EducationLifeStyleNews

പക്ഷിചിത്ര പ്രദര്‍ശനം കൊച്ചിയില്‍ സമാപിച്ചു.

ബഹുമുഖവിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പ്രതിഭയായിരുന്നു ഇന്ദുചൂഡനെന്ന് പ്രൊഫ എം കെ സാനു വ്യത്യസ്തകളുടെ പാഠമാണ് പ്രകൃതി പഠിപ്പിക്കുന്നതെന്ന് സുനില്‍ പി ഇളയിടം പക്ഷിചിത്ര പ്രദര്‍ശനം കൊച്ചിയില്‍ സമാപിച്ചു മമ്മൂട്ടി എടുത്ത നാട്ടുബുള്‍ബുളിന്റെ ചിത്രം 3 ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ച് വ്യവസായിയും സാമൂഹ്യപ്രവര്‍ത്തകനുമായ അച്ചു ഉള്ളാട്ടില്‍

കൊച്ചി: ബഹുമുഖവിഷയങ്ങളില്‍ പാണ്ഡിത്യമുണ്ടായിരുന്ന പ്രതിഭയായിരുന്നു കേരളത്തിലെ പക്ഷികളുടെ രചയിതാവായ കെ കെ നീലകണ്ഠന്‍ എന്ന ഇന്ദുചൂഡനെന്ന് പ്രൊഫ എം കെ സാനു. ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പക്ഷിചിത്ര പ്രദര്‍ശനത്തിന്റെ സമാപനദിനമായ ഞായറാഴ്ച ദര്‍ബാര്‍ ഹാളില്‍ പ്രസംഗിക്കുകായിരുന്നു അദ്ദേഹം. മഹാരാജാസ് കോളേജില്‍ ഇംഗ്ലീഷ് പ്രൊഫസറായി വന്ന ദിവസം മുതല്‍ നീലകണ്ഠനെ പരിചയമുണ്ടായിരുന്നു. നീലകണ്ഠന്റെ വീട്ടില്‍ച്ചെന്നപ്പോള്‍ മരംകൊത്തിയെപ്പറ്റിയുള്ള ഗഹനമായ ഒരു ഇംഗ്ലീഷ് പുസ്തകം മേശപ്പുറത്തു കണ്ടു. അതിനെപ്പറ്റി ചോദിച്ചപ്പോള്‍ മാത്രമാണ് കേരളത്തിലെ പക്ഷികള്‍ എഴുതിയ ഇന്ദുചൂഡന്‍ താനാണെന്ന് നീലകണ്ഠന്‍ പറഞ്ഞത്.

സ്വന്തം മികവുകള്‍ വിളിച്ചു പറയാതെ ഒളിച്ചുവെക്കുന്ന അപൂര്‍വം മനുഷ്യരിലൊളായിരുന്നു നീലകണ്ഠന്‍. അധ്യാപകരുടെ സാഹിത്യഗ്രൂപ്പുകളില്‍ ഞങ്ങള്‍ ഒരുപാട് ചര്‍ച്ചകള്‍ നടത്തി. ഷേക്‌സ്പിരിയന്‍ ട്രാജഡീസ് എന്ന നീലകണ്ഠന്റെ ഉപന്യാസം ഇപ്പോഴും ഓര്‍ക്കുന്നു. ആ വിഷയത്തില്‍ ഗ്രൂപ്പില്‍ വന്ന ഏറ്റവും മികച്ച കൃതിയായിരുന്നു അത്. കേരളത്തിലെ പക്ഷികളുടെ ചിത്രപ്രദര്‍ശനം ഇന്ദുചൂഡന്റെ മഹത്വത്തിന്റെ പുനര്‍ജന്മത്തിന് വഴിതുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

വ്യത്യസ്തകളുടെ പാഠമാണ് പക്ഷികളും പ്രകൃതിയും പഠിപ്പിക്കുന്നതെന്ന് സുനില്‍ പി ഇളയിടം പറഞ്ഞു. ഫാഷിസത്തിന്റെ പ്രചാരകരും അതിനെ എതിര്‍ക്കുന്നവരുമെല്ലാം ഉല്‍പ്പാദിപ്പിക്കുന്ന വെറുപ്പുകള്‍ക്കിടയില്‍ കിളികള്‍ക്കു പിന്നാലെ പോകുന്നതിന് വലിയ രാഷ്ട്രീയ മാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ദുചൂഡന്റെ സുവിശേഷം പ്രചരിപ്പിക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് ഫൗണ്ടേഷന്റെ സംഘാടകരിലൊരാളായ വി കെ ശ്രീരാമന്‍ പറഞ്ഞു. ഇന്ദുചൂഡന്റെ ജീവചരിത്രകാരനും സന്തതസഹചാരിയുമായിരുന്ന സുരേഷ് ഇളമണ്‍, പ്രദര്‍ശനത്തിന്റെ ക്യൂറേറ്റര്‍മാരിലൊരാളായ എം രാമചന്ദ്രന്‍ എന്നിവരും പ്രസംഗിച്ചു.

പ്രശസ്ത സിനിമാതാരം മമ്മൂട്ടിയും പക്ഷിച്ചിത്രങ്ങളെടുക്കുന്നതില്‍ ലോകപ്രശസ്തയായ ജെയിനി കുര്യാക്കോസുമടക്കം ഇരുപത്തിമൂന്നു ഛായാഗ്രാഹകന്മാരുടെ 61 ഫോട്ടോകളാണ് പ്രദര്‍ശനത്തിലുണ്ടായിരുന്നത്.മമ്മൂട്ടി എടുത്ത ഇലത്തുമ്പില്‍ വിശ്രമിക്കുന്ന നാട്ടുബുള്‍ബുളിന്റെ മനോഹരചിത്രം ഫൗണ്ടേഷന്റെ ധനശേഖരണാര്‍ത്ഥം ലേലത്തില്‍ വിറ്റു. ഒരു ലക്ഷം രൂപ അടിസ്ഥാനവിലയിട്ട ചിത്രം കോട്ടയ്ക്കല്‍ സ്വദേശിയും ലീന ഗ്രൂപ്പ് കമ്പനികളുടെ ചെയര്‍മാനുമായ അച്ചു ഉള്ളാട്ടിലാണ് മൂന്നു ലക്ഷം രൂപയ്ക്ക് ലേലത്തില്‍ പിടിച്ചത്. ചിത്രം ഫൗണ്ടേഷന്‍ സംഘാടകനായ വി കെ ശ്രീരാമന്‍ അച്ചു ഉള്ളാട്ടിലിന്റെ പ്രതിനിധി രാമചന്ദ്രനു കൈമാറി.

Show More

Related Articles

Back to top button