ബ്രിട്ടനിൽ തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളർച്ച: ചെറുപാർട്ടികൾക്ക് നേട്ടം, ജയിച്ചവരിൽ ട്രംപിന്റെ ആരാധകനും

ബ്രിട്ടനിലെ തിരഞ്ഞെടുപ്പുഫലം ഏതാണ്ടു പ്രതീക്ഷിച്ചതുപോലെ സംഭവിച്ചു. ഭരണവിരുദ്ധ വികാരം പ്രതിപക്ഷത്തെ പല കക്ഷികൾക്കായി ചിതറിപ്പോയെന്നു ഫലം വ്യക്തമാക്കുന്നു. ലേബർ പാർട്ടിക്ക് കാൽനൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ വിജയമാണു ലഭിച്ചത്. എന്നാൽ ലേബറിനു ലഭിച്ചത് 35% വോട്ടാണ്. തിരഞ്ഞെടുപ്പു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്, ഇത് യുകെയിൽ ഭൂരിപക്ഷം നേടിയ ഒരു കക്ഷിക്കു ലഭിച്ച ഏറ്റവും കുറവു വോട്ടുവിഹിതം ആണെന്നാണ്. എന്നിട്ടും 400 സീറ്റിലേറെ അവർക്കു കിട്ടി.
ചെറുകിട കക്ഷികളും സ്വതന്ത്രരും ഈ തിരഞ്ഞെടുപ്പിൽ ശക്തമായ പ്രകടനമാണു കാഴ്ച വച്ചത്. എടുത്തുപറയേണ്ടതു തീവ്രവലതുപക്ഷ, കുടിയേറ്റ വിരുദ്ധ നിലപാടുള്ള റിഫോം യുകെ പാർട്ടിയുടെ പ്രകടനമാണ്. ഈ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വച്ച് അവർ ബ്രിട്ടനിലെ മൂന്നാമത്തെ വലിയ കക്ഷിയായി മാറി. 14.3 % വോട്ടുനേടിയ റിഫോം പാർട്ടിക്ക് 5 സീറ്റ് കിട്ടി. കഴിഞ്ഞ 7 തവണയും മത്സരിച്ചു തോറ്റ പാർട്ടിയുടെ തലവനും ട്രംപിന്റെ ആരാധകനുമായ നൈജൽ ഫറാഷ് ഇത്തവണ ജയിച്ചു. കൺസർവേറ്റീവ് വോട്ടുകൾ ഇവർ ചോർത്തിയെന്നാണു സൂചന.
യൂറോപ്യൻ യൂണിയൻ അനുകൂല ലിബറൽ ഡെമോക്രാറ്റുകളാണ് നേട്ടമുണ്ടാക്കിയ മറ്റൊരു പാർട്ടി. അവർക്ക് 71 സീറ്റ് ലഭിച്ചു. ഇവിടെയും കൺസർവേറ്റീവ് പാർട്ടിക്കാണു നഷ്ടം സംഭവിച്ചത്. 2019 ൽ 372 സീറ്റുകൾ ലഭിച്ച കൺസർവേറ്റീവുകൾക്ക് ഇത്തവണ കിട്ടിയത് 121 സീറ്റ്; പകുതിയിലേറെ സീറ്റുകൾ നഷ്ടമായി. പാർട്ടിയുടെ 200 വർഷത്തെ ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനം.
ബ്രിട്ടനിൽ ചെറുകക്ഷികൾ ഇത്ര നേട്ടമുണ്ടാക്കിയ തിരഞ്ഞെടുപ്പും മുൻപില്ല. ഇതിൽ തീവ്രവലതുപക്ഷത്തിന്റെ ഉയർച്ചയാണ് ആശങ്കാജനകം. 2019 ലെ 2% വോട്ടിൽനിന്നാണു റിഫോം യുകെ പാർട്ടി ഇത്തവണ 14.3 % വോട്ടിലേക്ക് ഉയർന്നത്. പരമ്പരാഗതമായി ലേബറിനു മുൻതൂക്കമുണ്ടായിരുന്ന, ‘ചുവപ്പുകോട്ട’ എന്ന് അറിയപ്പെട്ടിരുന്ന വടക്കൻ ഇംഗ്ലണ്ട് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കൺസർവേറ്റീവ് പക്ഷത്തേക്കു തിരിഞ്ഞിരുന്നു. ബ്രെക്സിറ്റ് അനുകൂല തരംഗമായിരുന്നു കാരണം. 2019 ലെ നഷ്ടം ഈ തിരഞ്ഞെടുപ്പിൽ ലേബർ തിരിച്ചുപിടിച്ചത് ശ്രദ്ധേയം. ഒരു ദശകത്തിലേറെയായി സ്കോട്ടിഷ് രാഷ്ട്രീയത്തിൽ പ്രബലരായിരുന്ന സ്കോട്ടിഷ് നാഷനൽ പാർട്ടിയുടെ തകർച്ചയും ലേബറിനു തുണയായി. കഴിഞ്ഞ തവണ അവർ ജയിച്ച 30 ൽ ഏറെ സീറ്റും ഇത്തവണ ലേബർ പിടിച്ചു.
പലസ്തീൻ അനുകൂല നിലപാടുമായി ലേബർ ശക്തികേന്ദ്രങ്ങളിൽ മത്സരിച്ച സ്വതന്ത്ര സ്ഥാനാർഥികളിൽ മുൻ ലേബർ നേതാവ് ജെറമി കോർബിൻ (75) അടക്കം 5 പേർ ജയിച്ചതാണ് മറ്റൊരു ശ്രദ്ധേയമായ ഘടകം. ഇവിടെ ലേബർ സ്ഥാനാർഥികളാണു തോറ്റത്. ഗാസ യുദ്ധം ബ്രിട്ടിഷ് തിരഞ്ഞെടുപ്പിൽ സജീവ ചർച്ചാവിഷയമായിരുന്നു. പലസ്തീൻ വിഷയത്തിൽ വ്യക്തമായ നിലപാടു പ്രഖ്യാപിക്കാൻ ലേബർ പാർട്ടിക്കു കഴിഞ്ഞിരുന്നില്ല. യുദ്ധം നിർത്തണമെന്ന് പ്രഖ്യാപനം നടത്തിയെങ്കിലും ലേബർ നേതാവ് കിയേർ സ്റ്റാമെർ ഇസ്രയേൽ പക്ഷമാണു ശരിയെന്ന നിലപാടാണു സ്വീകരിച്ചത്.
ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റ കിയേർ സ്റ്റാമെർ 2015 ൽ ആദ്യം എംപിയായി പാർലമെന്റിലെത്തുമ്പോൾ അധികമാരും അറിയാത്ത ഒരു അഭിഭാഷകനായിരുന്നു. 2020ൽ ജെറമി കോർബിനിൽനിന്ന് പാർട്ടി നേതൃത്വം ഏറ്റെടുക്കുമ്പോഴും ജനപ്രീതിയുള്ള നേതാവായിരുന്നില്ല. ഇടതുപക്ഷക്കാരനായ കോർബിൻ സ്ഥാനമൊഴിഞ്ഞശേഷം ലേബർ പാർട്ടിയെ മാറിയ കാലത്തിന് അനുസരിച്ചു നവീകരിക്കാൻ സ്റ്റാമെറിനു കഴിഞ്ഞു.
തരംപോലെ നിലപാടു മാറ്റുന്നുവെന്നാണു സ്റ്റാമെറിന് എതിരായ മുഖ്യവിമർശനം. പത്തിന സോഷ്യലിസ്റ്റ് നയങ്ങളാണു പാർട്ടി നടപ്പാക്കാൻ പോകുന്നതെന്നു പറഞ്ഞാണു 2020 ൽ അദ്ദേഹം ലേബർ നേതാവാകുന്നത്. പണക്കാർക്ക് 5 % അധിക നികുതി, ആയുധവ്യാപാര നിയന്ത്രണം, റെയിൽവേ, തപാൽ, ഊർജ, ജലവിതരണ മേഖലകളുടെ ദേശസാൽക്കരണം, പുതിയ പരിസ്ഥിതി നയം, തൊഴിലാളി അവകാശങ്ങൾ ശക്തിപ്പെടുത്തൽ എന്നിങ്ങനെയായിരുന്നു ഈ വാഗ്ദാനങ്ങൾ. എന്നാൽ പിന്നീട് ഇതിലേറെയും അദ്ദേഹം ഉപേക്ഷിച്ചു. തിരഞ്ഞെടുപ്പു പ്രകടനപത്രികയിൽ റെയിൽവേ ദേശസാൽക്കരണം മാത്രമേ നിലനിർത്തിയുള്ളു. സാഹചര്യം വ്യത്യസ്തമായതിനാൽ പണക്കാർക്കു നികുതി കൂട്ടില്ലെന്നും നിലപാടെടുത്തു. പാർട്ടിയിലെ ഉറച്ച ഇടതുപക്ഷക്കാർ പലർക്കും ഇത്തവണ സീറ്റ് നൽകിയതുമില്ല.
2019 ൽ കൺസർവേറ്റീവുകൾ ‘ബ്രെക്സിറ്റ് നടപ്പിലാക്കാൻ വോട്ടു ചെയ്യൂ’ എന്നാണ് അഭ്യർഥിച്ചത്. നല്ല കാലം വരുന്നു എന്നു കരുതി പരമ്പരാഗത ലേബർ വോട്ടർമാരും വോട്ടു മാറ്റിച്ചെയ്തു. പക്ഷേ, ജീവിത നിലവാരം മെച്ചപ്പെട്ടില്ലെന്നു മാത്രമല്ല മോശമാകുകയും ചെയ്തു. കൺസർവേറ്റീവ് വിരുദ്ധ വോട്ടുകൾ മൂന്നു പ്രധാന കക്ഷികൾക്കായി വിഭജിക്കപ്പെട്ടു– ലേബർ, ലിബറൽ ഡെമോക്രാറ്റ്സ്, റിഫോം യുകെ പാർട്ടി. കാബിനറ്റ് മന്ത്രിമാർ അടക്കമാണു തോറ്റത്.
ബ്രിട്ടിഷ് ചരിത്രത്തിലെ ഏറ്റവും പോളിങ് ശതമാനം കുറഞ്ഞ (60%) തിരഞ്ഞെടുപ്പുകളിലൊന്നാണു കഴിഞ്ഞതെന്നും ഇതു വോട്ടർമാരുടെ വികാരമാണു പ്രതിഫലിപ്പിക്കുന്നതെന്നും ബിബിസി നിരീക്ഷിക്കുന്നു. ലേബർ പാർട്ടിക്കു കുറഞ്ഞ വോട്ട് വിഹിതം ഒരു മുന്നറിയിപ്പാണ്. വോട്ടർമാരുടെ വിശ്വാസം വീണ്ടെടുക്കാനുള്ള ഈ അവസരം എങ്ങനെ വിനിയോഗിക്കുന്നുവെന്നത് സുപ്രധാനമാണ്.