ഗാന്ധിയെ ചരിത്രത്തില്‍ നിന്നും മായ്ച്ചുകളയാനുള്ള ശ്രമം നടക്കുന്നു- പി.എന്‍ ഗോപീകൃഷ്ണന്‍.

കൊച്ചി: മഹാത്മാഗാന്ധിയെ ചരിത്രത്തില്‍ നിന്നും മായ്ച്ചു കളയാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങളാണ് നടക്കുന്നതെന്ന് കവിയും ചരിത്രകാരനുമായ പി. എന്‍ ഗോപികൃഷ്ണന്‍. എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ നടക്കുന്ന ഗാന്ധി സ്മാരക കലാപ്രദര്‍ശനത്തിന്റെ ഭാഗമായ സംവാദത്തില്‍ സുധീഷ് എഴുവത്തിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാന്ധി അവസാന പതിനെട്ട് മാസം സഞ്ചരിച്ച നവാഖലി, ബിഹാര്‍, ഡല്‍ഹി, കല്‍ക്കത്ത എന്നിവിടങ്ങളിലൂടെ ഇരുവരും നടത്തിയ സഞ്ചാരമാണ് വീഡിയോ, ചിത്രങ്ങള്‍, ഇന്‍സ്റ്റലേഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള നവമാധ്യമ കലാ പ്രദര്‍ശനമായി ഒരുക്കിയിരിക്കുന്നത്. ഇത് സംബന്ധിച്ച ‘യാത്ര, അനുഭവം, ആവിഷ്‌കാരം എന്ന വിഷയത്തിലാണ് ഇരുവരും സംസാരിച്ചത്.
ഗാന്ധിയുമായി ബന്ധപ്പെട്ട ഓര്‍മ്മകളെ മായ്ച്ചുകളയാനാണ് ശ്രമം നടക്കുന്നത്. രാജ്യത്തെ പ്രധാനപ്പെട്ട മൂന്ന് വിചാരണകള്‍ നടന്ന കെട്ടിടം ഇന്ന് ഇല്ലാതായിരിക്കുന്നത് അതിന് തെളിവാണ്. ഗാന്ധി വധത്തിന്റെ വിചാരണ നടന്ന റെഡ് ഫോര്‍ട്ടിനുള്ളിലെ കെട്ടിടമാണ് അത്. ഒന്നാം സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെ വിചാരണ ചെയ്തതും സുഭാഷ്ചന്ദ്ര ബോസിന്റെ മരണത്തിന് ശേഷം ഐഎന്‍എ തടവുകാരെ വിചാരണ ചെയ്തതും അവിടെ വച്ചാണ്. സര്‍ക്കാര്‍ സംരക്ഷണയിലുള്ള പ്രദേശമായിട്ടും അത്തരമൊരു കെട്ടിടം അവിടെയുണ്ടായിരുന്നതായി പോലും ആര്‍ക്കും അറിയില്ല. തെളിവുകളൊന്നും ബാക്കിയില്ലാതെ ആ കെട്ടിടം ഇല്ലാതായിരിക്കുന്നു. ഗാന്ധിയെ വധിക്കുന്നതില്‍ ഗോഡ്‌സെയുടെ കൂട്ടുപ്രതികളായിരുന്നവര്‍ അതിന് മുമ്പ് മദ്യപിക്കാന്‍ പോയ മദ്യശാല പോലും ഇന്നും നിലനില്‍ക്കുന്നുണ്ട്. ആ മദ്യശാലയുടെ ചരിത്ര പ്രാധാന്യം അവിടെയുള്ളവര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ യാത്രയിലൂടെ അഹിംസയോടുള്ള തന്റെ കാഴ്ചപ്പാട് മാറിയതായി സുധീഷ് എഴുവത്ത് കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് മുന്നോട്ടുപോകാനുള്ള വഴി അഹിംസയാണെന്ന് മനസ്സിലായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇല്ലാതായ പ്രതീക്ഷ ഈ യാത്രയില്‍ പലരെയും പരിചയപ്പെട്ടപ്പോള്‍ തിരികെ വന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ന് (ഫെബ്രു. 8) എറണാകുളം പബ്ലിക് ലൈബ്രറിയില്‍ നടക്കുന്ന പ്രഭാഷണത്തില്‍ ഗാന്ധിയെക്കുറിച്ച് പൊതുസമൂഹത്തിനുള്ള ഓര്‍മ്മകളെക്കുറിച്ച് ‘ഗാന്ധി ആന്‍ഡ് പബ്ലിക് മെമ്മറി’ എന്ന വിഷയത്തില്‍ കേന്ദ്ര ഗാന്ധി സ്മാരക നിധി ചെയര്‍മാന്‍ രാമചന്ദ്ര രാഹി, ദേശീയ ഗാന്ധി മ്യൂസിയം ചെയര്‍മാന്‍ എ. അണ്ണാമലൈ, ഗാന്ധി സ്മാരക സമിതി, കൊല്‍ക്കത്ത സെക്രട്ടറി പാപ്പരി സര്‍ക്കാര്‍, ഗാന്ധിയന്‍ ആശയങ്ങളുടെ പ്രചാരകന്‍ രഹ നബ കുമാര്‍ എന്നിവര്‍ സംസാരിക്കും.
കാര്‍ട്ടൂണിലെ ഗാന്ധി എന്ന വിഷയത്തില്‍ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് 5.30ന് പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ. പി ഉണ്ണി സംസാരിക്കും. തുടര്‍ന്ന് സംസ്‌കാരത്തിലെ ഗാന്ധി എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍ സംസാരിക്കും.
ഫെബ്രുവരി 18 വരെ പ്രദര്‍ശനം തുടരും.