കൊല്ലം പ്രവാസി അസ്സോസിയേഷൻ എം.ടി അനുസ്മരണം സംഘടിപ്പിച്ചു
കൊല്ലം പ്രവാസി അസോസിയേഷന്‍റെ സാഹിത്യ വിഭാഗമായ സൃഷ്ടി യുടെ നേതൃത്വത്തില്‍ ഓര്‍മ്മകളില്‍ എം.ടി എന്ന ശീര്‍ഷകത്തില്‍ അന്തരിച്ച പ്രശസ്ത സാഹിത്യകാരന്‍ എം.ടി വാസുദേവന്‍നായരുടെ അനുസ്മരണം സംഘടിപ്പിച്ചു. കെപിഎ ടുബ്ലി ഹാളില്‍ സംഘടിപ്പിച്ച അനുസ്മരണം കെപിഎ വൈസ് പ്രസിഡന്‍റ് കോയിവിള മുഹമ്മദ് ഉത്ഘാടനം ചെയ്തു. കെപിഎ ജനറല്‍സെക്രട്ടറി പ്രശാന്ത് പ്രബുദ്ധന്‍ സ്വാഗതം ആശംസിച്ചു. അനുസ്മരണ പ്രമേയം സൃഷ്ടി സാഹിത്യ വേദി കണ്‍വീനര്‍ വിനു ക്രിസ്റ്റി അവതരിപ്പിച്ചു. നിസാര്‍ കൊല്ലം മോഡറേറ്റര്‍ ആയിരുന്ന സമ്മേളനത്തില്‍ വൈക്കം മുഹമ്മദു ബഷീര്‍ അവാര്‍ഡ് ജേതാവും പ്രവാസി സാഹിത്യകാരനുമായ നാസര്‍ മുതുകാട് മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.
അക്ഷരവേദി ബഹ്‌റൈന്‍ കോഓര്‍ഡിനേറ്ററും സാഹിത്യകാരനുമായ ജോര്‍ജ് വര്‍ഗീസ്, അക്ഷരവേദി സാഹിത്യ പ്രവര്‍ത്തകന്‍ സാബു പാല എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഇതിഹാസ തുല്യമായ ജീവിതമായിരുന്നു എം.ടി യുടേതെന്നു നാസര്‍ മുതുകാട് അഭിപ്രായപെട്ടു. ലളിതമായ ഭാഷ ശൈലി, സൂക്ഷമമായ രചനാ വൈഭവം എന്നിവ കൊണ്ട് മലയാള ഭാഷയെ ഉന്നതിയില്‍ എത്തിച്ചു. എംടി എന്ന രണ്ടക്ഷരം മലയാളിത്വം ഉള്ള അക്ഷരങ്ങളായി മലയാളികളുടെ മനസ്സില്‍ തങ്ങി നില്‍ക്കും. ഇനിയൊരു രണ്ടു തലമുറകൂടി എംടി യെ വായിക്കുമെന്നും സമ്മേളനം അനുസ്മരിച്ചു. വായനയുടെ ലോകത്തേക്ക് പുതു തലമുറ കടന്നുവരണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. കെപിഎ സെക്രട്ടറി രജീഷ് പട്ടാഴി, സൃഷ്ടി കണ്‍വീനര്‍ ബിജു ആര്‍ പിള്ള എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കെപിഎ ട്രഷറര്‍ മനോജ് ജമാല്‍ നന്ദി രേഖപ്പെടുത്തി.