AmericaAssociationsLifeStyleMusic

ഭക്തിഗാന രചയിതാവ് സതീഷ് കെ മേനോനെ കെ.എച്.എൻ.എ. ആദരിച്ചു

ന്യൂയോർക്ക്: മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ജനുവരി 11 ശനിയാഴ്ച വൈകീട്ട് ന്യൂയോർക്കിലെ വൈഷ്ണവ ടെമ്പിൾ ഓഡിറ്റോറിയത്തിൽ വച്ച് ബ്രീത്ത് മ്യൂസിക് അക്കാഡമി ഡിട്രോയിറ്റിന്റെ ഭക്തിഗാന മേള, അയ്യപ്പ സേവാസംഘവും കൃഷ്ണകൃപാ മ്യൂസിക് ടീമും ചേർന്ന് അവതരിപ്പിച്ചു. ഈ അയ്യപ്പ ഗാനമേളയിലെ ശ്രദ്ധിക്കപ്പെട്ട നിരവധി ഗാനങ്ങൾ സതീഷ് കെ മേനോൻ രചിച്ചതായിരുന്നു.

ശ്രീമതി അനിത കൃഷ്ണയുടെ നേതൃത്വത്തിൽ ആരംഭിച്ച ഗാനമേള, ഡിട്രോയിറ്റിൽ നിന്നെത്തിയ ബ്രീത്ത് മ്യൂസിക് അക്കാഡമി ടീമംഗങ്ങൾ മകരവിളക്ക് മഹോത്സവത്തിൽ ശബരിമല സന്നിധാനത്തിന്റെ മാതൃകയിൽ തീർത്ത മണ്ഡപത്തിലെ സംഗീതക്കച്ചേരി അവിസ്മരണീയമാക്കി. അയ്യപ്പസേവാ സംഘം പ്രസിഡന്റ് കൂടിയായ ഗോപിനാഥ് കുറുപ്പും കൃഷ്ണകൃപാ മ്യൂസിക്കിന്റെ പ്രസിഡന്റ് സതീഷ് കെ മേനോനും എൻ.ബി.എ. പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിലും ചേർന്ന് മണ്ഡപത്തിൽ ഭദ്രദീപം തെളിയിച്ചു.

ശ്രീമതി രാധാമണി നായരുടെ ഭക്തിനിർഭരമായ ഈശ്വര പ്രാർത്ഥനക്ക് ശേഷം അയ്യപ്പ സേവാസംഘം സെക്രട്ടറിയും കെ.എച്.എൻ.എ. ട്രഷററുമായ രഘുവരൻ നായർ ഡിട്രോയിറ്റ് ബ്രീത്ത് മ്യൂസിക് അക്കാഡമിയുടെ അംഗങ്ങളെ സദസ്സിന് പരിചയപ്പെടുത്തി. പ്രസിഡന്റ് ഗോപിനാഥ് കുറുപ്പ് സ്വാഗതം ആശംസിച്ചു. മാസ്റ്റർ ഓഫ് സെറിമണിയായി ശോഭാ കറുവക്കാട്ട് പ്രശംസനീയമായി നിർവഹിച്ചു. സതീഷ് മേനോൻ നന്ദിപ്രകാശനം നടത്തിക്കൊണ്ട് ബ്രീത്ത് മ്യൂസിക് അക്കാഡമിയിലെ എല്ലാവരെയും പൊന്നാട അണിയിച്ച് ആദരിച്ചു.

പ്രശംസനീയമായി മകരവിളക്ക് മഹോത്സവം വിജയിപ്പിക്കുന്നതിന് എൻ.ബി.എ-യുടെ മുൻ സെക്രട്ടറി സേതുമാധവന്റെ ആത്മാർത്ഥമായ പ്രവർത്തനം ശ്ലാഘനീയമായിരുന്നു. പതിവുപോലെ തന്നെ മണിമണ്ഡപം അലങ്കരിച്ച് ഒരുക്കിയ തികഞ്ഞ കലാകാരനായ സുധാകരൻ പിള്ള അത് വളരെ ഭംഗിയാക്കി.

കെ.എച്ച്.എൻ.എ. പ്രസിഡന്റ് ഡോ നിഷാ പിള്ള തദവസരത്തിൽ വിരാട് 25 സിൽവർ ജൂബിലി കൺവൻഷൻ ഓഗസ്റ്റ് 17 മുതൽ 19 വരെ ന്യൂജെഴ്സിയിലെ അറ്റ്‌ലാന്റിക് സിറ്റിയിലുള്ള എം ജി എം റിസോർട്ട് ഇന്റർനാഷണലില്‍ നടക്കുന്നതിനെക്കുറിച്ച് വിശദീകരിക്കുകയും കൺവൻഷനിലേക്ക് ഏവരേയും സ്വാഗതം ചെയ്യുകയും ചെയ്തു. ഡോ. നിഷാ പിള്ളയെ സദസ്സിന് പരിചയപ്പെടുത്തിക്കൊണ്ട് അയ്യപ്പസേവാ സംഘം പ്രസിഡന്റും കെ.എച്ച്.എൻ.എ ട്രസ്റ്റീ ബോർഡ് ചെയർമാനുമായ ഗോപിനാഥ് കുറുപ്പ് പറഞ്ഞത് ഇവിടെ ന്യൂയോർക്കിൽ ഒരു വിഭാഗീയതയുമില്ല. എല്ലാ ഹൈന്ദവ സഹോദരങ്ങളും ഒരുമയോടെ ഒറ്റക്കെട്ടായി “സിൽവർ ജൂബിലി” കൺവൻഷൻ വിജയിപ്പിച്ച് അവിസ്മരണീയമാക്കും എന്നാണ്.

തുടർന്ന് കെ.എച്ച്.എൻ.എ ട്രഷറർ രഘുവരൻ നായരും ചെയർമാൻ ഗോപിനാഥ് കുറുപ്പും ചേർന്ന് രജിസ്ട്രേഷൻ പാക്കറ്റ് അംഗങ്ങളുടെയിടയിൽ വിതരണം ചെയ്തു.

നൂറു കണക്കിന് ഭക്തിഗാനങ്ങൾ രചിച്ച സതീഷ് കെ. മേനോനെ കെ.എച്.എൻ.എ. പ്രസിഡന്റ് ഡോ. നിഷാ പിള്ളയും ചെയർമാൻ ഗോപിനാഥ് കുറുപ്പും ചേർന്ന് പൊന്നാട അണിയിച്ച് ആദരിച്ചു. ട്രഷറർ രഘുവരൻ നായർ, ട്രസ്റ്റീ ബോർഡ് മെമ്പർ വനജ നായർ, ഡയറക്ടർ ബോർഡ് മെമ്പർ രാധാമണി നായർ, എന്‍ എസ് എസ് ഹഡ്സൺ വാലി പ്രസിഡന്റ് ജി.കെ. നായർ, എന്‍ ബി എ പ്രസിഡന്റ് ജനാർദ്ദനൻ തോപ്പിൽ, മഹിമ പ്രസിഡന്റ് പുരുഷോത്തമ പണിക്കർ, എസ് എന്‍ എ ചെയർമാൻ സഹൃദയ പണിക്കർ, കെ എച്ച് എന്‍ എ ന്യൂയോർക്ക് കൺവൻഷൻ കോഓർഡിനേറ്റർ ഡോ ഉണ്ണിക്കൃഷ്ണൻ തമ്പി എന്നിവർ സന്നിഹിതരായിരുന്നു.

വാര്‍ത്ത: ജയപ്രകാശ് നായര്‍

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button