റോബർട്ട് കെന്നഡി ജൂനിയറിനു സീക്രട്ട് സർവീസ് സുരക്ഷ അനുവദിച്ച് ബൈഡൻ
ഏറെക്കാലം നീണ്ട എതിർപ്പിനു ശേഷം പ്രസിഡന്റ് ജോ ബൈഡൻ സ്വതന്ത്ര പ്രസിഡന്റ് സ്ഥാനാർഥി റോബർട്ട് എഫ്. കെന്നഡി ജൂനിയറിനു സീക്രട്ട് സർവീസ് സുരക്ഷ അനുവദിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനു നേരെ വധശ്രമം ഉണ്ടായതിനെ തുടർന്നാണ് ബൈഡൻ നിലപാട് മാറ്റിയത്.
ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി അലെജാന്ദ്രോ മയോർക്കസ് ആണ് തിങ്കളാഴ്ച്ച നടപടി പ്രഖ്യാപിച്ചത്. വാരാന്ത്യത്തിൽ ട്രംപിനു നേരെ നടന്ന വധശ്രമം കണക്കിലെടുത്തു കെന്നഡിക്കു സുരക്ഷ ഏർപ്പാടു ചെയ്യാൻ പ്രസിഡന്റ് തന്നോട് നിർദേശിച്ചെന്നു അദ്ദേഹം വെളിപ്പെടുത്തി.
കെന്നഡിക്കു സീക്രട്ട് സർവീസ് സുരക്ഷ നൽകുന്നത് ഉചിതമായിരിക്കും എന്നു ട്രംപ് തന്നെ ഞായറാഴ്ച പറഞ്ഞിരുന്നു. “ഉടൻ തന്നെ വേണം. അത് ഒഴിച്ചുകൂടാൻ പാടില്ലാത്ത കാര്യമാണ്. കെന്നഡി കുടുംബത്തിന്റെ ചരിത്രം കൂടി കണക്കിലെടുക്കുമ്പോൾ, വ്യക്തമായും അത് ഏറ്റവും ഉചിതമാവും.”
പ്രസിഡന്റ് ജോൺ കെന്നഡിയും സഹോദരൻ റോബർട്ട് കെന്നഡിയും വധിക്കപ്പെട്ട കാര്യമാണ് ട്രംപ് അനുസ്‌മരിച്ചത്. പ്രസിഡന്റ് സ്ഥാനാർഥിയാവാൻ മത്സരിക്കുമ്പോൾ കൊല്ലപ്പെട്ട റോബർട്ട് കെന്നഡിയുടെ പുത്രനായ റോബർട്ട് എഫ്. കെന്നഡി മത്സരത്തിൽ പ്രവേശിച്ചപ്പോൾ തന്നെ സുരക്ഷ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബൈഡൻ അത് അംഗീകരിച്ചില്ല.
കെന്നഡി ജൂനിയർ ആക്രമിക്കപ്പെടാം എന്ന സാധ്യത കഴിഞ്ഞ സെപ്റ്റംബറിൽ ജുഡീഷ്യൽ വാച്ച് എന്ന ഗവൺമെന്റ് ഗ്രൂപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതും അവഗണിക്കപ്പെട്ടു.
സീക്രട്ട് സർവീസ് പ്രസിഡന്റ്-വൈസ് പ്രസിഡന്റ് സ്ഥാനാർഥികൾക്കു തിരഞ്ഞെടുപ്പിനു 120 ദിവസം മുൻപു മുതൽ സുരക്ഷ നൽകണം എന്നാണ് ചട്ടം.
കെന്നഡി ജൂനിയറിനു സുരക്ഷ നൽകണമെന്നു കൊളോറാഡോയുടെ ഡെമോക്രാറ്റിക് ഗവർണർ ജാറെഡ് പൊളിസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടു.