സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് തകര്‍ന്നു; വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു.
വാഷിംഗ്ടണ്‍: ടെക്സാസില്‍നിന്ന് വ്യാഴാഴ്ച വിക്ഷേപിച്ച സ്പേസ് എക്സിന്റെ സ്റ്റാര്‍ഷിപ്പ് ബഹിരാകാശ പേടകം വിക്ഷേപണ ശേഷം തകര്‍ന്നതോടെ, വിമാന സര്‍വീസുകള്‍ക്ക് തടസമുണ്ടായി. സൗത്ത് ടെക്സാസില്‍നിന്ന് ഏഴാമത്തെ പരീക്ഷണ പറക്കലിനായി പുറപ്പെട്ട സ്റ്റാര്‍ഷിപ്പ് അധികം താമസിയാതെ പൊട്ടിത്തെറിക്കുകയായിരുന്നു.
ഭൂമിയെ വലംവെച്ച് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിക്കാനായിരുന്നു പദ്ധതി. സൂപ്പര്‍ ഹെവി ബൂസ്റ്ററില്‍നിന്ന് അപ്പര്‍ സ്റ്റേജ് വേര്പെട്ടതിനുശേഷമാണ് അപകടം സംഭവിച്ചത്. എന്നാല്‍, ബൂസ്റ്റര്‍ വിജയകരമായി താഴേക്ക് എത്തുകയും ലോഞ്ച് പാഡിലെ കൂറ്റന്‍ യന്ത്രക്കൈകള്‍ അതിനെ സുരക്ഷിതമായി പിടിച്ചെടുക്കുകയും ചെയ്തു.
കരീബിയന്‍ കടലിനു മുകളിലൂടെയുള്ള ഫ്ളോറിഡയിലെ ചില വിമാന സര്‍വീസുകള്‍ വൈകിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കൂടാതെ, മെക്സിക്കോ ഉള്‍ക്കടലിനു മുകളിലൂടെയുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടതോടെയാണ് ബഹിരാകാശ പേടകത്തിന്റെ അവശിഷ്ടങ്ങള്‍ വീണുണ്ടാകാവുന്ന അപകടം ഒഴിവാക്കിയത്.