ഗ്രാമി പുരസ്‌കാരം കുടിയേറ്റക്കാര്‍ക്ക് സമര്‍പ്പിച്ച് ഷക്കീറ.

ലോസ് ഏഞ്ചലസ് ∙ 67-ാമത് ഗ്രാമി അവാര്‍ഡുകളില്‍ മികച്ച ലാറ്റിന്‍ പോപ്പ് ആല്‍ബത്തിനുള്ള പുരസ്‌കാരം നേടിയ ഗായിക ഷക്കീറ അത് കുടിയേറ്റക്കാരെ സമര്‍പ്പിച്ചു. ‘ലാസ് മുജെരെസ് യാ നോ ലോറന്‍’ എന്ന ആല്‍ബത്തിന് ലഭിച്ച പുരസ്‌കാരം സ്വീകരിക്കുമ്പോള്‍ അമേരിക്കയിലെ കുടിയേറ്റ സഹോദരങ്ങള്‍ക്കും സഹോദരിമാര്‍ക്കും ഇത് അര്‍പ്പിക്കുന്നുവെന്ന് ഷക്കീറ വേദിയില്‍ പ്രഖ്യാപിച്ചു.
‘ഈ രാജ്യത്തെ എന്റെ എല്ലാ കുടിയേറ്റ സഹോദരങ്ങള്‍ക്കും ഈ പുരസ്‌കാരം സമര്‍പ്പിക്കുന്നു. നിങ്ങള്‍ സ്‌നേഹിക്കപ്പെടുന്നു, നിങ്ങള്‍ അതിന് അര്‍ഹരാണ്. ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പം പോരാടും’ – ഷക്കീറ പറഞ്ഞു.
ഡോണാള്‍ഡ് ട്രംപിന്റെ കുടിയേറ്റ നയങ്ങളുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംവാദങ്ങള്‍ ശക്തമായ സമയത്താണ് ഷക്കീറയുടെ ഈ പ്രഖ്യാപനം. ഗ്രാമി അവാര്‍ഡിനുമുമ്പ് റെഡ് കാര്‍പെറ്റില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴും കുടിയേറ്റക്കാര്‍ക്കുള്ള പിന്തുണ വ്യക്തമാക്കിയിരുന്നു.
‘ഞാനും ഒരു സ്വപ്‌നവുമായി ഈ നഗരത്തിലേക്ക് വന്ന കുടിയേറ്റക്കാരിയായിരുന്നു. തിരിച്ചടികള്‍ എനിക്കറിയാം, പക്ഷേ നമ്മുടെ ആളുകളുടെ ശക്തിയും പ്രതിബദ്ധതയും എനിക്കറിയാം. ലാറ്റിനോകളെ തടയാനാവില്ല, അവര്‍ക്കൊപ്പവും അവര്‍ക്കുവേണ്ടിയും പോരാടാന്‍ ഞാന്‍ മടിക്കില്ല’ – ഷക്കീറ കൂട്ടിച്ചേര്‍ത്തു.