ഇന്ത്യയെ പ്രമേഹരഹിതമക്കാന്‍ ഇളംപ്രായത്തിലേ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
ദക്ഷിണേന്ത്യ ടൈപ്പ് 2 പ്രമേഹത്തിന്റെ തലസ്ഥാനമാകുന്നു ആഗോള പ്രമേഹരോഗ കണ്വെന്ഷന് ഇന്ന് (ജൂലൈ 14) കോവളത്ത് സമാപനം
തിരുവനന്തപുരം: രാജ്യത്തെ ടൈപ്പ് 1 പ്രമേഹ ബാധിതരായ കുട്ടികള്‍ക്ക് ഇന്‍സുലിന്‍ പമ്പുകള്‍, ഗ്ലോക്കോസ് മോണിട്ടറിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ ജീവന്‍രക്ഷാ ഉപകരണങ്ങള്‍ സൗജന്യമായി ലഭ്യമാക്കാനാവശ്യമായ നയപ്രഖ്യാപനം ആവശ്യമാണെന്ന് ഇന്ത്യയ്ക്കകത്തും പുറത്തുനിന്നുമെത്തിയ ഡയബറ്റീസ് വിദഗ്ധരും ഗവേഷകരും ആവശ്യപ്പെട്ടു. പ്രമേഹവുമായി ബന്ധപ്പെട്ട ദീര്‍ഘകാല സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ യഥാസമയത്ത് സാമ്പത്തിക പിന്തുണ ലഭ്യമാക്കേണ്ടത് ഏറെ നിര്‍ണായകമാണെന്നും അവര്‍ ചൂണ്ടിക്കാണിച്ചു. രണ്ടു ദിവസമായി കോവളത്ത് നടന്നു വരുന്ന ആഗോള പ്രമേഹരോഗ കണ്‍വെന്‍ഷനില്‍ നടന്ന വിവിധ സെഷനുകളിലാണ് ഈ പൊതുആവശ്യം ഉയര്‍ന്നത്.
ഇന്ത്യയില്‍ 8.6 ലക്ഷത്തിലേറെപ്പേര്‍ ടൈപ്പ് 1 പ്രമേഹബാധിതരാണ്. ഇതേ കാരണത്താല്‍ത്തന്നെ വളരെ ചെറിയ പ്രായം മുതല്‍ സമഗ്രമായ ആരോഗ്യരക്ഷാ വിദ്യാഭ്യാസം നല്‍കേണ്ടത് ഏറെ പ്രധാനമാണ്.അഞ്ചാം ക്ലാസ് മുതല്‍ പ്രമേഹം പാഠ്യവിഷയമാക്കണം. ഒരു പ്രാവശ്യം മാത്രം നടത്തേണ്ടതല്ല പ്രമേഹ ബോധവല്‍ക്കരണമെന്നും അത് തുടര്‍ച്ചയായി നടത്തേണ്ടതുണ്ടെന്നും കണ്വെന്ഷന് ഓര്‍ഗനൈസിംഗ് സെക്രട്ടറി ഡോ. ജ്യോതിദേവ് കേശവദേവ് പറഞ്ഞു.വെള്ളിയാഴ്ച ആരംഭിച്ച കണ്‍വെന്‍ഷന്റെ ഔപചാരിക ഉദ്ഘാടനം എട്ടു രാജ്യങ്ങളില്‍ നിന്നായെത്തിയ 160ഓളം പ്രമേഹരോഗ വിദഗ്ധരുടെ സാന്നിധ്യത്തില്‍ ഇന്നലെ (ശനിയാഴ്ച) പൂയം തിരുനാള്‍ ഗൗരി പാര്‍വതിഭായി നിര്‍വഹിച്ചു. 1500ലേറെ ഡോക്ടര്‍മാരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നത്.
ലഹരി മരുന്നുകളോട് നോ പറയാന്‍ കുട്ടികളെ ഏഴാം വയസ്സു മുതല്‍ പഠിപ്പിക്കണമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ ഗൗരി പാര്‍വതിഭായി പറഞ്ഞു. ലഹരിമരുന്നിന്റെ ഭവിഷ്യത്തുകള്‍ അറിയാത്ത പ്രായത്തിലാണ് പലരും ഇതിന് അടിമയാകുന്നത്. ഇതു കണക്കിലെടുത്തുള്ള ബോധവല്‍ക്കരണം വേണം.ദക്ഷിണേന്ത്യ ടൈപ്പ് 2 പ്രമേഹത്തിന്റ തലസ്ഥാനംദക്ഷിണേന്ത്യയില് ടൈപ്പ് 2 പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചു വരുന്നതായി കണ്‍വെന്‍ഷനില്‍ ഉദ്ധരിക്കപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു. 20നും 30നും ഇടയ്ക്ക് പ്രായമുള്ളവര്ക്കിടിയിലാണ് ഇത് വര്‍ധിക്കുന്നതെന്ന് ദി ജേര്‍ണല്‍ ഓഫ് ഡയബറ്റീസില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ നിന്നുള്ള കണക്കുകള്‍ ഉദ്ധരിച്ച് ചെന്നൈയില്‍ നിന്നു വന്ന ഡോ. നന്ദ അരുണ്‍ പറഞ്ഞു.
2006ലെ 4.5%ല്‍ നിന്ന് 2016ല്‍ എത്തിയപ്പോള്‍ ടൈപ്പ് 2 രോഗികളുടെ എണ്ണം 7.5% ആയി. 40ന് മുകളിലുള്ളവരില്‍ ഇത് 28.4%ല്‍ നിന്ന് 34% ആയാണ് വര്‍ധിച്ചത്. രണ്ടാം ദിവസമായ ഇന്നലെ പന്ത്രണ് സെഷനുകളിലായി വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. ത്രിദിന ആഗോള ഡയബറ്റീസ് കണ്‍വെന്‍ഷനായ ജ്യോതിദേവ്സ് പ്രൊഫഷണല്‍ എഡ്യുക്കേഷന്‍ ഫോറം ഡയബറ്റീസ് അപ്ഡേറ്റ് 2024ന്റെ (ജെപിഇഎഫ്) ഈ പന്ത്രണ്ടാം പതിപ്പ് ഇന്ന് (ജൂലൈ 14) സമാപിക്കും.