ഗൈനക്കോളജിക്-ഓങ്കോളജിസ്റ്റ്സ് സമ്മേളനം ഡിസംബർ 6 ന് കൊച്ചിയിൽ ആരംഭിക്കും
കൊച്ചി: അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനം 2024 ഡിസംബർ 6 മുതൽ 8 വരെ കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കും. “ഒരുമിച്ച് നാളെയിലേക്ക്” എന്ന പ്രമേയവുമായി നടക്കുന്ന പരിപാടിയിൽ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കും.
കോൺഫറൻസിൽ റോബോട്ടിക് ശസ്ത്രക്രിയകൾ, പ്രിവൻ്റീവ് ഓങ്കോളജി, കോൾപോസ്കോപ്പി എന്നിവയിൽ പ്രത്യേക ശിൽപശാലകൾ നടക്കും. സൈറ്റോറിഡക്റ്റീവ് സർജറി, ലിംഫ് നോഡ് ഡിസെക്ഷൻ, റിസ്ക് റിഡക്ഷൻ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായിരിക്കും. അണ്ഡാശയത്തിലെ ജെം സെൽ ട്യൂമറുകൾക്കുള്ള കീമോതെറാപ്പി പ്രോട്ടോക്കോളുകളെ കുറിച്ച് ഡോ. മൈക്കൽ സെക്കലിൻ്റെ ഒരു പ്രത്യേക പ്രഭാഷണം ഉണ്ടാകും. ഡോ. സാകേത് ഗുണ്ടുപള്ളി അണ്ഡാശയ അർബുദ ശസ്ത്രക്രിയയിലെ നൂതന രീതികളെക്കുറിച്ച് മുഖ്യപ്രഭാഷണം നടത്തും.
ശസ്ത്രക്രിയാ സങ്കീർണതകൾ, ഫെർട്ടിലിറ്റി പ്രിസർവേഷൻ , ഓങ്കോജെനെറ്റിക്സ് എന്നിവയെക്കുറിച്ച് പാനൽ ചർച്ചകൾ സംഘടിപ്പിക്കും. പ്രഗത്ഭരായ പ്രൊഫഷണലുകളുടെയും യുവ ഗവേഷകരുടെയും ഗവേഷണ പേപ്പറുകളുടെ അവതരണവും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. ഡോ. ക്രിസ്റ്റീൻ വാൽഷ്, ഡോ. ആർടെം സ്റ്റെപന്യൻ തുടങ്ങിയ അന്തർദേശീയ വിദഗ്ധരും സമ്മേളനത്തിൽ പങ്കെടുക്കും. ഡിസംബർ 6 ന് വൈകുന്നേരം 6:00 മണിക്ക് ഉദ്ഘാടനവും 8ആം തീയതി സമാപന സമ്മേളനവും നടക്കും.