ഇടുക്കി: കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത മുളങ്ങാശേരിൽ സാബുവും സിപിഎം ഏരിയ സെക്രട്ടറിയും മുൻ ബാങ്ക് പ്രസിഡന്റുമായ വി.ആർ. സജിയുമായുള്ള ഫോൺ സംഭാഷണം പുറത്ത്. സാബുവിന്റെ ആത്മഹത്യയ്ക്ക് മുൻപുണ്ടായ ഈ സംഭാഷണത്തിൽ, നിക്ഷേപിച്ച പണം ചോദിച്ചെത്തിയപ്പോൾ ബാങ്ക് ജീവനക്കാരൻ ബിനോയ് പിടിച്ചു തള്ളിയെന്നും, താൻ തിരിച്ചടിച്ചതിനാൽ പ്രശ്നമുണ്ടാക്കിയെന്നുമാണ് സാബു സജിയോട് പറഞ്ഞത്. “നിങ്ങൾ അടി വാങ്ങിക്കേണ്ട സമയം കഴിഞ്ഞു, പണി മനസ്സിലാക്കി തരാം” എന്നൊക്കെയുള്ള ഭീഷണിയുമായാണ് സജി പ്രതികരിച്ചത്.
നിക്ഷേപത്തുക തിരികെ നൽകാതെ ബാങ്ക് അധികൃതർ
സാബുവിന്റെ ഭാര്യ മേരിക്കുട്ടി പറഞ്ഞതനുസരിച്ച്, കുടുംബ ആവശ്യങ്ങൾക്ക് ആവശ്യമായ നിക്ഷേപത്തുക തേടിയിട്ടും ബാങ്ക് അധികൃതർ തുക തിരികെ നൽകാൻ തയ്യാറായിരുന്നില്ല. “സാബു ജീവനൊടുക്കുമെന്ന് ഞങ്ങൾ കരുതിയില്ല. അദ്ദേഹം സ്വന്തം അധ്വാന പണമാണ് ചോദിച്ചത്,” മേരിക്കുട്ടി പറഞ്ഞു.
വ്യാഴാഴ്ച രാത്രി കട്ടപ്പന റൂറൽ ഡിവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻവശത്തെ ചവിട്ടുപടിയുടെ ഹാൻഡ് റെയിലിൽ തുങ്ങിമരിച്ച നിലയിലായിരുന്നു സാബുവിന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് സ്ഥലത്തുനിന്ന് പൊലീസ് കണ്ടെടുത്തു. സൊസൈറ്റി സെക്രട്ടറി റെജി, ജീവനക്കാരായ ബിനോയി, സുജാമോൾ എന്നിവരാണ് തന്റെ ആത്മഹത്യയ്ക്ക് കാരണം എന്ന് സാബു കുറിപ്പിൽ പരാമർശിച്ചിട്ടുണ്ട്.
14 ലക്ഷം രൂപ സാബുവിന് തിരിച്ചുകിട്ടേണ്ടതായിരുന്നുവെന്നാണ് സൂചന. “വൈരധിഷ്ടിതമായി കൈയേറ്റം ചെയ്യാനും അസഭ്യം പറയാനും അവർ ശ്രമിച്ചു,” എന്നും ആത്മഹത്യക്കുറിപ്പിൽ പറയുന്നു.
സാബു വെറൈറ്റി എന്ന പേരിൽ ലേഡീസ് സെന്റർ നടത്തിവരികയായിരുന്നു. ഭാര്യയുടെ ശസ്ത്രക്രിയ ആവശ്യത്തിനായായിരുന്നു പണം ആവശ്യപ്പെട്ടത്. ഈ സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.