തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നതിനിടെ ഇടുക്കിയിലും കോട്ടയത്തും ഉണ്ടായ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ വീതം മരിച്ചതോടെ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം നാലായി. പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രധാന നദികളിലെ ജലനിരപ്പും ക്രമാതീതമായി ഉയരുകയാണ്.
അടുത്ത മണിക്കൂറുകളില്‍ അഞ്ച് ജില്ലകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ദുരന്തസാധ്യത കണക്കിലെടുത്ത് പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ള നദികളില്‍ യാതൊരു കാരണവശാലും ഇറങ്ങുകയോ നദി മുറിച്ചുകടക്കുകയോ ചെയ്യരുതെന്ന് മുന്നറിയിപ്പുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, അധികൃതരുടെ നിര്‍ദേശപ്രകാരം വെള്ളപ്പൊക്ക സാധ്യതയുള്ള മേഖലകളില്‍നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ തയ്യാറാകണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്. മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് ഒമ്പത് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
അതേസമയം, സംസ്ഥാനത്തിന്റെ വിവിധ തീരപ്രദേശങ്ങളില്‍ കടല്‍ക്ഷോഭവും ശക്തമായ തിരമാലകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.













































