ട്രംപിനെതിരായ “ബലാത്സംഗം” പരാമർശം: മാനനഷ്ടക്കേസ് തീർപ്പാക്കാൻ എബിസി ന്യൂസിന് $15 മില്യൺ നഷ്ടപരിഹാരം
ന്യൂയോർക്ക്: ഡൊണാൾഡ് ട്രംപ് “ബലാത്സംഗത്തിന് ഉത്തരവാദി”യാണെന്ന എബിസി ന്യൂസിന്റെ പ്രമുഖ അവതാരകൻ ജോർജ്ജ് സ്റ്റെഫാനോപോലസ് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസ് എബിസി ന്യൂസ് $15 മില്യൺ നൽകികൊണ്ട് തീർപ്പാക്കി. കൂടാതെ, സ്റ്റെഫാനോപോലസ് നടത്തിയ പരാമർശത്തിൽ ഖേദം രേഖപ്പെടുത്തുന്ന ഒരു ഔദ്യോഗിക പ്രസ്താവനയും എബിസി പ്രസിദ്ധീകരിക്കുമെന്ന് കമ്പനി അറിയിച്ചു.
ഓതുതീർപ്പിന്റെ ഭാഗമായും ട്രംപിന് നിയമപരിരക്ഷയ്‌ക്ക് ചെലവായ 10 ലക്ഷം ഡോളറും എബിസി നൽകണം.
സംഭവത്തിന്റെ പശ്ചാത്തലം
മാർച്ച് 10-ന് എബിസി ന്യൂസിന്റെ ഒരു അഭിമുഖത്തിനിടെ ജോർജ്ജ് സ്റ്റെഫാനോപോലസ്, സൌത്ത് കരോലിന കോൺഗ്രസ് അംഗം നാൻസി മെയ്സുമായി സംസാരിക്കുന്നതിനിടെ, ട്രംപ് ബലാത്സംഗം നടത്തിയതായി പരാമർശിച്ചിരുന്നു.
അതേസമയം, 1996-ൽ കോളമിസ്റ്റും എഴുത്തുകാരിയുമായ ജീൻ കരോളിനെ ഒരു ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിന്റെ ഡ്രസ്സിംഗ് റൂമിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തതിന് ട്രംപ് കുറ്റക്കാരനാണെന്ന് കഴിഞ്ഞ വർഷം ന്യൂയോർക്ക് സിവിൽ കോടതി കണ്ടെത്തിയിരുന്നു.
“ലൈംഗിക ദുരുപയോഗം”യ്ക്കും “ബലാൽസംഗം”യ്ക്കും വ്യത്യസ്ത നിയമനിർവചനങ്ങളാണുള്ളതെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ട്രംപിനെതിരായ കേസിൽ ലൈംഗിക ദുരുപയോഗം ആണ് തെളിയിച്ചിട്ടുള്ളത്. എന്നാൽ, “ബലാൽസംഗം” എന്ന പദം സ്റ്റെഫാനോപോലസ് അഭിമുഖത്തിൽ ഉപയോഗിച്ചതാണ് വിവാദത്തിനും കേസ് തീർപ്പാക്കലിനും കാരണമായത്.