പത്തനംതിട്ട: ഒറ്റരാത്രി നീണ്ടുനിന്ന അതിതീവ്ര മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ റാന്നി ടൗണ്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. പമ്പയാറില്‍ ജലനിരപ്പ് അതിവേഗം ഉയര്‍ന്ന് കരകവിഞ്ഞൊഴുകിയതോടെ റാന്നി, വടശ്ശേരിക്കര, പെരുനാട്, ആറന്മുള ഉള്‍പ്പെടെയുള്ള മേഖലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപ്പൊക്കത്തില്‍ മുങ്ങി. ജില്ലയില്‍ മൂന്ന് സ്ഥലങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായെങ്കിലും ആളപായമോ പരുക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അര്‍ധരാത്രിയോടെ മലയോര മേഖലയില്‍ പെയ്ത അതിശക്തമായ മഴയെ തുടര്‍ന്നാണ് പമ്പയാര്‍ കരകവിഞ്ഞത്. ളാഹ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചതോടെ റാന്നി ടൗണിലെ ഇടിയപ്പാറ ബസ് സ്റ്റാന്‍ഡും വ്യാപാര സ്ഥാപനങ്ങളും വെള്ളത്തിനടിയിലായി. നിരവധി കടകളിലും വാഹനങ്ങളിലും വെള്ളം കയറി നാശനഷ്ടമുണ്ടായി.
സാഹചര്യം രൂക്ഷമായതോടെ രാത്രിതന്നെ പൊലീസ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേന, ജനപ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഫയര്‍ഫോഴ്സിന്റെ ബോട്ടുകളും വനംവകുപ്പിന്റെ കുട്ടവഞ്ചികളും ഉപയോഗിച്ച് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കുടുങ്ങിക്കിടന്നവരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.
ചിറ്റാര്‍ മേഖലയിലെ രണ്ട് സ്ഥലങ്ങളിലും കൊക്കാത്തോട്ടിലുമാണ് ഉരുള്‍പൊട്ടല്‍ റിപ്പോര്‍ട്ട് ചെയ്തത്. ആറന്മുള സത്രത്തില്‍ കുടുങ്ങിയവരെ ഇന്ന് രാവിലെ രക്ഷപ്പെടുത്തി. ആറന്മുളയിലെ താഴ്ന്ന പ്രദേശങ്ങളിലെ നിരവധി വീടുകളിലേക്കും വെള്ളം കയറിയിട്ടുണ്ട്.
പുനലൂര്‍–മൂവാറ്റുപുഴ റോഡും ചെങ്ങന്നൂര്‍–കോഴഞ്ചേരി റോഡും ഉള്‍പ്പെടെ നിരവധി താഴ്ന്ന പ്രദേശങ്ങളിലെ റോഡുകളില്‍ വെള്ളം കയറിയതോടെ ഗതാഗതം ഭാഗികമായി സ്തംഭിച്ചു.
2018ലെ പ്രളയത്തിന് സമാനമായ സാഹചര്യമാണ് റാന്നിയില്‍ രൂപപ്പെട്ടതെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. ഒറ്റരാത്രിയില്‍ ലഭിച്ച അതിതീവ്ര മഴയാണ് നിലവിലെ വെള്ളപ്പൊക്കത്തിന് പ്രധാന കാരണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥിതിഗതികള്‍ നിരന്തരം വിലയിരുത്തുന്നുണ്ടെന്നും ദുരിതബാധിതര്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.













































