ഹോളിവുഡ് നടൻ അലക് ബാൾഡ്വിന് എതിരായ കൊലക്കേസ് തള്ളി
അലക് ബാൾഡ്വിന് എതിരായ കൊലക്കേസ് വെള്ളിയാഴ്ച ന്യൂ മെക്സിക്കോ കോടതി തള്ളി. അദ്ദേഹം നിർമാതാവ് കൂടിയായ ‘റസ്റ്റ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിനിടയിൽ ഫോട്ടോഗ്രാഫർ ഹലീന ഹച്ചിൻസ് അബദ്ധത്തിൽ വെടിയേറ്റ് മരിച്ച കേസിൽ നിർണായക തെളിവുകൾ പ്രതിഭാഗത്തിൽ നിന്നു പ്രോസിക്യൂഷൻ മറച്ചു വച്ചതിനെ കോടതി വിമർശിക്കയും ചെയ്തു.
എട്ടു കുട്ടികളുടെ പിതാവായ ബാൾഡ്വിൻ (66) സാന്ത ഫീ കോടതി മുറിയിൽ വിതുമ്പി. അദ്ദേഹത്തിന്റെ ഭാര്യ ഹിലാരിയ ബാൾഡ്വിനും കണ്ണീർ തൂകി.
ബാൾഡ്വിന് എതിരായ കുറ്റാരോപണങ്ങൾ വീണ്ടും കൊണ്ടുവരാൻ സാധ്യമല്ലെന്നു ജഡ്ജ് മേരി മാർലോ പറഞ്ഞു. കേസ് തള്ളുകയല്ലാതെ മറ്റൊരു പരിഹാരവുമില്ല.
വിചാരണ നടക്കുമ്പോൾ വൈകിയ വേളയിൽ തെളിവ് കൊണ്ടുവരുന്നത് നീതിക്കു നിരക്കാത്തതാണെന്നു ജഡ്ജ് പറഞ്ഞു. “ഈ തെളിവ് പ്രതിഭാഗത്തിനു നൽകാതിരുന്നത് പ്രോസിക്യൂഷന്റെ ഗുരുതരമായ കുറ്റമാണ്. അതു മറച്ചു വച്ചത് കരുതിക്കൂട്ടി ചെയ്തതാണ്.”
സിനിമയ്ക്കു ആയുധങ്ങൾ എത്തിച്ചു കൊടുത്ത ഹന്ന ഗുട്ടറസ്-റീഡ് വെള്ളിയാഴ്ച സാക്ഷി പറയേണ്ടതായിരുന്നു. അദ്ദേഹത്തിനു കോടതി നേരത്തെ 18 മാസത്തെ തടവ് ശിക്ഷ നൽകി. ഹച്ചിൻസിന്റെ മരണത്തിനു കാരണമായ വെടിയുണ്ട ഡ്യുപ്ലിക്കറ് ആണെന്നാണ് ബാൾഡ്വിനെ അദ്ദേഹം ധരിപ്പിച്ചിരുന്നത്.
യഥാർഥ വെടിയുണ്ട ഇപ്പോൾ കിട്ടിയെന്നാണ് പ്രോസിക്യൂഷൻ കൊണ്ടുവന്ന പുതിയ വാദം. അത് കോടതി പരിശോധിച്ചു. എന്നാൽ പ്രതിഭാഗത്തിനു നൽകിയില്ല എന്നതു നിയമവിരുദ്ധമാണെന്നു ജഡ്ജ് പറഞ്ഞു.
ഹച്ചിൻസിന്റെ ഭർത്താവ് മാത്യു ഹച്ചിൻസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാൾഡ്വിനെതിരെ മറ്റൊരു കേസ് നിലനിൽപ്പുണ്ട്. അത് ഒത്തുതീർപ്പാക്കാനുള്ള ശ്രമം വിജയിച്ചിട്ടില്ല. കേസുമായി മുന്നോട്ടു പോകുമെന്നു മാത്യു ഹച്ചിൻസ് പറഞ്ഞു.