AmericaKeralaLatest NewsNewsPolitics

രണ്ടാം വരവിൽ റെക്കോർഡ് ഭൂരിപക്ഷം: പുതുപ്പള്ളിയിൽ ചരിത്രജയം നേടി ചാണ്ടി ഉമ്മൻ.

പുതുപ്പള്ളി : സ്വന്തം റെക്കോർഡ് തന്നെ മറികടന്ന് ശ്രദ്ധേയമായ ഭൂരിപക്ഷത്തിൽ വിജയം നേടി കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ. 2023ലെ ഉപതിരഞ്ഞെടുപ്പിൽ നേടിയ 37,719 വോട്ടിന്റെ ഭൂരിപക്ഷം ഇത്തവണ 52,907 ആയി ഉയർത്തിയാണ് പുതുപ്പള്ളിയിൽ വീണ്ടും വിജയം ഉറപ്പിച്ചത്. കോൺഗ്രസ് സ്ഥാനാർഥികളിൽ രണ്ടാമത്തെ ഉയർന്ന ഭൂരിപക്ഷമാണിത്.

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് ചാണ്ടി ഉമ്മൻ ആദ്യമായി വിജയിച്ച് ശ്രദ്ധ നേടിയത്. അതേസമയം, ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ചെലവ് കുറച്ചും സൈക്കിളിൽ പ്രചാരണം നടത്തിയും ഓരോ വീട്ടിലും നേരിട്ട് എത്തിയത് വോട്ടർമാരിൽ വലിയ സ്വാധീനം ചെലുത്തി. വിജയവാർത്ത അറിഞ്ഞ ഉടൻ അദ്ദേഹം പ്രവർത്തകരോടൊപ്പം സൈക്കിളിൽ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തി ആദരം അർപ്പിച്ചു.

പുതുപ്പള്ളിക്കാർ നൽകിയ ശക്തമായ പിന്തുണയും പിതാവിന്റെ വ്യക്തിപ്രഭാവവും സംസ്ഥാന സർക്കാരിനെതിരെ സ്വീകരിച്ച കടുത്ത നിലപാടുകളും ജയത്തിൽ നിർണായകമായി. പോസ്റ്ററുകളും ഫ്ലെക്സ് ബോർഡുകളും ഒഴിവാക്കി ലളിതമായ പ്രചാരണ രീതിയാണ് അദ്ദേഹം പിന്തുടർന്നത്. കലാശക്കൊട്ടിനായി ചെലവിടേണ്ട പണം ഭവനനിർമാണ പദ്ധതിക്ക് വിനിയോഗിക്കുമെന്ന് പ്രഖ്യാപിച്ചതും ജനങ്ങളിൽ നല്ല പ്രതികരണം നേടി.

പ്രചാരണത്തിനിടെ ദേശീയ നേതാക്കളായ രാഹുൽ ഗാന്ധി, കെ. സി. വേണുഗോപാൽ, സച്ചിൻ പൈലറ്റ് എന്നിവരെ സൈക്കിളിൽ കയറ്റിയതോടെ ഈ പ്രചാരണ ശൈലി ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. മണ്ഡലത്തിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും യുഡിഎഫിന് മേൽക്കൈ ലഭിച്ചതും വിജയം ഉറപ്പിക്കാൻ സഹായകമായി.

(വിജയം അറിഞ്ഞയുടൻ ചാണ്ടി ഉമ്മൻ പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലെത്തിയപ്പോൾ. ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ സമീപം)

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പേ കുടുംബയോഗങ്ങളും വാർഡുതല കൺവൻഷനുകളും സംഘടിപ്പിച്ച് സജീവമായ പ്രവർത്തനം നടത്തിയിരുന്നു. പുതുപ്പള്ളിയിലെ വികസനക്കുറവ് ആരോപണങ്ങൾക്ക് സംസ്ഥാന സർക്കാർ ഫണ്ട് അനുവദിക്കാത്തതാണ് കാരണമെന്ന് യുഡിഎഫ് തിരിച്ചടിച്ചു. എൻഡിഎ സ്ഥാനാർഥിയുടെ പ്രഖ്യാപനം വൈകിയതും യുഡിഎഫിന് അനുകൂലമായി.

അവിവാഹിതനായ ചാണ്ടി ഉമ്മന്റെ അമ്മ മറിയാമ്മ ഉമ്മനാണ്. സഹോദരങ്ങൾ മറിയ ഉമ്മനും അച്ചു ഉമ്മനും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button