AmericaKeralaNews

വയനാടിനായി കൈകോർത്ത് ഷൈനു ക്ലെയർ മാത്യൂസ്.

ആകാശ ചാട്ടത്തിലൂടെ ഇതുവരെ സമാഹരിച്ചത് 11000 പൗണ്ട്; ജീവകാരുണ്യ പ്രവർത്തനസങ്ങളിൽ മാതൃകയായി ഒ ഐ സി സി (യു കെ) അധ്യക്ഷ; കയ്യടിച്ച് യു കെ മലയാളികളും സമൂഹ മാധ്യമങ്ങളും 

നോട്ടിങ്ഹാം: വയനാട് ദുരന്തത്തിനിരയായവർക്ക്   സാന്ത്വനമരുളിക്കൊണ്ട്  ഒ ഐ സി സി (യു കെ) അധ്യക്ഷ ഷൈനു ക്ലെയർ മാത്യൂസ് നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വലിയ പിന്തുണയുമായി യു കെ മലയാളി സമൂഹവും സോഷ്യൽ മീഡിയയും. ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നോട്ടിങ്ഹാമിലെ സ്കൈഡൈവ് ലാങ്ങറിൽ സംഘടിപ്പിക്കപ്പെട്ട ‘സ്കൈ ഡൈവിങ്ങി’ന്റെ ഭാഗമാവുകയായിരുന്നു യു കെയിലെ അറിയപ്പെടുന്ന ചാരിറ്റി പ്രവർത്തക കൂടിയായ ഷൈനു. ഏകദേശം 11,000 പൗണ്ട്  സമാഹരിക്കാൻ ഈ ഉദ്യമത്തിലൂടെ ഇതുവരെ സാധിച്ചിട്ടുണ്ട്.

കേരളത്തെ പിടിച്ചു കുലുക്കിയ ഒരു പ്രകൃതി ദുരന്തത്തിന്റെ ദുരിതത്തിൽ നിന്നും കരകയറുന്നതിന് സഹായകമായി, ചുരുങ്ങിയ ദിവസങ്ങൾക്കൊണ്ട് തീർത്തും സുതാര്യമായി ഇത്തരത്തിലുള്ള സഹസിക പ്രകടനങ്ങളിലൂടെ, വിദേശ മലയാളി സമൂഹത്തിലെ രാഷ്ട്രീയ – സാംസ്കാരിക സംഘടനയയുടെ തലപ്പത്തുള്ള ഒരാൾക്ക്,  ഇത്രയും പണം സ്വരൂപിക്കാൻ സാധിച്ചതും അർഹതപെട്ട കരങ്ങളിൽ അതു എത്തിക്കുന്നതും ആദ്യമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ മാസമാണ് കോൺഗ്രസ്‌ ആഭിമുഖ്യമുള്ള പ്രവാസ സംഘടനയായ ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒ ഐ സി സി) – യുടെ യു കെ ഘടകം അധ്യക്ഷയായി ഷൈനുവിനെ കെ പി സി സി നിയമിക്കുന്നത്. 

വയനാട് ദുരന്തത്തിനിരയായ അനേകം ജീവനുകളുടെ കണ്ണീരൊപ്പുന്നതിനായുള്ള  ജീവകാരുണ്യ പ്രവർത്തന ധന ശേഖരണത്തിന്റെ ഭാഗമായി, 15000 അടി ഉയരത്തിൽ നിന്നും കഴിഞ്ഞ ദിവസം ഷൈനു ക്ലെയർ മാത്യൂസ് വിജയകരമായി പൂർത്തീകരിച്ച ‘ആകാശ ചാട്ടം’ സോഷ്യൽ മീഡിയയിൽ വൻ തരംഗമായിരുന്നു. യു കെയുടെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള മലയാളി സമൂഹം നേരിട്ടും അല്ലാതെയും വലിയ പിന്തുണയാണ്  ഈ സാഹസിക ഉദ്യമത്തിന് നൽകിയത്. ധന സമാഹരണത്തിനായി ഷൈനുവിന്റെയും അവരുടെ ഏയ്ഞ്ചൽ മൗണ്ട്, ക്ലെയർ മൗണ്ട് എന്നീ പ്രസ്ഥാനങ്ങളിലെ ജീവനക്കാരുടേയും  നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്ന് ‘ഫുഡ് ഫെസ്റ്റു’കളും യു കെയിൽ വൻ ഹിറ്റായിരുന്നു. 

ചാരിറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് മുൻപും രണ്ടു തവണ ഇത്തരത്തിലുള്ള സ്കൈ ഡൈവിംഗ് ഷൈനു ക്ലെയർ മാത്യൂസ് നടത്തിയിട്ടുണ്ട്. അതിയായ ആത്മവിശ്വാസം ആവശ്യമായ ആകാശച്ചാട്ടം, ഈ പ്രായത്തിലും അനായാസമായി പൂർത്തീകരിക്കാൻ സാധിച്ചത് അവരുടെ ഇച്ഛാശക്തിയും അർപ്പണബോധവും ഒന്നു കൊണ്ട് മാത്രമാണ് എന്നായിരുന്നു  ഷൈനുവിന്റെ സ്കൈ ഡൈവ് ഇൻസ്ട്രക്ടർ ജാനിന്റെ വാക്കുകൾ. 

ഒരേസമയം അത്ഭുതവും ആകാംഷയും തെല്ലു സമ്മർദ്ധവും പകരുന്നതാണ് ആകാശച്ചാട്ടം. സ്കൈ ഡൈവേഴ്‌സും ഇൻസ്‌ട്രക്ട്ടരും ക്യാമറമാനും അടങ്ങുന്ന സംഘത്തെ ചെറു എയർ ക്രാഫ്റ്റുകളിൽ നിരപ്പിൽ നിന്നും 15000 അടി മുകളിൽ എത്തിക്കുക എന്നതാണ് ആദ്യ കടമ്പ. തുടർന്നു, ലാൻഡിംഗ് സ്പേസ് ലക്ഷ്യമാക്കിയുള്ള ചാട്ടം. മണിക്കൂറിൽ 120 മൈൽ വേഗതയിൽ പായുന്ന ‘ഫ്രീ ഫാൾ’ ആണ് ആദ്യത്തെ 45 – 50 സെക്കൻന്റുകൾ. പിന്നീട്  ഇൻസ്‌ട്രക്ട്ടർ പാരച്യൂട്ട് വിടർത്തി മെല്ലെ സേഫ് ലാൻഡിംഗ് ചെയ്യിക്കുന്നു. ഇതിനിടയിൽ ആകാശകാഴ്ചകളുടെ അത്ഭുതവും പാരച്യൂട്ട് സ്പിന്നിംഗ് പോലുള്ള അഭ്യാസ പ്രകടനങ്ങളുടെ സഹസികതയും അനുഭവിക്കാം. ദൃശ്യങ്ങൾ പകർത്താൻ ക്യാമറാമാനും ഒപ്പം ഉണ്ടാകും. 

ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ മാതൃകയാക്കിയിരിക്കുന്ന ഷൈനു ക്ലിയർ മാത്യൂസ്, വയനാടിനായുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ പങ്കാളിയാവാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ആ കർത്തവ്യബോധം എല്ലാ വെല്ലുവിളികളെയും അതിജീവിക്കാൻ സഹായകകരമായെന്നും സത്യം ഓൺലൈൻ ന്യൂസിനോട് പറഞ്ഞു. മലയാളി സമൂഹത്തിൽ നിന്നും ലഭിക്കുന്ന സഹകരണവും പിന്തുണയുമാണ് ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള തന്റെ ആത്മവിശ്വാസവും ഊർജ്ജവുമെന്നും അവർ കൂട്ടിച്ചേർത്തു.

സെപ്റ്റംബർ 30 വരെ ധന ശേഖരണത്തിനായുള്ള ലിങ്ക് മുഖേന വയനാടിന് സഹായമെത്തിക്കുവാനുള്ള പ്രവർത്തനങ്ങളുടെ  ഭാഗമാകാൻ സാധിക്കും. തന്റെ പ്രവർത്തനങ്ങള നേരിട്ടും അല്ലാതെയും സോഷ്യൽ മീഡിയ വഴിയും പിന്തുണച്ചവർക്കും ഫണ്ട് സമാഹരണം / ഫുഡ് ചലഞ്ചുകൾ എന്നിവയിൽ പങ്കാളികളായവർക്കും എല്ലാ ജീവകാരുണ്യ പ്രവർത്തനങ്ങളിലും ചേർന്നു നിന്ന് പിന്തുണയ്ക്കുന്ന തന്റെ ജീവനക്കാരോടുള്ള നന്ദിയും ഷൈനു ക്ലെയർ മാത്യൂസ് അറിയിച്ചു. 

പൊതു രംഗത്തും ചാരിറ്റി രംഗത്തും സജീവ സാന്നിധ്യമായ ഷൈനു, യു കെയിലെ അറിയപ്പെടുന്ന സംരംഭക കൂടിയാണ്. യു കെയിൽ ക്ലെയർ മൗണ്ട്, ഏയ്ഞ്ചൽ മൗണ്ട്, സിയോൻ മൗണ്ട് എന്നീ കെയർ ഹോമുകളും ഗൾഫ് രാജ്യങ്ങളിൽ ‘ടിഫിൻ ബോക്സ്‌’ എന്ന പേരിൽ 

ഹോട്ടൽ ശൃംഗലകളും നാനൂറോളം സീറ്റിങ് കപ്പാസിറ്റിയുമായി യു കെയിലെ മലയാളി റെസ്റ്റോറന്റുകളിൽ ഏറ്റവും വലിപ്പമേറിയത് എന്ന ഖ്യാതിയുള്ള കവൻട്രിയിലെ ടിഫിൻ ബോക്സ്‌ റെസ്റ്റോറന്റും ഷൈനുവിന്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ്.

റോമി കുര്യാക്കോസ്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button