളുകൾക്ക് വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും. ഇന്ത്യയുടെ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, ഗവർണർ തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിക്കുന്ന ഈ ചരിത്രപരമായ മുന്നേറ്റത്തിൽ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടിയോടൊപ്പം അണിചേരാൻ  ഇപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ചെണ്ടയുടെ ഓരോ അടിയും ഒരു ഓർമ്മപ്പെടുത്തലാകട്ടെ — ഈ സമൂഹത്തിലെ ഓരോ ജീവിതത്തിനും ഒരു സ്ഥാനം ഉണ്ട് . ഇത്  ഒരു കലാകാരന്റെ പ്രകടനം മാത്രമല്ല, ദൈവത്തിന്റെ കൈയൊപ്പ്‌ പതിഞ്ഞ കലയാണ് . ലക്ഷ്യം ശരിയെങ്കിൽ, അതിലേക്കുള്ള വഴിയും ധർമ്മമാകും.അങ്ങനെ  ഗിന്നസ് ബുക്കിലേക്ക് ചെണ്ടകൈ  ദൂരം മാത്രം ….

Show More

Related Articles

Back to top button