കെഎംഎ വാർഷിക മാനേജ്‌മെന്റ് കൺവൻഷന് തുടക്കമായി
നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് രാജീവ് ചന്ദ്രശേഖർ
കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) നാല്പത്തിരണ്ടാമത് മാനേജ്‌മെന്റ് കൺവൻഷന് കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്ത് കൺവൻഷൻ സെന്ററിൽ തുടക്കമായി. മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ ദ്വിദിന കൺവൻഷൻ ഉദ്‌ഘാടനം ചെയ്തു. നവീകരണമാകും ഭാവിയെ രൂപപ്പെടുത്തുകയെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വ്യക്തിതികളുടേതായാലും സ്ഥാപനങ്ങളുടേതായാലും സർക്കാരുകളുടേതായാലും വിജയവും പരാജയവും നിർണയിക്കാൻ പോകുന്നത് നവീകരണത്തെ എത്രത്തോളം ഉൾക്കൊള്ളുന്നു എന്നത് അടിസ്ഥാനമാക്കിയായിരിക്കും. നവീകരണം കേവലം സ്റ്റാർട്ടപ്പുകളിലോ സാങ്കേതിക വിദ്യകളിലോ മാത്രം ഒതുങ്ങുന്നതല്ല. നയരൂപീകരണത്തിലടക്കം നവീകരണം അനിവാര്യമാണ്. ഉദ്പാദന രംഗത്ത് കൂടുതൽ രാജ്യങ്ങൾ മത്സരിക്കുന്നുണ്ട്. ആഗോള വത്കരണം ഉദയകക്ഷി ബന്ധങ്ങൾക്ക് വഴിമാറി. വൈദഗ്ധ്യമായിരിക്കും പുതു തലമുറയുടെ ഭാവിയെ നിശ്ചയിക്കുക. കൂടുതൽ നിക്ഷേപം സമാഹരിക്കാൻ കൂടുതൽ പ്രതിഭയും അവസരങ്ങളും ആവശ്യമാണ്. വരും നൂറ്റാണ്ടിൽ കൂടുതൽ പ്രതിഭകളുള്ള രാജ്യം കൂടുതൽ നേട്ടമുണ്ടാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
ബിസ്‌ലേരി ഇന്റർനാഷണൽ സിഇഒ ആഞ്ചലോ ജോർജ് മുഖ്യപ്രഭാഷണം നടത്തി. ഡിജിറ്റൽ ഓഡിയൻസിനനുസൃതമായി മാർക്കറ്റിംഗ് തന്ത്രങ്ങൾ രൂപപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് പൂർണമായും പ്രവർത്തനം നടത്തിയ അപൂർവം കമ്പനികളിൽ ഒന്നാണ് ബിസ്ലേരി. സുസ്ഥിര വികസനത്തിനായി നിലകൊള്ളുന്ന ഉത്പന്നങ്ങൾ തെരഞ്ഞെടുക്കുന്ന തലത്തിലേക്ക് ഉപഭോക്തൃ താൽപര്യങ്ങൾ മാറിയെന്നും അദ്ദേഹം പറഞ്ഞു.
ദുബായ് പോർട്ട് അഥോറിറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ ഇബ്രാഹിം അൽബ്ലൂഷി വിശിഷ്ടാതിഥിയായി പങ്കെടുത്തു. മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറായാൽ മാത്രമേ നവീകരണം സാധ്യമാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഭാവിയെ രൂപപ്പെടുത്തുന്നതിൽ നവീകരണത്തിന് നിർണായക സ്വാധീനമുണ്ട്. തന്ത്രപരമായ മാനേജ്മെൻ്റ് രീതികൾക്ക് ഏറെ പ്രസക്തിയുണ്ട്. നവീകരണവും സുസ്ഥിരതയുമാണ് പരിവർത്തനത്തിലേക്ക് നയിക്കുന്നതെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
അബീർ മെഡിക്കൽ ഗ്രൂപ്പ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ.അഹ്‌മദ് ആലുങ്കൽ, എം പി ആർ എസ് ഷിപ്പിംഗ് ആൻഡ് ലോജിസ്റ്റിക്സ് ഇന്റർനാഷണൽ ബിസിനസ് സിഇഒ യഷ് റാഡിയ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
കെ എം എ പ്രസിഡൻറ് ബിബു പുന്നൂരാൻ അധ്യക്ഷത വഹിച്ചു. കൺവൻഷൻ ചെയർ കെ ഹരികുമാർ സ്വാഗതം പറഞ്ഞു. ഓണററി സെക്രട്ടറി ഡോ. അനിൽ ജോസഫ് നന്ദി പറഞ്ഞു.
” ഇന്നവേറ്റ് ടു എലിവേറ്റ് ” എന്നതാണ് ഇത്തവണ ചർച്ചാ വിഷയം. ഇന്ന് നടക്കുന്ന സെഷനുകളിൽ ബിഗ്‌ബാസ്‌ക്കറ്റ് കോ ഫൗണ്ടർ ഹരി മേനോൻ, ബാറ്റ എ പി എ സി പ്രസിഡന്റ് രാജീവ് ഗോപാലകൃഷ്ണൻ, ഐടിസി ഫുഡ്സ് സി ഒ ഒ രോഹിത് ഡോഗ്ര, നയാരാ എനർജി എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ പണിക്കർ, ഒഎൻഡിസി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ടി കോശി എന്നിവർ പ്രഭാഷണം നടത്തും.
ഇന്നവേഷൻ ഇൻ ഫാഷൻ എന്ന സെഷനിൽ വിനോദ് നായർ, പ്രൊഫ. സോമേഷ് സിംഗ്, ഉമ പ്രജാപതി, ഡോ. ഡാർലി കോശി, ഡിസൈനർ റൗക്ക സ്ഥാപകൻ ശ്രീജിത് ജീവൻ എന്നിവരും, ഫിൻ ടെക്ക് പാനലിൽ ഐഐഎം കോഴിക്കോട് അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് അബ്ദുള്ള, എൻ എസ് ഇ ഇൻറർമീഡിയറി റിലേഷൻഷിപ്പ്സ് മേധാവി അഭിഷേക് വലവാക്കർ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡൻ്റ് സി സുമോത് എന്നിവരും സംസാരിക്കും.
സെലിബ്രെറ്റ് സക്സസ് എന്ന വിഷയത്തിൽ നടക്കുന്ന പാനൽ ചർച്ചയിൽ കെ എസ് ഐ ഡി സി ചെയർമാൻ സി ബാലഗോപാൽ മുഖ്യ പ്രഭാഷണം നടത്തും. എസ് സുഹാസ്, പ്രവീൺ തോമസ്, അഫ്‍ഥേൽ എ വഹാബ്, യാഷ് റാഡിയ, സുനിൽ കെ സക്കറിയ, സ്റ്റിഫൻ ദേവസ്സി, ജേക്കബ് ജോയ്, നികിത ശങ്കർ എന്നിവർ സംസാരിക്കും. സമാപന ചടങ്ങിൽ തോമസ് മാത്യു, കെ എസ് ശബരീനാഥൻ എന്നിവർ പങ്കെടുക്കും.