തന്റെ താരിഫ് നയങ്ങൾക്കെതിരെ നിലകൊള്ളുന്നവരെ രൂക്ഷമായി വിമർശിച്ച് ഡൊണാൾഡ് ട്രംപ്.

വാഷിംഗ്ടൺ ∙ ലോകവ്യാപകമായി ചർച്ചയായ തന്റെ താരിഫ് നയങ്ങൾക്കെതിരെ നിലകൊള്ളുന്നവരെ രൂക്ഷമായി വിമർശിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തന്റെ വ്യാപാര നയങ്ങളെ എതിർക്കുന്നവരെ ചൈനയോ മറ്റ് വിദേശ അല്ലെങ്കിൽ ആഭ്യന്തര കമ്പനികളോ നിയന്ത്രിക്കുകയാണെന്നതാണ് ട്രംപിന്റെ അവകാശവാദം.
കാനഡ, മെക്‌സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് 25% തീരുവയും ചൈനീസ് ഉൽപ്പന്നങ്ങൾക്ക് 10% അധിക നികുതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പരാമർശം. എന്നാൽ, കാനഡൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, മെക്‌സിക്കൻ പ്രസിഡന്റ് ക്ലൗഡിയ ഷെയിൻബോ എന്നിവരുമായുള്ള ചർച്ചകൾക്ക് ശേഷം ഈ രാജ്യങ്ങളോട് തീരുവ ഈടാക്കൽ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
ട്രംപിന്റെ താരിഫ് നയങ്ങളെ ‘ചരിത്രത്തിലെ ഏറ്റവും മണ്ടൻ വ്യാപാര യുദ്ധം’ എന്ന് വിശേഷിപ്പിച്ചുള്ള വാൾ സ്ട്രീറ്റ് ജേണൽ എഡിറ്റോറിയൽ ബോർഡിന്റെ വിമർശനമാണ് ട്രംപിനെ ചൊടിപ്പിച്ചത്. കാനഡ-മെക്‌സിക്കോ ഇറക്കുമതികൾക്ക് 25% തീരുവ ചുമത്തുന്നത് യുഎസ് സമ്പദ്‌വ്യവസ്ഥയെ തകർക്കും എന്ന മുന്നറിയിപ്പും പത്രം നൽകിയിരുന്നു.
തന്റെ വ്യാപാരനയങ്ങൾക്ക് അതിശയകരമായ പിന്തുണ ലഭിച്ചുവെന്നും യുഎസിനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ആരും താരിഫ് നയങ്ങളെ പിന്തുണയ്ക്കുമെന്നും ട്രംപ് പ്രതികരിച്ചു.