ന്യൂഡല്‍ഹി: വീണ്ടും റെക്കോര്‍ഡ് വിമാന ഓര്‍ഡറുകള്‍ നല്കി ലോകത്തെ ഞെട്ടിച്ച് എയര്‍ ഇന്ത്യ. പുതിയതായി 100 എയര്‍ബസുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതായി എയര്‍ ഇന്ത്യ തിങ്കളാഴ്ച സ്ഥിരീകരിച്ചു. കഴിഞ്ഞ വര്‍ഷം 470 വിമാനങ്ങള്‍ക്ക് ഓര്‍ഡര്‍ നല്‍കിയതിനു ശേഷമുള്ള ഈ നീക്കം ഇന്ത്യയുടെ ആകാശത്ത് പുതിയ അധ്യായം തുറക്കുകയാണ്.
ഓര്‍ഡറില്‍ 10 വൈഡ്ബോഡി എ350 വിമാനങ്ങളും 90 നാരോബോഡി എ321നിയോ എയര്‍ക്രാഫ്റ്റുകളും ഉള്‍പ്പെടുന്നു. ഇത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഇന്ത്യയുടെ വൈദഗ്ധ്യവും സഞ്ചാര സൗകര്യവും വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് കരുത്തേകുന്നു.
രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം വന്‍ തോതില്‍ വര്‍ധിച്ചതും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെട്ടതും ഈ പുതിയ നീക്കത്തിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്. അതേസമയം, ആഗോളതലത്തില്‍ സഞ്ചാരിക്കുന്ന യുവാക്കളുടെ എണ്ണത്തിന്റെ വര്‍ധനയും എയര്‍ ഇന്ത്യയുടെ വിപുലീകരണ ശ്രമങ്ങള്‍ക്ക് തുണയായിട്ടുണ്ട്.
“ഇന്ത്യയെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും ബന്ധിപ്പിക്കുന്ന ലോകോത്തര വിമാനക്കമ്പനിയായി എയര്‍ ഇന്ത്യയെ മാറ്റുകയാണ് നമ്മുടെ ലക്ഷ്യം,” എന്നാണ് ടാറ്റ സണ്‍സ് ചെയര്‍മാനും എയര്‍ ഇന്ത്യ ചെയര്‍മാനുമായ എന്‍ ചന്ദ്രശേഖരന് പ്രതികരിച്ചത്. പുതിയ 100 എയര്‍ബസുകള്‍ എത്തുന്നതോടെ എയര്‍ ഇന്ത്യയുടെ ആഗോള സാന്നിധ്യം കൂടുതല്‍ ശക്തമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.