അര്‍ജന്റീനയും മെസ്സിയും കേരളത്തിലേക്ക്: ഫുട്ബോള്‍ പ്രേമികള്‍ക്ക് കായിക മന്ത്രിയുടെ ശുഭവാര്‍ത്ത
കൊച്ചി: ലോക ഫുട്ബോള്‍ ആരാധകര്‍ക്ക് ആവേശം പകരുന്ന വാര്‍ത്ത കായിക മന്ത്രി വി. അബ്ദുറഹിമാന് തന്നെയാണ് സ്ഥിരീകരിച്ചത്. ഫുട്ബോള്‍ ലോകകപ്പ് ജേതാക്കളായ അര്‍ജന്റീന അടുത്ത വര്‍ഷം കേരളത്തില്‍ സൗഹൃദ മത്സരം കളിക്കാന്‍ എത്തും.
കൊച്ചിയാണ് പ്രാഥമിക വേദിയായി പരിഗണിക്കുന്നത്. അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന് ഒരേ സമയം ഒന്നിലധികം മത്സരങ്ങള്‍ക്ക് തയ്യാറായാല്‍ കോഴിക്കോടും തിരുവനന്തപുരവുമാണ് മറ്റ് സാധ്യതാ വേദികള്‍.
മത്സരത്തിനുള്ള എതിരാളികളായി ഫിഫ റാങ്കിങ്ങില്‍ ആദ്യ 50 സ്ഥാനത്തുള്ള ഏഷ്യന്‍ ടീമിനെ പരിഗണിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ക്കായി കായിക മന്ത്രിയും സംഘവും കഴിഞ്ഞ ഒക്ടോബറില്‍ സ്പെയിന് സന്ദര്‍ശിച്ചിരുന്നു. അര്‍ജന്റീന പ്രതിനിധികള്‍ കേരളത്തിലെ സ്റ്റേഡിയങ്ങള്‍ പരിശോധിക്കാനായി ഈ വര്‍ഷം വരുമെന്നായിരുന്നു ആദ്യം അറിയിച്ചത്. പുതിയ വിവരങ്ങള്‍ പ്രകാരം ആ സന്ദര്‍ശനം അടുത്ത വര്‍ഷത്തേക്കാണ് മാറ്റിയിരിക്കുന്നത്.
പ്രതിഫലങ്ങള്‍ അടക്കം മത്സരം സംഘടിപ്പിക്കാനുള്ള ചെലവ് 200 കോടി രൂപ കവിഞ്ഞേക്കുമെന്നാണ് പ്രതീക്ഷ. കൂടാതെ കേരളത്തില്‍ ഫുട്ബോള്‍ അക്കാദമികള്‍ ആരംഭിക്കാന്‍ അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷനുമായി ധാരണയായേക്കുമെന്ന സൂചനകളും ഉണ്ട്.