KeralaLatest NewsNewsPolitics

ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഭൂരിപക്ഷം; മൂന്ന് പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടം

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ മുന്നേറ്റം. 31 സീറ്റുകളിലായി നടന്ന വോട്ടെടുപ്പില്‍ യുഡിഎഫ് 17 സീറ്റുകളിൽ വിജയം സ്വന്തമാക്കി. എല്‍ഡിഎഫ് 11 സീറ്റിലും ബിജെപി മൂന്ന് സീറ്റിലും വിജയിച്ചു.

ഉപതെരഞ്ഞെടുപ്പിന്റെ തോല്‍വിയെത്തുടര്‍ന്ന് തൃശൂര്‍ നാട്ടിക, പാലക്കാട് തച്ചമ്പാറ, ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തുകളില്‍ ഇടതുമുന്നണിക്ക് ഭരണം നഷ്ടമായി.

നാട്ടികയില്‍ എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റിൽ യുഡിഎഫ് അട്ടിമറിയോടെ വിജയിച്ചു. യുഡിഎഫിലെ പി. വിനു 115 വോട്ടുകള്‍ക്കാണ് നേട്ടമുണ്ടാക്കിയത്. പാലക്കാട് തച്ചമ്പാറയുടെ നാലാം വാര്‍ഡില്‍ യുഡിഎഫിന്റെ അലി തേക്കത്ത് (മുസ്ലിം ലീഗ്) 28 വോട്ടുകള്‍ക്കാണ് വിജയിച്ചത്.

ഇടുക്കി കരിമണ്ണൂര്‍ പഞ്ചായത്തിലെ പന്നൂര്‍ വാര്‍ഡില്‍ യുഡിഎഫിലെ എ. എന്‍. ദിലീപ് കുമാര്‍ 127 വോട്ടുകൾക്ക് എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റ് പിടിച്ചെടുത്തു. ഇതോടെ പഞ്ചായത്തിൽ ഭരണ മാറ്റത്തിനും സാധ്യതയുണ്ടായി.

അതേസമയം, കൊല്ലം കുന്നത്തൂര്‍ പഞ്ചായത്ത് അഞ്ചാംവാര്‍ഡ് എല്‍ഡിഎഫ് ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തു. ഈരാറ്റുപേട്ട നഗരസഭയിലെ കുഴിവേലി ഡിവിഷന്‍ യുഡിഎഫ് നിലനിര്‍ത്തി. യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി റുബീന നാസര്‍ 100 വോട്ടുകൾക്ക് വിജയിച്ചു.

ഇടുക്കി ബ്ലോക്ക് പഞ്ചായത്തിലെ കഞ്ഞിക്കുഴി വാര്‍ഡിലും യുഡിഎഫിന് വിജയം. യുഡിഎഫ് സ്ഥാനാര്‍ത്ഥി സാന്ദ്ര മോള്‍ ജിന്നി 753 വോട്ടുകൾക്കാണ് വിജയിച്ചത്. കൊടുങ്ങല്ലൂര്‍ നഗരസഭയിലെ ചേരമാന്‍ ജുമാ മസ്ജിദ് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥി ഗീതാ റാണി 66 വോട്ടുകൾക്കാണ് സീറ്റ് നിലനിര്‍ത്തിയത്.

മലപ്പുറം തൃക്കലങ്ങോട് പഞ്ചായത്തിലെ മരത്താണി വാര്‍ഡില്‍ യുഡിഎഫിലെ ലൈല ജലീല്‍ 550 വോട്ടുകൾക്ക് വിജയം നേടി. ആലംകോട് പഞ്ചായത്തിലെ പെരുമുക്ക് വാര്‍ഡ് സിപിഎം യുഡിഎഫില്‍ നിന്നും പിടിച്ചെടുത്തു. കണ്ണൂര്‍ മാടായി പഞ്ചായത്തിലെ മാടായി വാര്‍ഡില്‍ സിപിഎം 234 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ സീറ്റ് നിലനിര്‍ത്തി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button