HealthKeralaLatest NewsNews

ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്‍റര്‍ ഉദ്ഘാടനം ചെയ്തു

തിരുവല്ല: ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്‍ററിന്‍റെ ഉദ്ഘാടനം ജോയ് ഓഫ് ഹെല്‍പ്പിംഗ് യുഎസ്എ സ്ഥാപകന്‍ രമേഷ് ഷാ നിര്‍വഹിച്ചു. വാദ്യമേളങ്ങളോടെയായിരുന്നു മുഖ്യാതിഥികളെ സ്വീകരിച്ചത്. മാഞ്ഞൂര്‍ പാലിയേക്കര നോര്‍ത്തിലെ ആല്‍ഫ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. തിരുവല്ല മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ അനു ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. യു.എസ്.എ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സര്‍വമംഗള്‍ ഫാമിലി ട്രസ്റ്റാണ് പ്രവര്‍ത്തനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാക്കിയത്.

ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശോഭ വിനു, വാര്‍ഡ് കൗണ്‍സിലര്‍ മാത്യു ചാക്കോ, ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ചന്ദ്രമോഹന്‍ നായര്‍, എം.എസ്.ഐ ഇന്‍റര്‍നാഷണല്‍ സി.എസ്.ആര്‍ ഹെഡ് ശ്രീമതി. ജാസ്മിന്‍ ശര്‍മ, പ്രദീപ് ശര്‍മ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ആല്‍ഫ പാലിയേറ്റീവ് കെയര്‍ തിരുവല്ല സെന്‍റര്‍ സെക്രട്ടറി ജോര്‍ജ് വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് ലാല്‍ നന്ദാവനം സ്വാഗതവും ട്രഷറര്‍ ജയകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

തിരുവല്ല നഗരസഭാ പ്രദേശങ്ങളിലും ചുറ്റുമുള്ള ഗ്രാമപഞ്ചായത്തുകളിലും ഡോകേടഴ്സ് ഹോം കെയര്‍, നഴ്സസ് ഹോം കെയര്‍, പാലിയേറ്റീവ് ഫിസിയോതെറാപ്പി, കുടുംബ പുനരധിവാസ സഹായങ്ങള്‍ എന്നീ സേവനങ്ങള്‍ ഈ കേന്ദ്രത്തില്‍നിന്ന് സൗജന്യമായി ലഭ്യമാക്കും. ഫിസിയോതെറാപ്പി കേന്ദ്രത്തില്‍ തനിയെ എത്താന്‍ ബുദ്ധിമുട്ടുള്ളവരെ വാഹനമയച്ച് കൊണ്ടുവന്ന് ഫിസിയോതെറാപ്പി സേവനത്തിനുശേഷം തിരികെ വീട്ടിലെത്തിക്കുന്ന ഓജസ് എന്ന പദ്ധതിയും കേന്ദ്രത്തില്‍ ഉണ്ടായിരിക്കും.

തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന്‍റ 23-ാമത് കേന്ദ്രമാണ് തിരുവല്ലയില്‍ ഉദ്ഘാടനം ചെയ്യപ്പെട്ടത്. ഓരോ നാട്ടിലെയും സന്നദ്ധപ്രവര്‍ത്തകരുടെ നേതൃത്വത്തിലും ഉടമസ്ഥതയിലും സ്വയംപര്യാപ്ത പാലിയേറ്റീവ് പരിചരണ കേന്ദ്രങ്ങളുണ്ടാക്കി രോഗബാധിതര്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മണിക്കൂറില്‍ സേവനമെത്തിക്കുക എന്നതാണ് ആല്‍ഫ പിന്തുടരുന്ന രീതി.
ഒക്ടോബറിലെ കണക്കനുസരിച്ച് 61141 പേര്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞു. നിലവില്‍ 10,283 പേര്‍ക്ക് പരിചരണം നല്‍കുകയും ചെയ്യുന്നു. കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാര്‍ധക്യം മൂലവും അപകടങ്ങള്‍ മൂലവും കിടപ്പിലായവര്‍ക്കു ഹോം കെയര്‍ സേവനവും അപകടങ്ങള്‍, സ്ട്രോക്ക് തുടങ്ങിയവ മൂലം ചലനശേഷി പരിമിതപ്പെട്ടവര്‍ക്ക് പാലിയേറ്റീവ് ഫിസിയോ തെറാപ്പി തുടങ്ങിയവയാണ് പ്രധാന സേവനങ്ങള്‍. എല്ലാ സേവനങ്ങളും സൗജന്യമായാണ് നല്‍കുക. പൊതുജനങ്ങളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നുമുള്ള സംഭാവനകള്‍ സ്വീകരിച്ചാണ് ഇതു നിര്‍വഹിക്കുക.    
ജാതിമത രാഷ്ട്രീയ സാമ്പത്തിക വേര്‍തിരിവുകളില്ലാതെ, രോഗിയുടെ വേദനയ്ക്കു പ്രാമുഖ്യം നല്‍കുന്ന കാരുണ്യസമൂഹങ്ങള്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ചുറ്റും എന്ന കാഴ്ചപ്പാടോടെയാണ് ആല്‍ഫ പ്രവര്‍ത്തിക്കുന്നത്. ഇതിനായി ഓരോ ജില്ലയിലും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പാലിയേറ്റീവ് പരിചരണത്തെ പരിചയപ്പെടുത്തുകയും ഇടപെടലുകള്‍ നടത്താന്‍ വിദ്യാര്‍ത്ഥികളെ സഹായിക്കുകയും ചെയ്യുന്ന സ്റ്റുഡന്‍റ്സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങളും സമാന്തരമായി നടന്നുവരുന്നു.

2030ന് മുമ്പ് സംസ്ഥാനമെങ്ങും ഈ സേവനങ്ങള്‍ ഉറപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കംപാഷണേറ്റ് കേരളം- വിഷന്‍ 2030 എന്ന പദ്ധതിക്കു കീഴില്‍ ആദ്യഘട്ടത്തില്‍ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ജില്ലകളിലാണ് പുതിയ കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ മൂന്നു കേന്ദ്രങ്ങളും തുടര്‍ന്ന് ജില്ല മുഴുവന്‍ സേവനമെത്തിക്കുന്ന തരത്തില്‍ ഓരോ മുനിസിപ്പല്‍ കേന്ദ്രങ്ങളിലോ ബ്ലോക്ക് പഞ്ചായത്ത് പരിധികളിലോ ആയിരിക്കും കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. പിന്നീട് കിടത്തി ചികിത്സ, ഡയാലിസിസ്, കെയര്‍ ഹോം തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാക്കുന്ന ഹോസ്പീസും ജില്ലയില്‍ ഒന്ന് എന്ന നിലയിലും ആരംഭിക്കും. ആല്‍ഫയുടെ തൃശൂര്‍ എടമുട്ടത്തു പ്രവര്‍ത്തിക്കുന്ന കേന്ദ്രത്തില്‍ ഈ സൗകര്യങ്ങളെല്ലാം നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നു. കൂടാതെ ഒരേസമയം 45 പേര്‍ക്ക് ജീവിതാന്ത്യ പരിചരണവും 90 പേര്‍ക്ക് ഫിസിയോ തെറാപ്പി കിടത്തിചികിത്സയും നല്‍കാന്‍ കഴിയുന്ന ലോകത്തിനു മാതൃകയാകുന്ന പുതിയ ഹോസ്പീസ് നിര്‍മാണം പൂര്‍ത്തിയായി വരികയുമാണ്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button