പി.എം.എഫ്.എം.ഇ. പവലിയനില്‍ സംസ്ഥാനത്തെ 100-ലേറെ എഫ്.പി.ഒ. യൂണിറ്റുകള്‍ പങ്കെടുക്കും
വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും
കൊച്ചി: കേരളത്തിലെ പ്രമുഖ ഭക്ഷ്യസംസ്കരണ, പാക്കേജിങ് പ്രദര്‍ശനമായ ഫുഡ്ടെക് കേരളയുടെ 17-ാമത് പതിപ്പ് ഒക്ടോബര്‍ 9 മുതല്‍ 11 വരെ കൊച്ചി കലൂരിലെ ജെഎന്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെ-ബിപ്), എം.എഫ്.പി.ഒ.ഐ., നബാര്‍ഡ്, നോര്‍ക്ക-റൂട്ട്സ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 9 രാവിലെ 11ന് സംസ്ഥാന വ്യവസായ മന്ത്രി പി. കെ കുഞ്ഞാലിക്കുട്ടി പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. വ്യവസായ മേഖലയിലെ വിവിധ പ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രദര്‍ശനത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന് പി.എം.എഫ്.എം.ഇ. പവലിയനായിരികുമെന്നും. സംസ്ഥാനത്തെ 100-ലേറെ എഫ്.പി.ഒ. യൂണിറ്റുകള്‍ പവലിയന്റെ ഭാഗമാകുമെന്നും വ്യവസായ-വാണിജ്യ വകുപ്പാണ് പവലിയന് പിന്തുണ നല്‍കുന്നതെന്നും സംഘാടകരായ ക്രൂസ് എക്സ്പോസ് സിഇഒ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകരെയും യന്ത്രസാമഗ്രി, ഉപകരണ നിര്‍മാതാക്കളെയും വിതരണക്കാരെയും വാങ്ങലുകാരെയും ഇറക്കുമതിക്കാരെയും ഒരേ വേദിയിലെത്തിക്കുന്നതിലൂടെ കേരളത്തിലെ ഭക്ഷ്യവ്യവസായ മേഖലയ്ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ തുറക്കുകയാണ് പ്രദര്‍ശനത്തിന്റെ ലക്ഷ്യം. ചെറുകിട ഭക്ഷ്യസംസ്കരണ, കാര്‍ഷികാധിഷ്ഠിത സംസ്കരണ യൂണിറ്റുകള്‍ക്ക് സമീപകാലത്ത് ലഭിച്ചുവരുന്ന പ്രോത്സാഹനങ്ങള്‍ക്കൊപ്പം പുതിയ സാങ്കേതികവിദ്യകളും വിപണി സാധ്യതകളും പരിചയപ്പെടുത്താനും പ്രദര്‍ശനം അവസരമൊരുക്കും.
മൂന്നു ദിവസമാായി നടക്കുന്ന പ്രദര്‍ശനത്തില്‍ കാര്‍ഷിക-ഭക്ഷ്യസംസ്കരണ, പാക്കേജിങ് മേഖലകളിലെ വിവിധ വിഭാഗങ്ങളിലായി 200-ലേറെ സ്റ്റാളുകള്‍ ഉണ്ടാകും. ഭക്ഷ്യസംസ്കരണ വ്യവസായത്തിനാവശ്യമായ യന്ത്രസാമഗ്രികളും ഉപകരണങ്ങളും ഉള്‍പ്പെടെ പ്രാദേശിക, ദേശീയ തലങ്ങളിലെ നിരവധി സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കും. 350-ലേറെ ട്രേഡ് ബയര്‍മാര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞെന്നും ജോസഫ് കുര്യാക്കോസ് പറഞ്ഞു.
പ്രദര്‍ശനത്തിന്റെ ആദ്യദിനമായ ഒക്ടോ 9ന് ആസ്സാമില്‍ നിന്നുള്ള ഇകെ എസ്റ്റേറ്റ്സ് ആതിഥ്യം വഹിക്കുന്ന ബി2ബി നെറ്റ്വര്ക്കിംഗ് സെഷന് നടക്കും. വൈകീട്ട് 5-30 മുതല്‍ പ്രദര്‍ശനവേദിയിലെ സെമിനാര്‍ ഹാളിലാണ് പരിപാടി. കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ നോഡല്‍ അസോസിയേഷനായ സ്വാക്, ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്സ് ഫോറം (എച്ച്പിഎംഎഫ്) കേരള ചാപ്റ്റര്‍ അംഗങ്ങള്‍, എഫ് ആന്‍ഡ് ബി പ്രൊഫഷനലുകള്‍, ഷെഫുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രണ്ടാം ദിവസം ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി.) സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ സംരംഭകര്‍ക്കായി ഭക്ഷ്യപാക്കേജിങ് പരിശീലന പരിപാടിയും സംഘടിപ്പിക്കും.
ചെറുകിട, ഇടത്തരം സംരംഭകര്‍ക്ക് ഭക്ഷ്യസംസ്കരണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകള്‍ പരിചയപ്പെടാനും യന്ത്രസാമഗ്രി നിര്‍മാതാക്കളുമായും വിതരണക്കാരുമായും നേരിട്ട് ബന്ധപ്പെടാനും പ്രദര്‍ശനം അവസരമൊരുക്കും.
സിക്കി (ദി സതേണ്‍ ഇന്ത്യ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്) കേരളം ചെയര്മാന് ഡോ. തോമസ് നെച്ചുപ്പാടം, ക്രൂസ് എക്സ്പോസ് സിഇഒ ജോസഫ് കുര്യാക്കോസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.foodtechkerala.com










































