കരിവെള്ളൂർ ∙ കാൻസറിനെ പുഞ്ചിരിയോടെ നേരിട്ട് അതിജീവനത്തിന്റെ പ്രതീക്ഷ പകർന്ന കാൻസർ പോരാളിയും ചലച്ചിത്രപ്രവർത്തകയും സമൂഹമാധ്യമ ഇൻഫ്ലുവൻസറുമായ പെരിങ്ങോം പുൽക്കിയിലെ ടി. ലേഖ അംബുജാക്ഷൻ (44) അന്തരിച്ചു. അർബുദത്തെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
കാൻസറിനെതിരായ ലേഖയുടെ പോരാട്ടം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത് നിരവധി പേർക്ക് പ്രചോദനമായിരുന്നു. രോഗത്തിന്റെ വേദനകൾക്കിടയിലും ആത്മവിശ്വാസത്തോടെയും പുഞ്ചിരിയോടെയും മുന്നോട്ടുപോയ ലേഖയുടെ വീഡിയോകൾ വലിയ ജനശ്രദ്ധ നേടിയിരുന്നു. ചികിത്സയ്ക്കിടയിലെ അനുഭവങ്ങളും കുടുംബത്തോടൊപ്പമുള്ള നിമിഷങ്ങളും ലേഖ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. പ്രാർഥനയും പിന്തുണയും അഭ്യർഥിച്ച് ഭർത്താവ് അംബുജാക്ഷൻ പങ്കുവച്ച വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘എല്ലാം ശരിയാകും’ എന്ന സന്ദേശത്തിലൂടെ ലേഖ അനേകർക്ക് പ്രതീക്ഷ പകർന്നു.
ചലച്ചിത്രരംഗത്തും ലേഖ ശ്രദ്ധേയമായ സാന്നിധ്യമായിരുന്നു. കുട്ടികളുടെ സംരക്ഷണവും പ്രകൃതിയും പ്രമേയമാക്കി 2019ൽ പുറത്തിറങ്ങിയ ‘മുട്ടായിക്കള്ളനും മമ്മാലിയും’ എന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം, ഗാനരചന, സംഗീതസംവിധാനം എന്നിവ നിർവഹിച്ചത് ലേഖയാണ്. ചിത്രത്തിൽ ശ്രദ്ധേയമായ വേഷവും അവതരിപ്പിച്ചു. ഭർത്താവ് അംബുജാക്ഷൻ നമ്പ്യാരാണ് ചിത്രം സംവിധാനം ചെയ്തത്.
രോഗാവസ്ഥയുടെ വിവിധ ഘട്ടങ്ങളിലും ഭർത്താവിന്റെയും മക്കളുടെയും സ്നേഹവും പരിചരണവും ലേഖയ്ക്ക് കരുത്തായിരുന്നു. കുടുംബത്തോടൊപ്പമുള്ള ജീവിതത്തിലെ സന്തോഷങ്ങളും പോരാട്ടങ്ങളും ലേഖ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.
സംസ്കാരം നടത്തി. പരേതനായ അമ്പുവിന്റെയും തളിയിൽ കല്യാണിയുടെയും മകളാണ്. മക്കൾ: ആദികേശ്, അതിഥി (പിഇഎസ് വിദ്യാലയം, പയ്യന്നൂർ). സഹോദരി: സിന്ധു (ബെംഗളൂരു).











































