ശബരിമല: ഇരുമുടിക്കെട്ടുമായി മല ചവിട്ടി അയ്യപ്പ സന്നിധിയിൽ ചാണ്ടി ഉമ്മൻ എം.എൽ.എ. പതിനെട്ടാംപടി കയറി, മറ്റ് തീർത്ഥാടകരുടെ കൂട്ടത്തിൽ ക്യു നിന്നാണ് സോപാനത്തിലെത്തിയത്. തനിക്ക് പ്രത്യേക പരിഗണന ആവശ്യമില്ലെന്ന് വ്യക്തമാക്കി ഭക്തർക്കൊപ്പം തൊഴുത് നീങ്ങുകയായിരുന്നു എം.എൽ.എ.
മാളികപ്പുറത്ത് എത്തിയതോടെ തീർത്ഥാടകർ ചാണ്ടി ഉമ്മനെ തിരിച്ചറിഞ്ഞു. എം.എൽ.എയെ ശബരിമലയിൽ കണ്ടതിൽ ഭക്തർ അപ്രതീക്ഷിതമായ സന്തോഷം പ്രകടിപ്പിച്ചു. ഫോട്ടോ എടുക്കാൻ ഭക്തർ കൂട്ടം കൂടി.
ഇതാദ്യമായല്ല എം.എൽ.എ ശബരിമല ദർശനം നടത്തുന്നത്. 2022ലാണ് ആദ്യമായി മല ചവിട്ടി അയ്യനെ കാണാനെത്തിയത്. ഇത്തവണ വൃശ്ചികം ഒന്നിന് തന്നെ മാലയിട്ട് വ്രതം ആരംഭിച്ചിരുന്നു.
നടൻ ദിലീപിന് ശബരിമലയിൽ വിഐപി സൗകര്യം ലഭിച്ചത് വിവാദമായതിനിടെ, ഭക്തർക്കൊപ്പം സാധാരണ തീർത്ഥാടകനായി ചാണ്ടി ഉമ്മൻ എത്തിയത് ശ്രദ്ധേയമായി.