തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയിൽ വ്യാപക നാശനഷ്ടങ്ങൾ. ആലപ്പുഴയിലെ ചെറുതനയിൽ 58 കാരിയായ ശ്യാമള ഇടിമിന്നലേറ്റ് മരിക്കുകയായിരുന്നു. ഹരിപ്പാട് പാടത്ത് ജോലി ചെയ്യുന്നതിനിടെ വൈകുന്നേരം നാലുമണിയോടെ ഇടിമിന്നലേറ്റു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംസ്ഥാനത്തെ തിരുവനന്തപുരത്തും സമീപ ജില്ലകളിലും മഴ ശക്തമായതോടെ നിരവധി പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങി. മുട്ടത്തറ ബൈപ്പാസിലും പ്രധാന റോഡുകളിലും വെള്ളക്കെട്ട് അനുഭവപ്പെട്ടു. കഴക്കൂട്ടം ടെക്നോ പാർക്കിനു സമീപം കാർ വെള്ളക്കെട്ടിൽ കുടുങ്ങി; കഴക്കൂട്ടം ഉള്ളൂർക്കോണത്ത് നാല് വീടുകൾ വെള്ളത്തിലായി, താമസക്കാരെ ബന്ധുവീടുകളിലേക്ക് മാറ്റി. അരുവിക്കര, പേപ്പാറ ഡാമുകളിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ ഭാഗികമായി ഉയർത്തിയതായും ജില്ലാ ഭരണകൂടം അറിയിച്ചു.
കോഴിക്കോട്ടെ ചാത്തമംഗലത്ത് ശക്തമായ മഴയും കാറ്റും മൂലം വ്യാപക നാശനഷ്ടമുണ്ടായി. മരം വീണ് വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. നിരവധി മരങ്ങൾ കടപുഴകിയതോടെ റോഡുകൾ തടസപ്പെട്ടു. മുക്കം ഫയർ ഫോഴ്സ് സ്ഥലത്ത് എത്തി മരക്കൊമ്പുകൾ മുറിച്ച് ഗതാഗതം പുനസ്ഥാപിച്ചു.
തുടർച്ചയായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് അടുത്ത രണ്ടു ദിവസവും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, എറണാകുളം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണെങ്കില്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തുടങ്ങിയ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.