കേരള മാനേജ്മെന്റ് അസോസിയേഷൻ വാർഷിക മാനേജ്മെന്റ് കൺവെൻഷൻ സമാപിച്ചു
കൊച്ചി: കേരള മാനേജ്മെന്റ് അസോസിയേഷൻ വാർഷിക മാനേജ്മെന്റ് കൺവെൻഷൻ സമാപിച്ചു. ബോൾഗാട്ടി ഗ്രാന്റ് ഹയാത്തിൽ രണ്ടു ദിവസങ്ങളിലായാണ് കൺവെൻഷൻ നടന്നത്.
ദൈവമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കൽ രത്തൻ ടാറ്റയിൽ ദൈവത്തെ കാണാമെന്ന് മുൻ ഐ എ എസ് ഉദ്യോഗസ്ഥനും രതൻ ടാറ്റ എ ലൈഫ് പുസ്തക രചയിതാവുമായ തോമസ് മാത്യു പറഞ്ഞു. സമാപന സെഷനിൽ രതൻ ടാറ്റയുടെ ജീവിതവും കാലവും എന്ന വിഷയത്തിൽ മുൻ എം എൽ എ കെ എസ് ശബരീനാഥനുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൂടുതൽ ലാഭം ഉണ്ടാകുന്നതിന് അനുസരിച്ച് സാമൂഹ്യ സേവനങ്ങൾ കൂടുതൽ ചെയ്യാനാണ് രതൻ ടാറ്റ ആഗ്രഹിച്ചതെന്ന് തോമസ് മാത്യു പറഞ്ഞു. കേരളത്തിൽ പ്രളയം ഉണ്ടായപ്പോൾ ആദ്യം സഹായിച്ചവരിൽ ഒരാൾ ടാറ്റയാണെങ്കിലും അക്കാര്യം പരസ്യമാക്കാൻ രത്തൻ ടാറ്റ ആഗ്രഹിച്ചിരുന്നില്ലെന്ന് കെ എസ് ശബരീനാഥൻ ഓർമ പങ്കുവെച്ചു.
ഇനി ക്വിക്ക് കൊമേഴ്സിന്റെ കാലമാണെന്ന് ബിഗ്ബാസ്ക്കറ്റ് ഡോട്ട് കോം സഹ സ്ഥാപകൻ ഹരി മേനോൻ ചൂണ്ടിക്കാട്ടി. രാവിലെ നടന്ന സെഷനിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ഹരി മേനോൻ.
രാജ്യത്തെ പലവ്യഞ്ജന ബിസിനസ് 600 ബില്യൺ ഡോളറാണ്. ഇതിൽ 95 ശതമാനവും കടുംബങ്ങൾ നടത്തുന്ന പലവ്യഞ്ജന കടകളാണ്. ക്വിക്ക് ഡെലിവറി സർവീസുകൾ ഇത്തരം കടകളെ ബാധിക്കില്ല. റീട്ടെയ്ൽ ബിസിനസിൽ വരുന്ന പ്രധാന മാറ്റം ക്വിക് കൊമേഴ്സ് ആയിരിക്കുമെന്നും നിലവിൽ പലവ്യഞ്ജനങ്ങളാണ് കൂടുതലായും ക്വിക് ഡെലിവറി സർവീസുകളിൽ പെടുന്നതെങ്കിലും ഭാവിയിൽ വസ്ത്രങ്ങളും ഇലക്ട്രോണിക്സ് ഉത്പന്നങ്ങളുമെല്ലാം ഇതിന്റെ ഭാഗമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
അഫോർഡബിൾ ഫാഷൻ ആയിരിക്കും ഇനി ഫാഷൻ മേഖലയെ നിയന്ത്രിക്കുകയെന്ന് ഇന്നവേറ്റിങ് ഫാഷൻ സെഷനിൽ പങ്കെടുത്തവർ ചൂണ്ടിക്കാട്ടി. ഫാഷൻ മേഖലയിലെ നവീകരണം സാധ്യമാക്കാൻ കൂടുതൽ ഫ്ളക്സിബിൾ ആകണം. ക്രിയേറ്റിവ് വ്യവസായത്തിന് കേരളത്തിലേറെ സാധ്യതകളുണ്ട്. സാങ്കേതികവിദ്യ കൂടുതലായി പ്രയോജനപ്പെടുത്തണമെന്നും പാനലിസ്റ്റുകൾ ആവശ്യപ്പെട്ടു.
ഡിസൈനർ റൗക്ക സ്ഥാപകൻ ശ്രീജിത്ത് ജീവൻ, ഗ്ലോബൽ ഫാഷൻ കൺസൾട്ടന്റ് വിനോദ് നായർ, ക്രാഫ്റ്റ് വില്ലേജ് സഹ സ്ഥാപക ഉമാ പ്രജാപതി, പ്രൊഫ. സോമേഷ് സിംഗ് എന്നിവർ പാനൽ ചർച്ചയിൽ പങ്കെടുത്തു.
ഊർജ മേഖലയിൽ വരുന്ന മാറ്റങ്ങളെ സസൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് നയാരാ എനർജി എക്സിക്യൂട്ടീവ് ചെയർമാൻ പ്രസാദ് കെ പണിക്കർ പറഞ്ഞു. ഇന്നവേറ്റ് ടു അഡാപ്റ്റ് എന്ന വിഷയത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുനരുപയോഗ ഊർജ മേഖലയിലും നയാരാ സജീവമാകും. സൗരോർജം. ഹൈഡ്രജൻ ജനറേഷൻ,എത്തനോൾ ഉത്പാദനം തുടങ്ങി വ്യത്യസ്ത മേഖലകളിലേക്ക് കടക്കുകയാണ്. രാജ്യത്തിൻറെ ലക്ഷ്യവും പുരോഗമനവും കൈവരിക്കുന്നതിനൊപ്പം നായരേയും പതിയ സാധ്യതകൾ തേടുമെന്നും അദ്ദേഹം പറഞ്ഞു. ഒ എൻ ഡി സി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തമ്പി കോശി പ്രഭാഷണം നടത്തി.
ചോക്കലേറ്റ്സ്, കോഫി ആന്റ് കൺഫക്ഷനറി ക്ലസ്റ്റർ ഐ ടി സി ലിമിറ്റഡ് സി ഒ ഒ രോഹിത് ദോഗ്ര പ്രഭാഷണം നടത്തി.
ബാങ്കിംഗ് സാമ്പത്തിക സേവന മേഖലയുടെ നവീകരണത്തിൽ സാമ്പത്തിക സാങ്കേതിക വിദ്യയുടെ പിന്തുണ എന്ന വിഷയത്തിൽ നടന്ന
പാനൽ ചർച്ചയിൽ ഐ ഐ എം അസോസിയേറ്റ് പ്രൊഫസർ മുഹമ്മദ് എസ് അബ്ദുല്ല മോഡറേറ്ററായിരുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഇന്റർമീഡിയറി റിലേഷൻഷിപ്സ് തലവൻ അഭിഷേക് വാല വാൽക്കർ, ഫെഡറൽ ബാങ്ക് വെെസ് പ്രസിഡന്റും ഫിൻടെക് പാർട്ട്ണർഷിപ്പ്സ് തലവനുമായ സുമോത് സി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.