ഹ്യൂസ്റ്റണിൽ മാഗ് ഇന്ത്യൻ റിപ്പബ്ലിക് ദിനം ആഘോഷിച്ചു.

ഹ്യൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ (MAGH) ഇന്ത്യൻ റിപ്പബ്ലിക് ദിനം പ്രൗഢഗംഭീരമായി ആഘോഷിച്ചു. ജനുവരി 26-ാം തീയതി, ഞായറാഴ്ച രാവിലെ 9:00 മണിക്ക് സ്റ്റാഫ്‌ഫോർഡിലെ കേരള ഹൗസിൽ നടന്ന ചടങ്ങിൽ പ്രമുഖ വ്യക്തികളും സമൂഹത്തിലെ നിരവധി ആളുകളും പങ്കെടുത്തു. പ്രധാന അതിഥികളായി ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജ്, സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യു, മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ, ജുഡീഷ്യൽ ജഡ്ജിമാരായ സുരേന്ദ്രൻ കെ. പടേൽ, ജൂലി മാത്യു എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കൂടാതെ, നിരവധി കൗണ്ടി, നഗര ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. MAGH സെക്രട്ടറി രാജേഷ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ട്രസ്റ്റി സുജിത് ചാക്കോ നന്ദിപ്രസംഗം നടത്തി. അമേരിക്കൻ ദേശീയ ഗാനം ആലപിച്ചതിനുശേഷം, മേയർ കെൻ മാത്യു മറ്റ് തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗസ്ഥരോടൊപ്പം അമേരിക്കൻ പതാക ഉയർത്തി.
തുടർന്ന്, MAGH പ്രസിഡന്റ് ജോസ് കെ. ജോൺ ഇന്ത്യൻ പതാക ഉയർത്തി.

ചടങ്ങിന്റെ ഭാഗമായി പ്രോഗ്രാം കോഡിനേറ്റർ ആയ രേഷ്മയുടെയും രേനുവിന്റേയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഭാവുകത്വം നിറഞ്ഞ ദേശഭക്തി നൃത്തം എല്ലാവരെയും ആകർഷിച്ചു. തുടർന്ന് MAGH പ്രസിഡന്റിന്റെ പ്രസംഗവും മുഖ്യാതിഥി ജഡ്ജ് കെ.പി. ജോർജ്ജിന്റെ മുഖ്യ പ്രഭാഷണവും നടന്നു. MAGH ട്രസ്റ്റി ബോർഡ് അംഗം ജോജി ജോസഫ് സ്നേഹോപഹാരപ്രസംഗം നടത്തി. അതോടൊപ്പം കടന്നുവന്ന എല്ലാ തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും ആശംസകൾ അറിയിച്ചു.

മലയാളി അസോസിയേഷന്റെ ചരിത്രത്തിലാദ്യമായി ഈ വർഷം MAGH നടത്തിയ റിപ്പബ്ലിക് ദിനാഘോഷത്തിൽ ഗുഡ് സമാരിറ്റൻ പുരസ്കാരം അവതരിപ്പിച്ചു. ഈ വർഷം ഗുഡ് സമാരിറ്റൻ പുരസ്കാരത്തിന് തുയെറ്റ് വിൻ, അജിത് പിള്ളൈ എന്നിവർ അർഹരായി. നമ്മുടെ സമൂഹത്തിലൊരാൾക്കു നടന്ന വാഹനാപകട സമയത്ത് ഇവർ നൽകിയ ആത്മാർത്ഥ സേവനം പരിഗണിച്ചാണ് അവരെ തെരഞ്ഞെടുത്തത്. ഫോർട്ട് ബെൻഡ് കൗണ്ടി ജഡ്ജ് കെ.പി. ജോർജ്ജ്, തുയെറ്റ് വിനിനും മിസോറി സിറ്റി മേയർ റോബിൻ ഇലക്കാട്ടിൽ അജിത് പിള്ളയ്ക്കും പുരസ്കാരം കൈമാറി. MAGH മുൻ പ്രസിഡന്റുമാർ, ബോർഡ് അംഗങ്ങൾ, ഫോമ ഫോക്കാന ഡബ്ലിയു എം സി എന്നീ സംഘടനകളുടെ നേതാക്കളും മറ്റു പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. പരിപാടി ശേഷം പ്രഭാതഭക്ഷണവും ഒരുക്കിയിരുന്നു.

അജു വാരിക്കാട്