ജസ്റ്റിൻ ട്രൂഡോയ്‌ക്കെതിരെ ലിബറൽ പാർട്ടിയിൽ അസംതൃപ്തി പ്രകടമാക്കി എംപിമാർ
ഒട്ടാവ: കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പാർട്ടിയുടെ നേതൃത്വത്തിൽ തുടർന്നിരിക്കേണ്ടെന്നും രാജിവെക്കേണമെന്നും ആവശ്യമുന്നയിച്ച് ലിബറൽ പാർട്ടി എംപിമാരും അംഗങ്ങളും. ബുധനാഴ്ച ഒട്ടാവയിലെ പാർലമെന്റ് ഹില്ലിലെ അടച്ചിട്ട മുറിയിൽ ലിബറൽ എംപിമാർ യോഗം ചേർന്നുവെന്ന് സിബിസി ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. 24 എംപിമാരാണ് യോഗത്തിൽ ട്രൂഡോയ്ക്ക് നേരിട്ട് അസംതൃപ്തി പ്രകടിപ്പിച്ച് 28-നകം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടത്.
ബ്രിട്ടിഷ് കൊളംബിയ എംപി പാട്രിക് വീലർ അവതരിപ്പിച്ച പ്രമേയത്തിൽ ഇരുപതിലേറെ എംപിമാർ ഒപ്പുവെച്ചിട്ടുണ്ട്. എങ്കിലും 28-നകം ട്രൂഡോ രാജിവെച്ചില്ലെങ്കിൽ എന്താണ് തുടർന്നുള്ള നടപടിയെന്ന് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടില്ല. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടുത്ത തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് ഡെമോക്രാറ്റിക് പാർട്ടിയിൽ ഉണ്ടായ അതേ ഉണർവാണ് ട്രൂഡോ രാജിവെച്ചാൽ ലിബറൽ പാർട്ടിക്കും ഉണ്ടാവുമെന്ന് പ്രമേയം സൂചിപ്പിക്കുന്നു.
ഇന്ത്യ-കാനഡ ബന്ധം വഷളായിരിക്കുന്ന നിജ്ജർ വധക്കേസിന്റെ പശ്ചാത്തലത്തിലാണ് ട്രൂഡോയോട് പാർട്ടിയംഗങ്ങൾ കടുത്ത നിർബന്ധം ചെലുത്തുന്നത്.
മൂന്നുമണിക്കൂർ നീണ്ട ഈ യോഗത്തിൽ ഓരോ എംപിമാർക്കും രണ്ട് മിനിറ്റ് വീതം പ്രസംഗിക്കാൻ അവസരം ലഭിച്ചു. 2013 മുതൽ ലിബറൽ പാർട്ടിയുടെ നേതാവായ ട്രൂഡോ, 2015 മുതൽ പ്രധാനമന്ത്രിയായി തുടരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ സഖ്യകക്ഷിയായ ന്യൂ ഡെമോക്രാറ്റിക് പാർട്ടി പിന്തുണ പിന്‍വലിച്ചതോടെ ട്രൂഡോയുടേത് ന്യൂനപക്ഷ സർക്കാർ മാത്രമായി മാറി. 338 അംഗ പാർലമെന്റിൽ നിലവിൽ ലിബറൽ പാർട്ടിക്ക് 153 സീറ്റുകളുണ്ട്.