തിളക്കത്തോടെ ഇന്ത്യാസഖ്യം: 2 സീറ്റിൽ ജയം, 9 ഇടങ്ങളില്‍ ലീഡ്
ഉപതിരഞ്ഞെടുപ്പ് നടന്ന 13 നിയമസഭാ മണ്ഡലങ്ങളിൽ ഇന്ത്യാസഖ്യത്തിനു മുന്നേറ്റം. രണ്ടിടങ്ങളിൽ ഇന്ത്യാ മുന്നണി ജയിച്ചു, 9 ഇടങ്ങളിൽ ലീഡ് തുടരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങിന്റെ ഭാര്യ കമലേഷ് താക്കൂർ ഡെഹ്റ മണ്ഡലത്തിൽ വിജയിച്ചു. പഞ്ചാബിലെ ജലന്ധറിൽ എഎപി സ്ഥാനാർഥിയും വിജയിച്ചു. രണ്ടിടത്ത് മാത്രമാണ് എൻഡിഎയ്ക്ക് ലീഡ്.
ബിഹാർ, ബംഗാൾ, തമിഴ്നാട്, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിലായിരുന്നു ഉപതിരഞ്ഞെടുപ്പ്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (ബംഗാള്‍), വിക്രവണ്ടി (തമിഴ്നാട്), അമര്‍വാര (മധ്യപ്രദേശ്), ഡെഹ്റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്), ബദരീനാഥ്, മംഗളൂര്‍ (ഉത്തരാഖണ്ഡ്), റുപൗലി (ബിഹാര്‍), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്) എന്നിവിടങ്ങളിലെ ഫലമാണു വരുന്നത്. 2021ലെ തിരഞ്ഞെടുപ്പിൽ ബംഗാളിലെ മണിക്തല സീറ്റില്‍ തൃണമൂൽ കോൺഗ്രസാണ് ജയിച്ചത്. റായ്ഗഞ്ച്, രണഘട്ട് ദക്ഷിൺ, ബാഗ്ദാ എന്നിവടങ്ങളില്‍ ബിജെപിയാണ് ജയിച്ചത്. ബിജെപി എംഎൽഎമാർ പിന്നീട് തൃണമൂലിലേക്ക് പോയി. പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റിലെ വിജയം എഎപിക്ക് നിർണായകമാണ്. എംഎൽഎമാരുടെ മരണത്തെയും രാജിയെയും തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.