വാർഷിക പരിപാടിയിൽ ഡോണൾഡ് ട്രംപിന്റെ നൃത്തച്ചുവടുകൾ സോഷ്യൽ മീഡിയയിൽ ചർച്ച
ന്യൂഡൽഹി: മുൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് വാഷിംഗ്ടൺ ഡിസിയിൽ നടന്ന വാർഷിക മോംസ് ഫോർ ലിബർട്ടി ഇവൻ്റിൽ നൃത്തച്ചുവടുകളുമായി സ്റ്റേജിൽ എത്തിയത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുകയാണ്. 78 കാരനായ ട്രംപ്, ഗ്രൂപ്പിൻ്റെ സഹസ്ഥാപകയോടൊപ്പം സ്റ്റേജിൽ ചുവടുവച്ചു.
മോംസ് ഫോർ ലിബർട്ടി, എൽ.ജി.ബി.ടി അവകാശങ്ങൾ, വംശീയത, നിർണായക വംശീയ സിദ്ധാന്തം, വിവേചനം എന്നിവ സ്കൂൾ പാഠ്യപദ്ധതിയിൽ ഉൾക്കൊള്ളുന്നതിനെതിരെ വാദിക്കുന്ന അമേരിക്കൻ തീവ്ര വലതുപക്ഷ സംഘടനയാണ്.
“അമ്മമാർ ട്രംപിനെ സ്നേഹിക്കുന്നു. നിങ്ങൾ ഇത് ഷെയർ ചെയ്യണമെന്ന് കമല ഹാരിസ് തീർച്ചയായും ആഗ്രഹിക്കുന്നില്ല” എന്ന തലക്കെട്ടോടെ, ട്രംപ് അനുകൂലികൾ ഈ വിഡിയോ എക്സിൽ പങ്കുവെച്ചപ്പോൾ, ചിലർ ട്രംപിനെ പ്രോത്സാഹിപ്പിച്ച് കമന്റുകളും ചിലർ ട്രോളാനും മറന്നില്ല. “ട്രംപ് ജനങ്ങളുടെ പ്രസിഡന്റ്” എന്നൊരു പ്രതികരണം എത്തിയപ്പോള്‍, “78 കാരനായ ട്രംപിന്റെ ഹാസ്യപരിപാടി പോലെ തോന്നി” എന്നായിരുന്നു മറ്റൊരാളുടെ ട്രോൾ.
“വെറുമൊരു ഹാസ്യപരിപാടി. നമ്മുടെ വിചിത്രനും അസ്ഥിരനുമായ അമ്മാവൻമാരുടെ മോശമായ പതിപ്പാണ് ട്രംപ്” എന്നും ചിലർ പരിഹസിച്ചു.